ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വിശ്വകര്‍മയോജന. അസംഘടിത മേഖലയിലെ പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്ന, കരകൗശല മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സമഗ്ര ക്ഷേമത്തിന് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണിത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവര്ത്തിക്കുന്നവര്ക്കുവേണ്ടിയുള്ള ചരിത്രപരമായ തീരുമാനമാണ് ഈ പദ്ധതി. കേന്ദ്രമന്ത്രിസഭായോഗം പദ്ധതി അംഗീകരിക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ 13,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനത്തെ ഭാരതീയ മസ്ദൂര്‍ സംഘം പൂര്‍ണമായും പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഇതിനുവേണ്ടി നിരവധി നിവേദനങ്ങളും ചര്‍ച്ചകളും ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സുമായും ബിഎംഎസ് ചര്‍ച്ച നടത്തിയിരുന്നു.
18 തൊഴില്‍ മേഖലകളില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. ആശാരിമാര്, സ്വര്‍ണ പണിക്കാര്, കല്‍പ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്, ശില്‍പ്പിമാര്‍ (കരിങ്കല്ലില്‍ ചിത്രപണികള്‍ ചെയ്യുന്നവര്‍), ബോട്ട് പണിയുന്നവര്‍, തയ്യല്‍ക്കാര്‍, മീന്‍ വല നിര്‍മിക്കുന്നവര്‍, മണ്‍പാത്രം നിര്‍മിക്കുന്ന കുശവന്മാര്, ബാര്‍ബര്‍മാര്‍, അലക്കുകാര്‍, കൊട്ട, പായ, ചൂല്, കയര്‍ എന്നിവ ഉണ്ടാക്കുന്ന ജോലിക്കാര്‍, പരമ്പരാഗതമായി പാവകള്‍ ഉണ്ടാക്കുന്നവര്‍, മാല നിര്‍മിക്കുന്നവര്‍, തുകല്‍/പാദരക്ഷാ/ലാടന് ജോലിക്കാര്‍, ചെരുപ്പുകുത്തി, മരപ്പണിക്കാര്‍, പൂട്ട് നിര്‍മ്മിക്കുന്നവര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
ഈ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് യാതൊരുവിധ സുരക്ഷിതത്വവും അംഗീകാരവും ലഭിച്ചിരുന്നില്ല. അവഗണിക്കപ്പെട്ടിരുന്ന ഈ തൊഴില്‍ മേഖലയ്ക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവും അംഗീകാരവും നല്കുന്ന ഈ പദ്ധതി വലിയ പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്ത് പരമ്പരാഗത തൊഴില്‍മേഖലയില്‍ തൊഴിലെടുക്കുന്ന വിശ്വകര്‍മ്മജരുടെ ജനസംഖ്യ 21 കോടിയില്‍പ്പരം വരുമെന്നാണ് ഏകദേശ കണക്ക്. ഈ മേഖയില്‍ തൊഴിലാളികളുടെ വൈദഗ്ധ്യം, അനുഭവസമ്പത്ത്, പ്രായോഗിക പരിജ്ഞാനം എന്നിവ കൂട്ടിയിണക്കിക്കൊണ്ട് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക തുടങ്ങിയ ബൃഹത്തായ കര്‍മ പരിപാടികള്‍ ഈ പദ്ധതി നിര്‍ദ്ദേശിക്കുന്നു.
പിഎം. വിശ്വകര്‍മ്മയോജനയില്‍ രജിസ്ട്രേഷന്, കോമണ്‍ സര്‍വീസ് സെന്റര്‍ മുഖാന്തിരമാണ് ചെയ്യുന്നത്. ഈ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരുന്നത് ഈ മാസം 17 വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനത്തോടനുബന്ധിച്ചാണ്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം കൂടിയാണ്. രാജ്യവ്യാപകമായി വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വലിയ തൊഴിലാളി സംഗമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്നുണ്ട്. സെപ്തംബര്‍ 17 വിശ്വകര്‍മജയന്തി ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴിലാളി റാലികളും പൊതു സമ്മേളനങ്ങളിലും ഈ മേഖലയിലെ തൊഴിലാളികളെ ആദരിക്കുകയും പദ്ധതിയെക്കുറിച്ചുള്ള വിപുലമായ പ്രചരണവും നടത്തും.
ഈ പദ്ധതി സെപ്തംബര്‍ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ മിനിസ്ട്രി ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. പ്രസ്തുത മേഖലയില്‍ തൊഴിലെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. തൊഴിലാളി ആണെന്ന് തെളിയിക്കുന്ന രേഖ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി, കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആധാര്‍കാര്‍ഡ് എന്നിവ രേഖകളായി നല്‍കേണ്ടതാണ്. അതനുസരിച്ച് രജിസ്ട്രേഷന് ലഭിക്കുകയും സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ലഭ്യമാകും. തൊഴില്‍ പരിശീലനം ലഭി്കും. പരിശീലനദിനങ്ങളില്‍ 500 രൂപ വീതം സ്റ്റൈപ്പെന്റ് ലഭിക്കും. പണിയായുധങ്ങള്‍ വാങ്ങുന്നതിന് 15,000 രൂപയുടെ ടൂള്‍കിറ്റ് സഹായം ലഭ്യമാകും. ആദ്യഘട്ടമെന്ന നിലയില്‍ ഒരുലക്ഷം രൂപ 5 ശതമാനം പലിശയ്ക്ക് ലഭ്യമാകും. 2-ാം ഘട്ടത്തില്‍ 2 ലക്ഷം രൂപ ഇതേ തോതില്‍ ലഭിക്കും. ലോണ്‍ ലഭ്യമാകുന്നതിന് മറ്റ് സെക്യൂരിറ്റികള്‍ ഒന്നും തന്നെ ആവശ്യമില്ല. അതു മാത്രവുമല്ല തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്മെന്റ് നിശ്ചയിക്കുന്ന ഏജന്‍സി മുഖാന്തിരം സംഭരിച്ച് മാന്യമായ വിലനല്കാന് സംവിധാനം ഉണ്ടാകും. ഈ പദ്ധതിയുടെ ഗുണഭോക്താവാകുന്നതിന് വലിയ പ്രചാരണം നല്കി രജിസ്ട്രേഷന് നടപടികളും നടത്തേണ്ടതുണ്ട്. ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് അതൊരു രേഖയായി നല്‍കാവുന്നതാണ്. സെപ്തംബര്‍ 17 ന് ഈ പദ്ധതിയുടെ ഉദ്ഘാടനശേഷം വെബ്സൈറ്റിലും പോര്‍ട്ടലിലും പൂര്‍ണവിവരങ്ങള്‍ ലഭ്യമാകും. ഇതിനുവേണ്ടി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. https:/ pmvishwakarma.gov.in – pm viswakarma scheme..
ഈ പദ്ധതി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് സമഗ്ര വികസനത്തിന് കാരണമായിത്തീരും. ഗ്രാമീണ മേഖലയില്‍ പാരമ്പര്യമായി കുലത്തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാന്യമായ അംഗീകാരവും പ്രചോദനവുമാണ്. ഇത്തരമൊരു ചരിത്ര തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: