വൈവിധ്യമാര്‍ന്ന ആചാരനുഷ്ഠാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ആരാധനാ സമ്പ്രദായങ്ങള്‍. ഒരു കാലത്ത് കേരളത്തില്‍ സാര്‍വത്രികമായി സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായി ഈ കാവുകള്‍ വളരെ പവിത്രമായിക്കരുതി പൂര്‍വികര്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. ഔഷധഗുണമുള്ള ഒട്ടേറെ സസ്യങ്ങള്‍ ഈ കാവുകളില്‍ വളര്‍ന്നിരുന്നു. അങ്ങോളമിങ്ങോളമുള്ള കാവുകളില്‍ നാഗാരാധനയും സര്‍വസാധാരണമായിരുന്നു. കാവിനകത്ത് നാഗദേവതമാരെ സങ്കല്പിച്ച് ചിത്രകൂടക്കല്ല് സ്ഥാപിച്ച് പൂജിച്ചാരാധിക്കുന്ന പതിവും കാണാറുണ്ട് . കാവുകളോട് ചേര്‍ന്ന് ഒരു ജലാശയവും നിര്‍ബന്ധമായി നിലനിര്‍ത്തിയിരുന്നു. സര്‍പ്പങ്ങള്‍ക്ക് കേളിയാടുന്നതിനു വേണ്ടിയാണീ കുളങ്ങളെന്ന് പൂര്‍വികര്‍ പറയുമായിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് കാവുകള്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നവയാണ്. നിമ്‌നോന്നതമായ ഭൂമിയില്‍, മണ്ണൊലിച്ചു പോകാതെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ കാവുകള്‍ ഒരു പരിധിവരെ സഹായകമാകുന്നു. കാവുകളില്‍ കുടിപാര്‍ക്കുന്ന പന്നഗജാലങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. വായു ഭക്ഷകരെന്ന് വിളിക്കപ്പെടുന്ന നാഗങ്ങള്‍ അന്തരീക്ഷത്തിലെ വിഷാശം വലിച്ചെടുത്ത് വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അത്ഭുതജീവികളാണ്.
കേരളത്തിലെ നാഗാരാധനയുടെ ആരംഭത്തിന് പരശുരാമന്റെ കാലത്തോളം പഴക്കമുണ്ട്. ഭാര്‍ഗവരാമനുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങള്‍ ഇതിന് ഉപോല്‍ബലകമായി നില്‍ക്കുന്നു. തന്റെ പിതാവ് ജമദഗ്നിമഹര്‍ഷിയെ വധിച്ച രാജാ കാര്‍ത്തവീരാര്‍ജ്ജുനനേയും, മക്കളെയും കൊന്നൊടുക്കിയിട്ടും പകതീരാതെ പരശുരാമന്‍ ഇരുപത്തിയൊന്നു വട്ടം ഭൂമിയിലെ ക്ഷത്രിയ വംശത്തെ സംഹരിച്ചു തൃപ്തനായി.
നാഗാരാധനയും ഭാര്‍ഗവരാമനും
ക്ഷത്രിയവധം നടത്തിയതിനെ തുടര്‍ന്നുള്ള പാപം പരിഹരിക്കാന്‍, പരശുരാമന്‍ താന്‍ വെട്ടിപ്പിടിച്ച ഭൂമിയെല്ലാം കാശ്യപന് ദാനം നല്‍കി. അതിനുശേഷം ഭാരതത്തിന്റെ തെക്കേയറ്റത്തു വന്ന് സമുദ്രദേവനായ വരുണനോട് കുറച്ചു ഭൂമി നല്‍കണമെന്ന് അപേക്ഷിച്ചു. വരുണന്റെ നിര്‍ദേശപ്രകാരം രാമന്‍ ആഴിയിലേക്ക് തന്റെ ശൂര്‍പ്പം (മഴു)എറിഞ്ഞു. വെള്ളത്തില്‍ നിന്നും മുക്തമാക്കിയ ഭൂഭാഗത്തിന് ശൂര്‍പ്പാരകം എന്നാണ് പറഞ്ഞിരുന്നത്.
