Categories: KeralaMollywood

നടന്‍ മധുവിന്റെ നവതി ആഘോഷം 23 ന് നിശാഗന്ധിയില്‍

Actor Madhu's Navati celebration on 23rd Nishagandi

Published by

തിരുവനന്തപുരം: നടന്‍ മധുവിന്റെ നവതി ആഘോഷം സപ്തംബര്‍ 23ന് ‘മധുമൊഴി: ആഘോഷപൂര്‍വം ഇതിഹാസപര്‍വം’ എന്ന പേരില്‍ സംഘടിപ്പിക്കും. നടന്‍ മധുവിന് മലയാള ചലച്ചിത്ര ലോകത്തിന്റെ ആദരവ് അര്‍പ്പിക്കുന്ന നവതിയാഘോഷം തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

നിശാഗന്ധി ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.15ന് തുടങ്ങുന്ന പരിപാടിയില്‍ മധുവിന്റെ സിനിമകളിലെ ഗാനങ്ങള്‍ പ്രശസ്ത ഗായകര്‍ ആലപിക്കും. നാല്പതോളം സംഗീതപ്രതിഭകള്‍ അണിനിരക്കും. സംവിധായകര്‍, നിര്‍മാതാക്കള്‍, നടന്മാര്‍ തുടങ്ങി ചലച്ചിത്ര മേഖലയുടെ വിവിധ രംഗങ്ങളിലുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് ട്രിവാന്‍ഡ്രം ഫിലിം ഫ്രെട്ടേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

മധുമൊഴിയുടെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ ഇന്ദ്രന്‍സിനെ 22 ന് വൈകിട്ട് 6.45ന് ടാഗോര്‍ തിയേറ്ററില്‍ ആദരിക്കും.
തുടര്‍ന്ന് പുഷ്പന്‍ ദിവാകരന്‍ സംവിധാനം ചെയ്ത മധുവിന്റെ കലാസപര്യ വിവരിക്കുന്ന ‘അഭ്രപാളികളിലെ മധുരം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. സുരേഷ്‌ഗോപി
ചെയര്‍മാനും ജി. സുരേഷ്‌കുമാര്‍ മാനേജിംഗ് ട്രസ്റ്റിയുമായ ജില്ലയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ട്രിവാന്‍ഡ്രം ഫിലിം ഫ്രെട്ടേണിറ്റി. ഭാരവാഹികളായ ജി. സുരേഷ്‌കുമാര്‍, കല്ലിയൂര്‍ ശശി, എം. രഞ്ജിത്ത്, ചന്ദ്രസേനന്‍നായര്‍, കിരീടം ഉണ്ണി, ബി. രാകേഷ്, രവീന്ദ്രന്‍, ഷോയുടെ സംവിധായകന്‍ രാജീവ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക