Categories: EditorialVicharam

കണ്ണില്‍ച്ചോരയില്ലാത്ത കൊടുംക്രൂരത

Published by

തിരുവനന്തപുരത്ത് പതിനഞ്ചുകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അകന്ന ബന്ധു കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കണ്ണില്‍ ചോരയില്ലാത്ത കൊടുംക്രൂരതയാണ്. വീടിനു സമീപത്തെ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മതിലിനരികെ മൂത്രമൊഴിക്കുന്നതും, മദ്യപിക്കുന്നതും ചോദ്യം ചെയ്തതിന്റെ പേരിലാണ് ആദിശേഖര്‍ എന്ന കുട്ടിയെ ബന്ധുവായ പ്രിയരഞ്ജന്‍ കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള റോഡില്‍ വാഹനമിടിച്ച് മരണമടഞ്ഞതായാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇതൊരു അപകടമല്ല, അരുംകൊല നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. ആദിശേഖര്‍ കൂട്ടുകാരന്റെ വീട്ടിലെത്തി സൈക്കിളില്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ വഴിയില്‍ ഏറെ നേരം കാത്തുകിടക്കുകയായിരുന്ന പ്രിയരഞ്ജന്‍ വിദ്യാര്‍ത്ഥിയുടെ നേര്‍ക്ക് വേഗത്തില്‍ കാറോടിച്ച് കയറ്റുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത്. സാധാരണഗതിയില്‍ ആര്‍ക്കും ക്ഷമിക്കാവുന്നതും, മാതാപിതാക്കളോട് പറഞ്ഞ് അവസാനിപ്പിക്കാവുന്നതുമായ കാര്യത്തിന്റെ പേരിലാണ് ഒരു കുടുംബത്തിന്റെ വെളിച്ചമായിരുന്ന കുട്ടിയുടെ ജീവനെടുത്തത്. സംഭവം നടന്നശേഷം നാല് മാസത്തോളം ഒടുങ്ങാത്ത പകകൊണ്ടു നടന്ന് ജീവനെടുക്കാന്‍മാത്രമുള്ള ഒരു കുറ്റവും ഈ വിദ്യാര്‍ത്ഥി ചെയ്തിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ ഇതു ചെയ്തയാളെ ആദ്യം സംശയിക്കുകപോലുമുണ്ടായില്ല എന്നോര്‍ക്കുമ്പോള്‍ എത്ര കൊടിയ വിശ്വാസവഞ്ചനയും നീചമായ പ്രവൃത്തിയുമാണ് ഇയാള്‍ ചെയ്തതെന്ന് മനസ്സിലാക്കാനാവും.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണിതെന്ന് വ്യക്തമാണ്. ടൗണിലെ ഫഌറ്റില്‍ താമസിക്കുന്ന ഇയാള്‍ ഓണാവധിക്കാലത്താണ് നാട്ടില്‍ വന്നത്. ആദിശേഖറിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഇത്. കൊല നടത്തിയതിനുശേഷം മൊബൈല്‍ ഓഫാക്കി കാറുപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. ഇതില്‍നിന്ന് കൊലപാതകത്തിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാവുന്നുണ്ട്. സംഭവം നടന്ന പിറ്റേ ദിവസം തന്നെ അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഊര്‍ജിതമായ ശ്രമം ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. കൊലപാതകമാണിതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യമാവും. എന്നിട്ടും പോലീസ് എന്തുകൊണ്ട് അനാസ്ഥകാണിച്ചു എന്നതിന്റെ മറുപടി ലഭിക്കേണ്ടതുണ്ട്. പ്രതി കടന്നുകളയാനിടയായത് പോലീസിന്റെ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നു. പിന്നീട് ഇയാള്‍ തമിഴ്‌നാട്ടില്‍നിന്ന് പിടിയിലായി. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് ഈ അരുംകൊല നടത്തിയതെന്ന് പറയുന്നുണ്ട്. ലഹരിയുടെ ഉപയോഗം ആളുകളെ എങ്ങനെയാണ് മനുഷ്യരല്ലാതാക്കി മാറ്റുന്നതെന്ന് ഈ സംഭവം കാട്ടിത്തരുന്നുണ്ട്. മാരക ലഹരി തരുന്ന മയക്കുമരുന്നുകളാണ് സംസ്ഥാനത്ത് ലഭ്യമാവുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റും ഉപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നുകള്‍ ഒരാള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ പോലും കണ്ടുപിടിക്കാനാവില്ലത്രേ. കുട്ടികളോടുള്ള ക്രൂരതയില്‍ മയക്കുമരുന്നിന്റെ പങ്ക് വളരെ വലുതാണ്.
ആലുവ നഗരത്തില്‍ ഒരു കുരുന്നിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങളുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ത്ഥിയെ ബന്ധുതന്നെ അരുംകൊല ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതുകൊണ്ടു മാത്രമാണ് ഇതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ അപകടമരണം എന്നു കരുതപ്പെടുന്ന ഇത്തരം എത്രയെത്ര കൊലപാതകങ്ങള്‍ നടന്നിരിക്കാം. തിരുവനന്തപുരത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം കൊലപാതകമാണന്ന് സംശയിക്കുന്നുണ്ടല്ലോ. കേവലം മൂല്യച്യുതി സംഭവിക്കുകയല്ല, മൂല്യബോധം പാടെ നശിച്ചവരാണ് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതു കേരളമാണെന്ന അവകാശവാദം ഉന്നയിക്കുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയാണ്. കേരളംപോലെ ഐസിയുവില്‍പ്പോലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന മറ്റൊരു സംസ്ഥാനവുമില്ല. എന്നിട്ടും ഭരണാധികാരികളുടെ അവകാശവാദത്തിന് കുറവൊന്നുമില്ല. ബോധവല്‍ക്കരണത്തിന് പരിമിതിയുണ്ട്. നിയമം കര്‍ക്കശമാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്താലല്ലാതെ ഇതിന് മാറ്റം വരുമെന്നു തോന്നുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇരട്ട ജീവപര്യന്തം എന്നതുപോലെ ‘ഇരട്ട വധശിക്ഷ’ തന്നെ നല്‍കണം. മാനസികരോഗിയാണ്, മദ്യപാന ലഹരിയിലാണ് കുറ്റം ചെയ്തത് എന്നൊക്കെയുള്ള കാരണങ്ങളാല്‍ ഒരു പ്രതിയും ശിക്ഷിക്കപ്പെടാതെ പോകരുത്. സമൂഹ മനഃസാക്ഷി തൃപ്തിപ്പെടണമെങ്കില്‍ ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by