പില്‍ക്കാലത്ത് ഈ ഭാര്‍ഗ്ഗവക്ഷേത്രം കേരളമെന്നു പ്രസിദ്ധമായി. രാമന്‍ ഈ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം നല്‍കി തപസ്സു ചെയ്യുവാന്‍ മഹേന്ദ്രഗിരിയിലേക്കു വിടകൊണ്ടു. ശൂര്‍പ്പാരകത്തിലേക്കെത്തിയ ബ്രാഹ്മണര്‍ തങ്ങള്‍ക്കു ദാനമായി ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്നറിഞ്ഞു ഖേദിച്ചു. ലവണാംശം അധികരിച്ച മണ്ണില്‍ ജീവിതം സാദ്ധ്യമല്ലായെന്ന് ദ്വിജന്മാര്‍, പരശുരാമനെ അറിയിച്ചു. ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണുവാന്‍ തന്റെ ഗുരുവായ ശ്രീ പരമേശ്വരനെ, ഭാര്‍ഗ്ഗവരാമന്‍ തപസ്സു ചെയ്തു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം നാഗരാജാവിനേയും തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയപ്പോള്‍ സര്‍പ്പവിഷം ഭൂമിയില്‍ വിന്യസിച്ചു. ലവണാംശം നക്കിയെടുത്ത് ആവാസയോഗ്യമാക്കിത്തീര്‍ത്തു. അപ്പോള്‍ ധാരാളം ആളുകള്‍ ഈ ഭൂമിയില്‍ വസിക്കാനെത്തി. ഇവിടെ കുടികൊണ്ട് സകല ഐശ്വര്യങ്ങളും ജനങ്ങള്‍ക്കേകണമെന്ന പ്രാര്‍ത്ഥനയോടെ പരശുരാമന്‍ നാഗദൈവങ്ങളെ ആദ്യമായി ഈ മണ്ണില്‍ പ്രതിഷ്ഠിച്ചു. നാഗാരാധനയ്‌ക്കുള്ള പൂജാവിധികളും നിശ്ചയിച്ച് ഒരു ശ്രേഷ്ഠ ബ്രാഹ്മണനെ ആ കര്‍മ്മത്തിനായി ചുമതലപ്പെടുത്തി, വീണ്ടും തപസ്സിനായി പുറപ്പെട്ടു. അന്നു മുതല്‍ കേരളത്തില്‍ നാഗാരാധനയും നിലവില്‍ വന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അനന്തന്‍ വൈഷ്ണവചൈതന്യ നാഗവും വാസുകി ശൈവചൈതന്യ സര്‍പ്പവുമാണ്. കേരളത്തിലെ ചില പ്രധാനപ്പെട്ട സര്‍പ്പാരാധനയുള്ള ഇടങ്ങളില്‍ അഷ്ടനാഗങ്ങളേയും ആരാധിക്കുന്നു. കൊല്ലത്തിലൊരു ദിവസം നാഗദൈവങ്ങള്‍ക്ക് നൂറും പാലും നല്‍കുന്ന പതിവ് മിക്കവാറും എല്ലാ സര്‍പ്പക്കാവുകളിലും ആചരിക്കാറുണ്ട്. കന്നിമാസത്തിലെ ആയില്യം നാള്‍ നാഗാരാധനക്ക് ശ്രേഷ്ഠമായി കണക്കാക്കുന്നു. ഇതിന്റെ പിന്നിലുമുണ്ടൊരു ഐതിഹ്യം.
നാഗപഞ്ചമിയുടെ കഥ
അഭിമന്യു പുത്രനായ പരീക്ഷിത്തു മഹാരാജാവ് സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അദ്ദേഹത്തിന്റെ മകന്‍ ജനമേജയന്‍ സിംഹാസനാരൂഢനായി. തന്റെ പിതാവിനെ ദംശിച്ച തക്ഷകനാഗത്തോടുള്ള വൈരാഗ്യം നിമിത്തം പാമ്പുകളെ വകവരുത്തുവാന്‍ അദ്ദേഹമൊരു സര്‍പ്പസത്രം തുടങ്ങി. മുന്നിലൊരുക്കിയ അഗ്നികുണ്ഡത്തിലേക്ക് കര്‍മ്മികളായ ബ്രാഹ്മണര്‍ നാഗങ്ങളെ മന്ത്രം ചൊല്ലി ആവാഹിച്ചു. ധാരാളം പാമ്പുകള്‍ ഈ അഗ്നിയിലെരിഞ്ഞു ജീവന്‍ വെടിഞ്ഞു. തക്ഷകന് ദേവേന്ദ്രന്‍ അഭയം നല്‍കി രക്ഷിച്ചു. ഇതറിഞ്ഞ കര്‍മ്മികള്‍ രാജാവിന്റെ സമ്മതത്തോടെ രണ്ടു പേരെയും അഗ്നിയിലേക്ക് ആവാഹിച്ചു. ദുഃഖിതരായ ദേവന്മാര്‍ നാഗദേവതയായ മാനസാദേവിയെ (നാഗചാമുണ്ഡി) പ്രാര്‍ത്ഥിച്ചു.ദേവിയുടെ അനുഗ്രഹത്തോടെ സര്‍പ്പശ്രേഷ്ഠന്‍ വാസുകിയുടെ സോദരീ(ജെരല്‍ക്കാരു)പുത്രന്‍, ആസ്തികമഹര്‍ഷി ജനമേജയന്റെ അടുത്തു വന്ന് സര്‍പ്പസത്രം അവസാനിപ്പിച്ചു. ഇത് ഒരു ശ്രാവണ മാസത്തില്‍ ശുക്ലപക്ഷപഞ്ചമിതിഥിയിലായിരുന്നതിനാല്‍ ഈ ദിവസം നാഗപഞ്ചമി എന്നറിയപ്പെടുന്നു. ഈ ദിനവും നാഗപൂജകള്‍ക്ക് വിശേഷമായി കണക്കാക്കുന്നു. ഹോമകുണ്ഡത്തില്‍ പൊള്ളലേറ്റു കിടക്കുന്ന തന്റെ വംശജാതരെ കണ്ട് ആദിശേഷന് മനസ്സു കലങ്ങി, വിഷ്ണുവിനെ പ്രാര്‍ത്ഥിച്ചു. കരിക്കിന്‍ വെള്ളത്തില്‍ മഞ്ഞള്‍ കലക്കി കവുങ്ങിന്‍ പൂക്കുലകൊണ്ട്മുക്കിത്തളിച്ച് മൃതപ്രായരായ നാഗങ്ങളെ വിഷ്ണു സുഖപ്പെടുത്തി. ഇതൊരു ആയില്യം നാളില്‍ ആയിരുന്നതു കൊണ്ട് ഈ നാള്‍ നാഗങ്ങളുടെ നാളായി കണക്കാക്കി ആരാധിക്കുന്നു. ആയില്യം നക്ഷത്രത്തിന്റെ ദേവത സര്‍പ്പമാകുന്നു. അതിനാല്‍ ആയില്യത്തിന് സര്‍പ്പ പൂജ ചെയ്യുന്നത് സന്താന ഭാഗ്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വിവാഹതടസ്സം നീങ്ങുന്നതിനും, ത്വക്ക് രോഗശമനത്തിനുമെല്ലാം നല്ലതാകുന്നു.
കാവുകളില്‍ പലനാമങ്ങളില്‍ നാഗദേവതകളെ സങ്കല്പിച്ചാരാധിക്കുന്നുണ്ട്. മണിനാഗം, കരിനാഗം, നാഗയക്ഷി, നാഗരാജാവ് തുടങ്ങിയ സര്‍പ്പദേവതകളെ പല കുടുംബങ്ങളിലും പരമ്പരാഗതമായി പൂജിച്ചാരാധിച്ചു വരുന്നു. ചിലയിടങ്ങളില്‍ സര്‍പ്പപ്പുറ്റിനു പൂജകള്‍ സമര്‍പ്പിക്കുന്ന പതിവുമുണ്ട്.
ആരാധനയിലെ വൈവിധ്യങ്ങള്‍
നാഗപ്രീതിക്കായി ദിവസവും ഒരു തിരി കത്തിച്ച് കാവില്‍ വയ്‌ക്കുന്ന രീതിയും ചിലയിടങ്ങളില്‍ കാണുന്നുണ്ട്. മഞ്ഞള്‍, കവുങ്ങിന്‍ പൂക്കില, കരിക്ക്, പാല്‍ എന്നിവ പൊതുവായി എല്ലാകാവുകളിലും പൂജക്കുപയോഗിക്കാറുണ്ട്. വെച്ചു നിവേദ്യമുള്ള നാഗരു കാവുകളും കുറവല്ല. സര്‍പ്പബലിയും കളംപാട്ടും ചിലയിടങ്ങളില്‍ അനുഷ്ഠിക്കാറുണ്ട്. സര്‍പ്പപ്രീതിക്കായി നടത്തുന്ന പുള്ളുവന്‍ പാട്ട് പ്രധാനപ്പെട്ടൊരു വഴിപാടാണ്. പ്രതേകിച്ച്, കുട്ടികളുടെ കണ്ണേറ്, പ്രാക്ക്, നാഗശാപം തുടങ്ങിയ ദോഷങ്ങള്‍ നീങ്ങാന്‍, പുള്ളോനും പുള്ളോത്തിയും കൂടി നവോറ് പാടിയാല്‍ നല്ലതാണെന്നു വിശ്വസിക്കുന്നു. ഇതിനുള്ള അവകാശം അവര്‍ക്ക് ദൈവദത്തമായിലഭിച്ചതാണെന്നാണ് വിശ്വാസം. കുടവും വീണയും കൊണ്ട് പുള്ളോനും പുള്ളോത്തിയും കൂടി പാടിയാല്‍ നാഗ ദേവതകള്‍ പ്രസാധിച്ച് മഹാവ്യാധികള്‍ ശമിച്ചു, സുഖപ്പെടുമെന്ന് പറയപ്പെടുന്നു. കന്നി, മേടം, വൈശാഖം എന്നീ മാസങ്ങള്‍ സര്‍പ്പാരാധനക്ക് വിശേഷപ്പെട്ട കാലമാണ്. ദക്ഷിണായനത്തിലെ ആദ്യ പൂജ കന്നിമാസത്തിലെ ആയില്യം നാളിലാകുന്നു.
വളരെ ശുദ്ധവൃത്തിയോടെ കാത്തു സൂക്ഷിക്കേണ്ടയിടങ്ങളാണ് കാവുകള്‍. നാഗ ശാപത്താല്‍ കുടുംബങ്ങളില്‍ സന്തതിയറ്റുപോകുമെന്നാണ് പറയപ്പെടുന്നത്. നാഗങ്ങള്‍ പെട്ടന്ന് പ്രസാദിക്കുന്ന ദേവതകളല്ല. പാലുള്ള വൃക്ഷങ്ങളില്‍ സര്‍പ്പസാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാല്‍ അത്തരം വൃക്ഷങ്ങള്‍ പണ്ടുള്ളവര്‍ വെട്ടി നശിപ്പിക്കുമായിരുന്നില്ല.
കാവിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത പുതുതലമുറ, കാവുകള്‍ നശിപ്പിക്കുകയാണ്. പൂര്‍വികര്‍ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചിരുന്ന കാവുകളുമായി ബന്ധപ്പെട്ട് വിശ്വാസത്തോടൊപ്പം പ്രകൃതി സംരക്ഷണമെന്ന തത്ത്വംകൂടി ഉള്‍പ്പെട്ടിരുന്നു. ഇന്ന് കാവുകള്‍ വെട്ടി നാഗത്താന്മാരെ തറകെട്ടിയിരുത്തി ആരാധിക്കുകയാണ് ഭൂരിപക്ഷവും. കാവും കുളങ്ങളും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. എത്ര കടുത്ത വേനലിലും കിണറുകള്‍ വറ്റിപ്പോകാതെ നിലനിര്‍ത്താന്‍ കുളങ്ങള്‍ സഹായകമാകുന്നു. പരിസ്ഥിതി സംരക്ഷകര്‍ കാവുകള്‍ വളര്‍ത്തുവാന്‍ മുന്‍ കൈയെടുത്തു പ്രവര്‍ത്തിക്കേണ്ടതാണ്. വരും തലമുറക്ക് കാവുകളുടെ ആവശ്യം ബോദ്ധ്യപ്പെടുത്തി അവരെയും മഹത്തായ ഈ യജ്ഞത്തില്‍ പങ്കാളികളാക്കേണ്ടതാകുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്ക് ആരോഗ്യവും, മനസ്സമാധാനവും, ശാന്തിയും അനായാസേന പ്രാപ്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: