Categories: Kerala

സിപിഎം വേട്ടയാടിയപ്പോള്‍ മുകുന്ദേട്ടന്‍ സിഎംപിക്ക് താങ്ങും തണലുമായി: സി.പി.ജോണ്‍

Published by

തിരുവനന്തപുരം: എം വി രാഘവന്‍ സിപിഎം വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ താങ്ങും തണലുമായി നിന്നത് പി പി മുകുന്ദനായിരുന്നു വെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. പി.പി. മുകുന്ദന്‍ എന്ന രാഷ്‌ട്രീയ നേതാവ് എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്നും മുകുന്ദേട്ടനായിരുന്നുവെന്നും ജോണ്‍ അനുസ്മരിച്ചു.

‘സിഎംപിയെ സിപിഎം വേട്ടയാടിയ ആദ്യ കാലഘട്ടങ്ങളില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബിജെപിയുമായും മറ്റെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അക്കാലത്ത് ഞങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നു മുകുന്ദേട്ടന്‍. രാഷ്‌ട്രീയമായി എതിര്‍ ധ്രുവങ്ങളിലെ ആശയങ്ങളാണ് ഞങ്ങള്‍ പങ്കുവച്ചത്. എണ്‍പതുകളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ചുമതലക്കാരനായിരുന്ന കാലത്ത് സംഘര്‍ഷഭരിതമായ നിരവധി സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഒരു ഭാഗത്ത് മുകുന്ദേട്ടനുണ്ടായിരുന്നു.മറുഭാഗത്ത് പലപ്പോഴും പിന്നീട് സിഎംപിയുടെ സ്ഥാപകനായ എംവിആര്‍ ആണുണ്ടായിരുന്നത്.

പക്ഷേ മുകുന്ദേട്ടനെ പരിചയപ്പെടുന്നത് സിഎംപി രൂപീകരണത്തിന് ശേഷമാണ്. അടിയന്തിരാവസ്ഥയില്‍ ഒരുമിച്ച് ജയില്‍വാസമനുഭവിച്ച എന്റെ നിരവധി മുതിര്‍ന്ന സഹപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും പുതിയ ബന്ധം ഒരു ജ്യേഷ്ഠസഹോദരോടുള്ളതുപോലെ തന്നെയായി. അദ്ദേഹത്തിന്റെ ഗൃഹസന്ദര്‍ശനങ്ങള്‍ ഇന്നും എന്റെ കുടുംബത്തിന് മറക്കാന്‍ കഴിയില്ല. അദ്ദേഹം രോഗബാധിതനാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങിയത് ഓര്‍മ്മയില്‍ നില്‍ക്കുന്നു.നിരവധി നിര്‍ണ്ണായക രാഷ്ടീയ മുഹൂര്‍ത്തങ്ങളില്‍ മുകുന്ദേട്ടന്റെ കൈയ്യൊപ്പുണ്ടായിരുന്നു എന്നത് കേരള രാഷ്ടീയ ചരിത്രത്തിന്റെ ഭാഗമാണ്. അവസാനമായി നിംസ് ആശുപത്രിയിലെ അടച്ചിട്ട മുറിയുടെ ചില്ലുപാളിയിലൂടെ അദ്ദേഹം എനിക്കു നേരെ കൈ വീശിയപ്പോള്‍ അത് അവസാനത്തെ യാത്രാമൊഴിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.” സിപി ജോണ്‍ കുറിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by