Categories: KeralaNews

നിപ വൈറസ് പരിശോധന; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത

Nipah virus testing; Difference of opinion between Chief Minister and Health Minister

Published by

തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ സംബന്ധിച്ചുള്ള ചോദ്യോത്തരത്തിലും തുടര്‍ന്നുള്ള സബ്മിഷനിലുമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നത്.
കേരളത്തില്‍ നിപ പരിശോധനക്ക് തോന്നയ്‌ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും സംവിധാനം ഉണ്ടെന്ന് ചോദ്യോത്തരത്തിനിടെ ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിപ സംശയം തോന്നിയതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവെന്ന് കണ്ടെത്തി. പക്ഷെ, ഐസിഎംആര്‍ മാനദണ്ഡപ്രകാരം നിപയാണെന്ന് ആത്യന്തികമായി സ്ഥിരീകരിക്കേണ്ടത് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ്. അതാണ് നടപടിക്രമങ്ങളെന്നും പൂനയിലേക്ക് സാംപിളുകള്‍ അയച്ചത് സാങ്കേതിക നടപടി എന്നുമായിരുന്നു വീണാ ജോര്‍ജ്ജിന്റെ വിശദീകരണം.

എന്നാല്‍ മുഖ്യമന്ത്രി ആരോഗ്യമന്ത്രിയുടെ വിശദീകരണം തള്ളി. സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സജ്ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത് പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതോടെ ആരോഗ്യമന്ത്രിയുടേയും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നു. നിപ സംബന്ധിച്ച് ഇരുവരും തമ്മില്‍ ആശയ വിനിമയംപോലും നടത്തിയിട്ടില്ലെന്ന് വ്യക്തമായി.

അതേസമയം 2018 ലെ അത്രയും ഗുരുതരമായി ഭയക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരു പ്രോട്ടോകോളും എസ്ഒപിയും മറ്റ് സംവിധാനങ്ങളും ഉണ്ട്. അതിനാല്‍ തന്നെ അധികം ഭയപ്പെടേണ്ടതില്ലെന്നും ശൈലജ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക