സനാതന ധര്‍മത്തെയും ഹിന്ദു സംസ്കാരത്തെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണം തുടര്‍ച്ചയായി അരങ്ങേറുന്നു. ഭരണഘടനാപദവി വഹിക്കുന്നവര്‍ പോലും സ്വന്തം സ്ഥാനം മറന്ന് മനസിലെ വെറുപ്പും വിദ്വേഷവും പരസ്യമാക്കി. ഇപ്പോഴിതാ തമിഴ്നാട്ടില്‍ മുഖ്യന്ത്രിയുടെ കുടുംബത്തില്‍ നിന്നുതന്നെ പ്രസ്താവനയുണ്ടായിരിക്കുന്നു. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിലെന്ന ഡിഎംകെ അനന്തരാവകാശിയുടെ ആഗ്രഹം. അധാര്‍മികവും രാഷ്ട്രവിരുദ്ധമായ പ്രസ്താവനയാണിത്. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ ചൊല്ലിയുള്ള അസഹിഷ്ണുതയുടെയും വിദ്വേഷപ്രസ്താവനകളുടെയും തുടര്‍ച്ചയാണിത്.
ധര്‍മമെന്ന ഭാരതത്തിന്റെ സ്വയഭൂവായ പ്രകൃതി നിയമത്തെ ഉന്മൂലനം ചെയ്താല്‍ പകരം രാഷ്ട്രത്തെ നയിക്കുവാന്‍ പ്രാപ്തമായ മറ്റെന്തുണ്ടെന്നു കൂടി അദ്ദേഹം വ്യക്തമാക്കേണ്ടതായിരുന്നു. കാരണം വിവിധ നിയമ വ്യവസ്ഥകളുടെ ഭാഗമായിട്ടും സമാധാനവും സുരക്ഷയും ലഭിക്കുന്ന നിയമസംഹിതകള്‍ രൂപപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ഭരണഘടനയും ഏറ്റവും കൂടുതല്‍ സിവില്‍ -ക്രിമിനല്‍ നിയമങ്ങളുമുള്ള രാജ്യമായിട്ടുപോലും ഭാരത സമൂഹത്തില്‍ ഇന്നും നിരവധി പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. നിയമങ്ങള്‍ കൊണ്ടു മാത്രം രാഷ്ട്രത്തെ ചലിപ്പിക്കാന്‍ സാധിക്കില്ലയെന്ന് നിത്യേന അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. കാരണം നിയമം അധികാരത്തിന്റെ സൃഷ്ടിയാണ്. ശിക്ഷിക്കപ്പെടുമെന്ന ഭയപ്പാടിലാണ് അതനുസരിക്കുന്നത്. ഭരണജാതമായ നിയമം അധികാരത്തിന്റെ അഭാവത്തില്‍ ആരും അനുസരിക്കുന്നില്ല. അതുകൊണ്ട് മനുഷ്യന്റെ മനസ്സിന്റെയുള്ളില്‍ നിന്ന് തന്നെ സമാജത്തോടും സഹജീവികളോടും അനുഭാവപൂര്‍വമുള്ള ഒരു പെരുമാറ്റ മനോഭാവം ഉണ്ടാവണം. ധര്‍മം അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ആ തലത്തിലേക്ക് എത്തിച്ചേരുവാന്‍ ഒരു വ്യക്തിക്ക് സാധിക്കുകയുള്ളൂ. അഥവാ ധര്മത്തിന് മാത്രമേ നമ്മെ നേര്‍വഴിക്ക് നയിക്കാനാവൂ. വ്യക്തിപരമായി അനുഷ്ഠിക്കുന്ന, സാമൂഹികമായ നിയമ സംഹിതകളാണ് ധര്‍മം.
അര്‍ത്ഥവും കാമവും മോക്ഷത്തോടൊപ്പം ധര്‍മവും ചേരുമ്പോഴാണ് മനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളായ നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ണമാവുകയെന്നാണ് പുരാണങ്ങളും വേദങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ഹിന്ദുത്വ സൃഷ്ടിയായ ധര്‍മം ഭാരതത്തിന്റെ പ്രകൃതി നിയമവും ആത്മാവുമാണ്. ധര്മമെന്നാല് ജീവിത പദ്ധതിയാണ്. അതു നമ്മുടെ സംസ്കാരത്തിന്റെ സ്വത്വവും ആത്മ തത്വവും സഹജ സ്വഭാവവുമാണ്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പരിശുദ്ധി നിലനിര്‍ത്തുന്നതിനൊപ്പം ഈ പ്രപഞ്ചത്തിന്റെയും ആഗോള സമൂഹത്തിന്റെയും ക്രമത്തെ നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും അത് പ്രാധാന്യം നല്കുന്നു.
മനുഷ്യ നിര്‍മ്മിതമായ നിയമത്തിന് ആവശ്യമായതുപോലെ ധര്‍മം പ്രാവര്‍ത്തികമാക്കുവാന്‍ പുറമെ നിന്നുമുള്ള പ്രേരണ വേണ്ട. വികസിത ഹൃദയം, പ്രബുദ്ധ മനസ് ഇവ ധര്‍മത്തെ സ്വയം ചലിപ്പിക്കുന്നു. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം തന്നെയാണ് അതിന്റെ ഊര്‍ജം. അഹിംസയും സത്യവുമാണ് ധര്‍മത്തെ നയിക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍. ഹിംസാന്മകമായ പ്രവൃത്തികളെ അത് നിരുത്സാഹപ്പെടുത്തുന്നു. ഹിംസയെന്നാല്‍ കായികപരമായ ഉപദ്രവങ്ങള്‍ മാത്രമല്ല. വേദനിപ്പിക്കുന്നവാക്കുകള്‍, ആക്രമണം, അസഹിഷ്ണുത, അസൂയ, അത്യാഗ്രഹം, ദേഷ്യം, ഭയപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ഹിംസയായി കണക്കാക്കുന്നു. തന്നോട് തന്നെയും മറ്റുള്ളവരോടും ചിന്തയിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തുവാന്‍ ധര്‍മം ആവശ്യപ്പെടുന്നു. ‘സത്യംവദ ധര്‍മംചര’ അതായത്, നേരു പറയുക, ധര്‍മം ആചരിക്കുക എന്നാണ് അതിന്റെ ആപ്ത വാക്യം.
സാമൂഹികതയാണ് ധര്‍മത്തിന്റെ മറ്റൊരു അടിസ്ഥാനം. അത് വ്യക്തിപരമല്ല. മാതൃ ധര്‍മം, പിതൃ ധര്‍മം, പതി ധര്‍മം, പുത്ര ധര്‍മം, ഗുരു ധര്‍മം, ശിഷ്യ ധര്‍മം എന്നിങ്ങനെ ധര്‍മം പ്രവര്‍ത്തിക്കുന്നു. ഒന്നിനോട് ഒന്നു ചേരുമ്പോള്‍ മാത്രമേ ധര്‍മം പ്രസക്തമാവുന്നുള്ളൂ. ഉദാഹരണത്തിന് പിതാവും പുത്രനും ഉണ്ടെങ്കില്‍ മാത്രമേ പിതൃ-പുത്ര ധര്‍മം പൂര്‍ണമാവൂ. മനു തന്റെ മാനവധര്മശാസ്ത്രത്തില് സ്ഥൈര്യം, ക്ഷമ, ഒതുക്കം, ആസ്തേയം, ശുചിത്വം, ഇന്ദ്രീയനിയന്ത്രണം, ജ്ഞാനം, വിദ്യ, സത്യം, ആക്രോധം എന്നിങ്ങനെയുള്ള ധര്‍മത്തിന്റെ പത്ത് ലക്ഷണങ്ങളെ എടുത്തു പറയുന്നു. ഭാരതീയര്‍ കര്‍ത്തവ്യം, ദയ, ദാനം, അഹിംസ, സദാചാരം, സഹാനുഭൂതി, പരോപകാരം തുടങ്ങിയ ഗുണങ്ങളെ ധര്‍മമായി പരിഗണിച്ചു. വാസ്തവത്തില്‍ ഇവയെല്ലാം ധര്‍മമല്ല. ധര്‍മത്തെ ജീവിതത്തില്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഗുണങ്ങളാണ്.
വിവിധ മതങ്ങളിലുള്ളവരുടെ മാത്രം ക്ഷേമത്തിനും ഉന്നമനത്തിനും പ്രാധാന്യം കൊടുക്കുന്നതിനുപരിയായി സമാജ സേവനമാണ് ധര്‍മം ആവശ്യപ്പെടുന്നത്. മനുഷ്യനെ സേവിക്കുന്നതിന് പ്രാധാന്യം നല്കുന്നു. ധര്‍മം സഹജീവികളെ ഉള്‍പ്പടെ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാനും അതിലെ ഈശ്വര സാന്നിധ്യത്തെ തിരിച്ചറിയുവാനും ആവശ്യപ്പെടുന്നു. ധര്മമനുഷ്ഠിക്കുമ്പോഴാണ് മാതാപിതാക്കളെ ബഹുമാനിക്കുവാനും പരിചരിക്കുവാനും കുട്ടികളെ നേര്‍വഴിക്ക് നയിക്കുവാനും ഒരാള്‍ക്ക് കഴിയുന്നത്. ആരാണോ സര്‍വ ഭൂതങ്ങളുടെയും ബന്ധു, ആര്‍ക്കാണോ അവരുമായി ഏകാന്മ ബന്ധമുള്ളത് അവനാണ് ധര്മയുക്തന്. വാസ്തവത്തില്‍ വിശ്വ മാനവന്റെ ലക്ഷണമാണത്. ധര്‍മം ഓരോ വ്യക്തിയുടെയും കടമയെ, അല്ലെങ്കില്‍ കര്‍ത്തവ്യ ബോധത്തെ ഓര്‍മപ്പെടുത്തുന്നു. അത് ജീവിതത്തിന്റെ സമസ്ത മേഖലയുടെയും അടിസ്ഥാന പ്രമാണമാണ്. ശരിയായ പ്രവൃത്തിയിലേക്കുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ ഒരു പ്രവൃത്തി ശരിയോ തെറ്റോയെന്ന് ധര്‍മം മുന്‍കൂട്ടി നിര്‍വചിക്കുന്നില്ല. പ്രവൃത്തിയുടെ സാഹചര്യമാണ് അതിന്റെ തെറ്റും ശരിയും നിര്‍വചിക്കുന്നത്. ഒരു പ്രവൃത്തി സമൂഹത്തിന്റെ ഐക്യത്തെ നിലനിര്‍ത്തുന്നുവെങ്കില്‍ അത് ധാര്‍മികമാണ്. ഐക്യത്തെ തകര്‍ക്കുന്നുവെങ്കില്‍ അത് ആധാര്മികവും.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയെയും ധര്‍മം സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെടുക്കാം. രണ്ട് കുടുംബങ്ങളുടെ ധാര്‍മികമായ പുരോഗതിയാണ് വിവാഹത്തിന്റെ ലക്ഷ്യം. ഭര്‍ത്താവിനോപ്പം ധര്മാന്വേഷണത്തിലെ പങ്കാളിയായാണ് സ്ത്രീയെ ധര്‍മം വീക്ഷിക്കുന്നത്. അതിനാല്‍ വിവാഹിതയായ സ്ത്രീ ‘ധര്മപത്നി’ യെന്നും ‘യജ്ഞപത്നി’ യെന്നും അറിയപ്പെട്ടു. പുരുഷന് ധര്‍മ പതിയായിരുന്നു. സന്താനങ്ങള്‍ക്ക് ജന്മം നല്‍കുന്നത് മാത്രമായിരുന്നില്ല സ്ത്രീകളുടെ സാമൂഹിക പങ്ക്. പുരുഷന്റെ പ്രോത്സാഹനത്തിന്റെ ഉറവിടമായും പത്നിയെ കണ്ടിരുന്നു. സന്താനങ്ങളുടെ ഉത്പാദനം വൈദിക ധര്‍മം ശ്വാശതമാക്കുകയെന്ന ഉദ്ദേശ്യവും അവരുടെ വളര്‍ത്തല്‍ ധാര്‍മിക ജീവിതത്തിന്റെ ഭാവി തുടര്‍ച്ചയും കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു.
കമ്മ്യൂണിസ്റ്റുകാരെ പോലെ ധര്‍മവും മതവും ഒന്നാണെന്നു വിശ്വസിച്ചു പലരും വിമര്‍ശിക്കുന്നു. മതവും ധര്‍മവും വ്യത്യസ്തമാണ്. മതം മാറ്റി നിര്‍ത്തുന്ന ഒന്നാണ്. ക്രിസ്ത്യാനിയുടേതില് മുസ്ലിമിനോ ഹിന്ദുവിനോ തിരിച്ചോ സ്ഥാനമില്ല. മതങ്ങളില്‍ വേര്‍തിരിവുണ്ട്. ധര്മത്തില് അതില്ല. ധര്മത്തിലുള്ളത് കൂട്ടിച്ചേര്‍ക്കലാണ്. മതം വ്യക്തിക്ക് വേണ്ടിയാണ്, ഐച്ഛികമാണ്. എന്നാല്‍ ധര്മത്തില് ആര്‍ക്കും ഒഴിവില്ല. അത് സമൂഹത്തിനു വേണ്ടിയാണ്. ധര്‍മമെന്ന സങ്കല്പം ഭാരതത്തിന്റെതാണ്. അത് പാശ്ചാത്യ സെമറ്റിക് മതങ്ങളില്‍ നിന്നും വിഭിന്നമാണ്. ഭാരതീയ സങ്കല്പ്പമനുസരിച്ചു മനുഷ്യന്റെ അന്തിമ ലക്ഷ്യമായ മോക്ഷത്തിന്റെ അടിസ്ഥാനമാണ് ധര്‍മം. ധര്‍മമെന്ന പ്രഥമപുരുഷാര്ത്ഥത്തെ ജൈന, ബുദ്ധ, സിഖ്, വൈഷ്ണവ, ശൈവ, ശാക്തേയാദി സമ്പ്രദായങ്ങളെല്ലാം ജീവിതത്തിന്റെ അധിഷ്ഠാനമായി അംഗീകരിച്ചു. ‘ധര്‍മം ശരണം ഗച്ഛാമി’ ബുദ്ധന്റെ ത്രി ശരണങ്ങളിലൊന്നായി.
ധര്‍മം ശ്വാശതവും സ്ഥിരവുമാണ്. സനാതനമാണ്, ചലനാന്മകമാണ്. അമരവുമാണ്. അത് പ്രകൃതിയുടെ നിയമമാണ്. വേദ സംഹിതയില്‍ വേരൂന്നിയ അത് ഇഹലോകത്തെയും പരലോകത്തെയും സുഖത്തിന് ഹേതുവാണ്. ചുരുക്കത്തില്‍ ധര്‍മം സമഗ്ര സൃഷ്ടിയുടെ അധിഷ്ഠാനമാണ്. നാനാരൂപങ്ങളോടും നാനാ ഭാവങ്ങളോടുമുള്ള നരനാരീ സമൂഹം ആ അധിഷ്ഠാനത്തില്‍ സുഭദ്രമാണ്. ധര്‍മം വ്യക്തിപരവും സാമൂഹികമായി പാരസ്പരികവുമാണ്. ആരെയും ഒഴിച്ചു നിര്‍ത്താതെ എല്ലാവരെയും കൂട്ടി ചേര്‍ക്കുന്ന ഒന്നാണ്. അതെന്നും വൃദ്ധിയിലേക്ക് നയിക്കുന്നു. പരപ്രേരണയില്ലാതെ അത് സ്വയം പ്രേരണയോടെ നിലനില്ക്കുന്നു. സമ്പൂര്‍ണാര്‍ത്ഥത്തില്‍ സൃഷ്ടിയുടെ നിലനില്‍പ്പാണ് ധര്‍മം. സമസ്ത വിശ്വത്തിന് ഭാരതവര്‍ഷത്തിന്റെ അമൂല്യ സംഭാവനയാണത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഓരോ ഭാരതീയനും ജാതി, മത, പ്രാദേശിക ഭേദമന്യേ ജീവിതത്തില്‍ പകര്‍ത്തേണ്ട ഏക സിവില്‍ കോഡും ഈ ധര്‍മമാണ്. അത് ഉന്മൂലനം ചെയ്യുന്നത് സ്വജീവന്‍ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. ഉന്മൂലനമല്ല, പകരം ധര്‍മത്തെ വീണ്ടെടുക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.
(ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: