ചങ്ങനാശ്ശേരി: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം പടയണി ഇന്ന് നടക്കും. ആഗസ്ത് 30ന് ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണിക്കാലത്തിന് വല്യന്നത്തിന്റ എഴുന്നള്ളത്തോടു കൂടി ഒരു ഗ്രാമത്തിന്റെ സമര്‍പ്പണം പൂര്‍ത്തിയാകും.
ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ നീലംപേരൂര്‍ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തും. ഇന്നലെ ഉച്ചക്ക് ഒന്നിന് ചിറമ്പ് കുത്ത് ആരംഭിച്ചു. പൂരം പടയണിയുടെ ഒരുക്കങ്ങള്‍ ഇതോടു കൂടിയാണ് തുടങ്ങിയത്.
വലിയന്നങ്ങളും, വലിയ കോലങ്ങളും ഉണ്ടാക്കുന്നതിനാവശ്യമായ 6 മുതല്‍ 8 അടിയോളം നീളം വരുന്ന വാഴപ്പോളയുടെ ചിറമ്പില്‍ ചെത്തിപ്പൂ വരി വരിയായി കുത്തി ഉണ്ടാക്കുന്നതാണ് ചിറമ്പ് കുത്ത്.
പൂരം പടയണി ദിവസം ഇവ വലിയ അന്നങ്ങളിലും, കോലങ്ങളിലും കുത്തി പിടിപ്പിക്കും. ഇന്നലെ രാത്രി 11ന് കുടം പൂജ കളി, തോത്താ കളി, വേലകളി തുടര്‍ന്ന് വേലയന്നങ്ങളുടെയും, അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത് നടന്നു. വേലകളിയാണ് മകം പടയണിയുടെ മുഖ്യ ആകര്‍ഷണം. ഈര്‍ക്കില്‍ നീക്കിയെടുക്കുന്ന തേങ്ങോലയില്‍ കൂവയിലകൊണ്ട് മനുഷ്യാകൃതിയില്‍ വേല പിള്ളേരെ കെട്ടിയുണ്ടാക്കുന്നു.
വേല അന്നത്തിന്റ അകമ്പടിയോടു കൂടി നല്ല താളത്തില്‍ ആറു കുട്ടികള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ കെട്ടിയുണ്ടാക്കിയ തേങ്ങോല കൈയില്‍ പിടിച്ചു നിലത്തോടു ചേര്‍ത്തു വെച്ച് കുനിഞ്ഞു നിന്ന് മുന്പോട്ടും, പിന്നോട്ടും ചാടി തുള്ളുകയും പടയണി ആചാര്യന് ചെണ്ടമേളത്തോടു കൂടി താളത്തിന് വേല കളിപ്പാട്ട് പാടി കൊടുക്കുകയും, എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്യുന്നു.
വേലകളിക്ക് ശേഷം അടിയന്തിരക്കോലമായ അമ്പലക്കോട്ടയേയും എഴുന്നള്ളിക്കും. ഇന്ന് പൂരം പടയണി ദിവസം ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാവിലെ ആറിന് പടയണിക്കളത്തില്‍ നിറപണികള്‍ നടന്നു.
ഉച്ചക്ക് 12ന് ഉച്ച പൂജ, കൊട്ടിപ്പാടി സേവ, ഉച്ചക്ക് ശേഷം മഹാ പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന എന്നിവയും നടന്നു. എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാ മുറിയ്ക്കല്‍, രാത്രി 10ന് കുടം പൂജ കളി, 10.30ന് സര്‍വ്വ പ്രായശ്ചിത്തം, തുടര്‍ന്ന് അനുജഞ വാങ്ങല്‍, തോത്താകളി, 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: