പാലാ: പാലാ നഗരസഭയുടെ മുന്‍ അധ്യക്ഷയും റിട്ട. കോളജ് അധ്യാപകയുമായ പ്രൊഫ. ഡോ. സെലിന് റോയിയുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റം ഇന്ന് വൈകിട്ട് 6.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ചെറുപ്പത്തില്‍ പഠിച്ച നൃത്തകലയയുടെ ചാരുത മങ്ങാതെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് രസതന്ത്ര അധ്യാപികയായിരുന്ന പ്രൊഫ.സെലിന് റോയി. ഭരതനാട്യക്കച്ചേരിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മിയ നിര്‍വഹിക്കും. ഡോ.രാജു ഡി.കൃഷ്ണപുരം അധ്യക്ഷനാകും. മുനിസിപ്പല്‍ മുന്‍ കമ്മീഷണറും സാംസ്കാരിക പ്രവര്‍ത്തകനുമായ രവി പാലാ സംസാരിക്കും.
അധ്യാപന രംഗത്തും രാഷ്ടീയ സാമൂഹ്യ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന പ്രൊഫ. സെലിന് റോയി ഔദ്യോഗിക തിരക്കുകളില്‍ നിന്ന് വിരമിച്ച ശേഷം വെറുതെയിരിക്കാനല്ല, ബാല്യത്തില്‍ ഒപ്പമുണ്ടായിരുന്ന നൃത്തകലയ്ക്കായി കാലില്‍ ചിലങ്ക അണിയാനാണ് തീരുമാനിച്ചത്. പാലായിലെ നൃത്ത-സംഗീത വിദ്യാലയമായ രാഗമാലികയില്‍ അഞ്ചു വര്‍ഷമായി പരിശീലനം നടത്തി വരികയായിരുന്നു 63 കാരിയായ ഡോ.സെലിന് റോയി.
നൃത്ത അധ്യാപിക പുഷ്പ രാജുവിന്റെ ശിഷണത്തിലായിരുന്നു പരിശീലനം. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ രസതന്ത്രം അദ്ധ്യാപികയായി 33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച് 2010 മുതല്‍ പത്തു വര്‍ഷം പാലാ നഗരസഭ 17-ാം വാര്‍ഡ് കൗണ്‍സിലറും 2018ല്‍ നഗരസഭയുടെ ചെയര്‍പേഴ്സണും ആയി. 2022 ല്‍ അണ്ണാമല സര്‍വ്വകാലശാലയില്‍ നിന്ന് നൃത്തത്തില്‍ ബിരുദാനന്തര ബിരുദം, മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് എന്നിവ നേടി. ഭര്‍ത്താവ് പരേതനായ റോയി മാത്യു തകടിയേല്‍ സ്റ്റേറ്റ് ബാങ്ക് ഓഫീസര്‍ ആയിരുന്നു. മക്കള്‍: ഡോ.ആന്‍ സെലിന് റോയി, മാത്യു റോയി, ചെറിയാന് റോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: