പാലാ: നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം പതിവായതോടെ ഓപ്പറേഷന് ഡ്രിങ്ക്സ് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് പോലീസ് രംഗത്ത്.
പാലാ സി.എ. കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ഡ്രിങ്ക്സ് സ്ക്വാഡ് കഴിഞ്ഞ ദിവസം 21 പേരെയാണ് പിടികൂടിയത്.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ കേന്ദ്രമായ ഇടമറ്റം ഉള്‍പ്പടെ പത്തോളം കേന്ദ്രങ്ങളില്‍ പോലീസ് തുടര്‍ച്ചയായി പട്രോളിങ് നടത്തി വരികയാണ്. ഇടമറ്റത്ത് കോട്ടേമാപ്പിലക റോഡിലും പാലാ നഗരത്തിലും മദ്യപാനികളും മയക്കുമരുന്ന് ഇടപാടുകാരും സാമൂഹ്യവിരുദ്ധരും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാലാ ഡിവൈഎസ് പി എ.ജെ. തോമസിന്റെ നിര്‍ദേശപ്രകാരം സി.ഐ. കെ. പി.ടോംസണിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ഡ്രിങ്ക്സ് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ 4 പേരും പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ടുപേരും സ്ക്വാഡിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പിടിയിലായി. പാലാ കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്നുള്ള ബാത്ത് റൂമില്‍ ഹാന്‍സ് വില്പന നടത്തിയ ആളും വലയിലായി. നഗരത്തില്‍ മദ്യപിച്ച് അടിപിടികൂടിയ ആറംഗ സംഘവും പിടിയിലായി. ഇതിലൊരാള്‍ കൂത്താട്ടുകുളത്തെ ബൈക്ക് മോഷണക്കേസില്‍ പ്രതിയാണ്. ഇയാളെ കൂത്താട്ടുകുളം പോലീസിന് കൈമാറി.
പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാം
മദ്യ-ലഹരി മാഫിയ സംഘം എന്ന് സംശയിക്കുന്നവരെയോ പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയോ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരം നല്‍കുന്നതിന് ഹെല്പ് ലൈന്‍ നമ്പരും ഓപ്പറേഷന് ഡ്രിങ്ക്സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാലാ പോലീസ്. ഇത്തരം സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 9497987080 എന്ന നമ്പറില്‍ വിവരം കൈമാറാം.
ഇടമറ്റത്ത് തുടര്‍ പരിശോധനകള്‍
മദ്യ-ലഹരി മാഫിയകള്‍ സജീവമായ ഇടമറ്റത്ത് പൊന്മല-കോട്ടേമാപ്പിലക റോഡ്, ഇടമറ്റം ജങ്ഷന്, മുകളേല്‍പീടിക, പൈക, വിളക്കുമാടം, ചെമ്പകശ്ശേരിപടി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി പോലീസ് പട്രോളിങ് നടത്തി. പൊന്മല-കോട്ടേമാപ്പിലക റോഡില്‍ ഉള്‍പ്പടെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഈ റോഡില്‍ രാത്രി ആയാല്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി മദ്യപാനവും ലഹരി കൈമാറ്റവും പതിവായിരുന്നു.
വീതി കുറവായ ഈ റോഡില്‍ ലഹരി സംഘം വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഇതുവഴി വരുന്ന മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല. റോഡില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്.
വൈകുന്നേരം ഈ വഴി ഒറ്റയ്ക്ക് ബസിറങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ബൈക്കില്‍ എത്തുന്ന ലഹരി സംഘം ശല്യം ചെയ്യുന്നതും പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: