നാം അറിയുന്ന ഓരോ അണുവിലും വിശ്വരഹസ്യ ചൈതന്യത്തിന്റെ പരിപൂര്‍ണ്ണത ഒളിഞ്ഞും തെളിഞ്ഞും അവസ്ഥാനുസരണം നിലകൊള്ളുന്നു. അവയെ മറ്റൊന്നുമായി ലയിപ്പിച്ച് അതിശക്തമാക്കിയതാണ് ഈ പ്രപഞ്ചം. പുരാതന ഋഷിമാര്‍ ഈ തത്വത്തെ നേരിട്ടറിഞ്ഞവരും അവ എപ്രകാരം സംയോജിപ്പിക്കാമെന്ന് തിരിച്ചറിഞ്ഞവരുമായിരുന്നു. അങ്ങനെ സ്വായത്തമാക്കിയ രഹസ്യങ്ങള്‍ അവര്‍ യോഗ്യരായ ശിഷ്യഗണങ്ങളിലൂടെ വരുംതലമുറയ്ക്ക് പകര്‍ന്നു കൊണ്ടേയിരുന്നു. അറിവില്‍ ഗുരുക്കന്മാരോളം ഉന്നതി നേടിയ ശിഷ്യഗണങ്ങള്‍ കാലാനുസൃതമായി അവയെല്ലാം രേഖകളാക്കി സൂക്ഷിച്ചു. അവയാണ് വേദപുരാണോപനിഷത്തുകള്‍.
എന്നാല്‍ ഗുരുക്കന്മാരുടെ അഭാവത്താല്‍ ഹൃദിസ്ഥമാക്കാനാകാതെ പോയ, ബൃഹത്തായ ആശയങ്ങളെ സുന്ദരമായ കഥകളില്‍ മൂടിവെച്ച് അവതരിപ്പിച്ചവയുമുണ്ട്. അവ കഥയുടെ ആകാരഭംഗിയാല്‍ പുറത്തെടുക്കാന്‍ കഴിയാത്തവിധം മൂടപ്പെട്ടു. കഥയിലാവാഹിച്ചത് കെട്ടുകഥയായി, അറിവില്ലായ്മ കൊട്ടിഘോഷിച്ചു. പുരാണവും വേദങ്ങളും ഉപനിഷത്തുക്കളും രചിച്ച മഹാമുനിമാരുടെ ഭാഷ്യം ആ തലമെത്തിയവര്ക്കല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നു മനസിലാക്കിയ ഋഷീശ്വരന്മാര് വീണ്ടും അവയെ കഥോപകഥകളായ ഇതിഹാസമാക്കി അവതരിപ്പിച്ചു. അപ്പോഴുമവര്‍ അനര്‍ഹരുടെ കൈകളിലെത്താത്തവിധം അവയെല്ലാം സൂക്ഷിച്ചു. നിഗൂഢ രഹസ്യങ്ങള്‍ ഗുരുമുഖത്തുകൂടിയല്ലാതെ ഹൃദിസ്ഥമാക്കാനാകാത്ത വിധം മൂടിവെച്ചു. ഓരോകഥയിലും പലപല രഹസ്യ അറിവുകള്‍ അന്തര്‍ലീനമാക്കി അവതരിപ്പിച്ചു. അണുസംയോജനം, വിഘടനം, വിനാശകരമായ ആയുധം, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്ന അറിവുകള്‍ ഇവയെല്ലാം അജ്ഞാനികളിലെത്തിയാലുള്ള ഭവിഷ്യത്തുകള്‍ മനസിലാക്കിയാണ് രചിച്ചത്. ഇത്തരത്തില്‍ കഥകളില്‍ മൂടിവെച്ച പ്രപഞ്ച രഹസ്യമറിയാന്‍ പുതുതലമുറ കുറുക്കുവഴിതേടിയപ്പോള് പാലിലെ വെണ്ണയെയറിയാതെ പാലിന്റെ തൂവെണ്മ കണ്ടാനന്ദിച്ചതുപോലെയായി.
മഹാസൃഷ്ടികള്‍ക്കു പിറകിലെ ആത്മാര്‍പ്പണങ്ങള്‍
ഇതിഹാസങ്ങളിലൂടെ അവതരിപ്പിച്ച പ്രപഞ്ച രഹസ്യങ്ങള്‍ കഥകളായത് ചില രാജകുടുംബങ്ങളെ ആധാരമാക്കിയായിരുന്നു. കഥോപകഥകളാല് ചായംതേച്ച് അവതരിപ്പിച്ചവയായിരുന്നു ആ മഹാസൃഷ്ടികള്‍. എപ്രകാരമെന്നാല്‍ ഭൂമിയില്‍നിന്നും ശൂന്യാകാശത്തെത്തി ഭൂമിയെ വീക്ഷിക്കുമ്പോള്‍ കിട്ടുന്ന അഭൗമമായൊരനുഭൂതിപോലെ ഭൂമിയെ തൊട്ടറിയാനാവാത്ത വിധമായിരുന്നു നമ്മുടെ കൈകളിലെത്തിച്ച ഈ വിവരണം. ഇതേ യോഗീശ്വരന്മാര് ഗുരുശിഷ്യ ബന്ധങ്ങളിലൂടെ മുന്നേറാന്‍ മാതൃകകാട്ടിയപ്പോഴും പുതുതലമുറ മറ്റു പാതകള്‍ തേടി യാത്ര തുടര്‍ന്നു. ഓരോ പുതുമയും കണ്ടെത്തി, അവ പഴമയുടെ ചെറു കണ്ണികള്‍ മാത്രമാണെന്ന തിരിച്ചറിവുവരുമ്പോഴേക്കും അവരുടെ ഊഴം അവസാനിക്കാറായിരിക്കും. ഇപ്രകാരം തുടര്‍ച്ചയില്ലാത്ത പലായനം അറിവിന്റെ അധഃപതനമായി. എന്നാല്‍ എല്ലാ പൂര്‍ണ സൃഷ്ടികളിലെയും ഈ രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍മ്മനിരതരാകാനുള്ള വൈഭവം അവര്‍ക്ക് ഉണ്ടെന്നിരിക്കെ അവയെ തള്ളിക്കളഞ്ഞുള്ള പ്രയാണത്തില്‍ പിന്തുടര്ച്ച നഷ്ടമായിതുടങ്ങി.
ആധുനികശാസ്ത്രം അളവും തൂക്കവും കൃത്യതവരുത്തി മാത്രം മുന്നോട്ടു നീങ്ങുമ്പോള്‍ പുരാതന ശാസ്ത്രനിര്മ്മിതികളുടെ അവശേഷിപ്പിന്റെ അളവോ തൂക്കമോ കൃത്യതവരുത്തി മനസിലാക്കാന്‍ കഴിയാതെ അന്ധാളിക്കുന്ന അവസ്ഥയാണ്. അന്ന് ഒരുശില്പിയുടെ ജ്ഞാനവും ഭരണാധികാരിയുടെ അതിഗംഭീര ഭാവനയും സമ്മേളിച്ചാണ് ഒരു മഹാസൃഷ്ടി പൂര്‍ത്തിയാക്കിയത്. അത് ഭരണാധികാരിക്കോ ശില്പിക്കോ എന്തെങ്കിലും നേടാനായിരുന്നില്ല. പ്രജകളെ കബളിപ്പിച്ച് ബന്ധുമിത്രാദികള്‍ക്കു സമ്പത്തു നല്കാനുമായിരുന്നില്ല. ഉത്തമനായ ഭരണാധികാരിയുടെ ഉള്ളിലെ ബൃഹത്തായ ആശയം സധൈര്യം ഏറ്റെടുത്ത് വള്ളിപുള്ളിതെറ്റാതെ പൂര്‍ണ്ണതയില്‍ എത്തിച്ച ശില്പിയുടെ ധൈര്യമോര്ക്കുക! അണുവിടപിഴച്ചാല് കബന്ധമായിമാറുന്ന ശിക്ഷയാകും ലഭിക്കുക. ഇതത്രേ കര്‍മ്മം. രാജാവിന്റെ ഉള്ളിലെ ആശയത്തെ ശില്പിയുടെ മനസ്സിലേക്കും, ശില്പിയിലൂടെ ശിഷ്യരിലേക്കും പകര്‍ന്നു കൊണ്ടുള്ള അലിഖിതമായൊരു ആശയവിനിമയം! ഒന്നും രേഖപ്പെടുത്തി ഹൃദിസ്ഥമാക്കിയവയല്ല. ഇത് ശിഷ്യ പരമ്പരയിലൂടെ തുടരുന്നവയത്രേ. ഇതിനെ മാതൃകയാക്കി അവര്‍ മറ്റൊന്നിന് രൂപം നല്‍കില്ല. എന്നാലവര്‍ ഉപയോഗിച്ച തത്വങ്ങളും തന്ത്രങ്ങളുമെല്ലാം ശിഷ്യരിലൂടെ കൈമാറിയിരുന്നു. ആ തത്വങ്ങളുടെ ശേഖരമത്രേ പില്കാലത്ത് നമുക്കുകിട്ടിയിട്ടുള്ള പുരാണേതിഹാസ ഉപനിഷത്തുക്കളും അളവറ്റ ഗ്രന്ഥശേഖരങ്ങളും. ചിലരാകട്ടെ ഈ ഗ്രന്ഥങ്ങള്‍ കടത്തി രഹസ്യമായി സൂക്ഷിച്ചു പഠിച്ച് ഇതുതങ്ങളുടേതാണന്നു വരുത്തുന്നു. ഇവയുടെ പുറംചട്ടപോലും കാണാതെ വിമര്‍ശിക്കുന്ന ഒന്നുമറിയാത്തൊരുകൂട്ടര് വേറെയും. ആരോ പറയുന്നതുകേട്ട് ഇതെല്ലാം കെട്ടുകഥയെന്ന് അവര്‍ വിശേഷിപ്പിക്കുന്നു. പ്രപഞ്ചത്തിനാധാരമായ ഒരോ സൃഷ്ടിയും സ്വയം പ്രാപ്തമാകും വിധമാണ് സൃഷ്ടിച്ചിട്ടുള്ളത്.
കഥയറിയാതെ ആട്ടം കാണുന്നവര്‍
ഇനി ഇതിഹാസങ്ങളിലേക്കു വരാം. അതിപുരാതന അറിവുകളെ കഥാരൂപേണ സംഗ്രഹിച്ചവയാണ് ഇതിഹാസങ്ങളും. ഋഷിയെ സംബന്ധിച്ചിടത്തോളം വേദപുരാണോപനിഷത്തുക്കള്‍ ഹൃദിസ്ഥമെന്നിരിക്കെ ഇവയെ അത്യാകര്‍ഷകമായ കഥയായി അവതരിപ്പിക്കുവാനുള്ള ഉദ്യമം (ഇതിഹാസമാക്കിയത്) തികച്ചും നിസ്വാര്‍ത്ഥമായിരുന്നു. പരപ്രേരണകൂടാതുള്ള സൃഷ്ടി. അര്ഹനേയും അനര്ഹനേയും അറിവിന്റെ അടിസ്ഥാനത്തില്‍ മാറ്റപ്പെടുന്ന രീതി. പണ്ഡിതനേയും പാമരനേയും ഒരുപോലെ ത്രസിപ്പിക്കുന്ന കലാസൃഷ്ടിയും, ലോകവിനാശകാരികളായ വിദ്യകളും ആയുധങ്ങളും അവയുടെ ഉപയോഗവും സമ്പാദനരീതിയും വളരെ ലാഘവത്തോടെ അവതരിപ്പിക്കുകയും അതേസമയം തന്ത്രപൂര്‍വ്വം മൂടിവെച്ചരീതിയിലുമുള്ള കഥാസന്ദര്‍ഭങ്ങള്‍. അര്‍ഹനായ ആവശ്യക്കാരന് ഏതാണോ ആ വഴിക്ക് കഠിനാധ്വാനത്താല്‍ സ്വായത്തമാക്കാവുന്ന രീതിയില്‍ വിവരിച്ചിരുന്നു. അവ ഓരോ കാണ്ഡവുമെടുത്തു പരിശോധിച്ചാല്‍ അക്കാര്യം പണ്ഡിതര്‍ക്ക് മനസിലാവും. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചവ ചെറുതൊന്നുമല്ല. യുദ്ധപരിസമാപ്തിയില്‍ ജയപരാജയങ്ങളെ ചൂണ്ടികാണിക്കുന്നതിലുപരി അങ്ങനെ ഒരു യുദ്ധകാണ്ഡവും, അതിനുള്ളിലെ വിശദീകരണവും പ്രപഞ്ചതന്ത്രങ്ങളും പരിചയപ്പെടുത്തുകയാണ്. അവ പഠിച്ച് അതിലും വിപുലമായ തന്ത്രം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തെ മനസിലാക്കാതെ വിമര്‍ശിക്കുകയാണ് ആധുനിക തലമുറ.
അവിടെ ഉപയോഗിച്ച ആയുധങ്ങള്‍, അസ്ത്രങ്ങളുടെ ഉപയോഗരീതികള്‍, വ്യൂഹങ്ങള്‍, യുദ്ധതന്ത്രങ്ങള്‍ ഓരോന്നും അണുവിടതെറ്റാതെ വിമര്‍ശിക്കുമ്പോഴും വായനക്കാരന് ആരായിരുന്നാലും അവനവന്റെ വൈഭവമനുസരിച്ച് ഓരോതരത്തില്‍ മനസിലാക്കും. ഇത്തരത്തില്‍ ഓരോകഥയും തന്ത്രപൂര്‍വ്വം മെനഞ്ഞു ചിട്ടപ്പെടുത്തിയ മുനിയുടെ വൈഭവത്തെയാണ് നാം പൂജിക്കേണ്ടത്. ഒരുരാജ്യത്തെ ഭരണാധികാരിമുതല് ഭിക്ഷുവരെ പാലിക്കേണ്ട ചിട്ടകള്‍ ഒന്നും വിട്ടുപോകാതെ, കാലാതീതമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലം കാത്തുപോരുന്ന സന്തുലിതാവസ്ഥ
സൃഷ്ടിയിലെ തേജസ് എല്ലാത്തിലും സമാനമെന്നിരിക്കെ ഓരോ ഇടപെടലും കര്‍മ്മത്തിനു മാറ്റുകൂട്ടുന്നു. എന്നാല്‍ നാമതില്‍ വകതിരിവില്ലാതെ സര്‍വസാധാരണമാക്കുന്നതില്‍ ഉച്ചനീചത്വം കാട്ടുന്നു. അതിനാല്‍ അവയുടെ കൂമ്പുമുരടിച്ച് ഇല്ലാതെയാകുന്നു. അവസാനം അവയുടെ ലഭ്യത അത്യന്താപേഷികമാകുമ്പോഴേക്കും എല്ലാം നാമാവശേഷമായിക്കും. അത് എന്തുതന്നെയായാലും കാലം സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ പുതുസൃഷ്ടിയും സംവിധാനവും ഈ സൃഷ്ടിയാല്‍ത്തന്നെ ഉടച്ചുവാര്‍ത്തിരിക്കും. അല്പകാലജിവികളായ ഒരുസൃഷ്ടിക്കും ഇതിലൊരുപങ്കുമുണ്ടാവില്ല.
അമിതമായ പിന്തുടര്ച്ച ഋഷിതുല്യത വെടിഞ്ഞായാല് പ്രപഞ്ചനാശം സംഭവിക്കുമെന്നതിനുദാഹരണങ്ങളുണ്ട്. ബ്രഹ്മാസ്ത്ര സംഹാരം അശ്വത്ഥാമാവിലൂടെ മുനി വിവരിക്കുമ്പോഴും, സുദര്‍ശന ചക്രം ഭഗവാന് മാത്രം ധരിക്കുന്നതിലും, അസ്ത്രോപയോഗരീതികള് കര്ണ്ണന് വിസ്മരിക്കുമ്പോഴും ഇവയെല്ലാം അറിവിന്റെ തലത്തിലൂടെയാണെന്ന വസ്തുത മുനി നമ്മോട് രഹസ്യമായോതുന്നു. ആരിലേക്ക് ഇവയെ സന്നിവേശിപ്പിക്കാമെന്നും ആരില്‍ ഇത് ഓതരുതെന്നു ശഠിക്കുമ്പോഴും അനര്‍ഹരുടെ രോദനം ഇന്നും വെല്ലുവിളിപോലെ നമ്മെ കുഴപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: