കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദായോജന (പിഎംഎംഎസ്വൈ) പദ്ധതിയില്‍ രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു. ശുദ്ധജല ബയോഫ്ളോക്ക് കുളങ്ങളും മറേല് കള്‍ച്ചര്‍ കുളങ്ങളും നിര്‍മിച്ചാണ് മത്സ്യകൃഷി നടപ്പാക്കുന്നത്.
പദ്ധതിയില്‍ 14,687 ഹെക്ടര്‍ വിസ്തൃതിയില്‍ ഉള്‍നാടന്‍ കുളങ്ങളില്‍ അക്വാകള്‍ച്ചര്‍ ആരംഭിച്ചു. 6241 ചെറുകിട മത്സ്യ വിപണികളും കിയോസ്കുകളും 1945 അലങ്കാര മത്സ്യകൃഷി യൂണിറ്റുകളും സ്ഥാപിക്കാനായി. 2024-25 ഓടെ 68 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2023 ആഗസ്ത് രണ്ടു വരെ 14,683 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
2018-2019ല്‍ മത്സ്യ ഉല്പാദനം 13.75 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. പദ്ധതിയിലൂടെ 2024-25ല്‍ 22 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. ഒരു ഹെക്ടറിലെ മത്സ്യ ഉത്പാദനക്ഷമത മൂന്ന് മുതല്‍ അഞ്ച് ടണ്‍ വരെ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2024-25ല്‍ മത്സ്യ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ.
പിഎംഎംഎസ്വൈ പദ്ധതിയില്‍ മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യയും രീതികളും ഉപയോഗിച്ച് മത്സ്യ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ രാജ്യത്തെ മത്സ്യ ഉത്പാദനം ഏകദേശം 70 ലക്ഷം മെട്രിക് ടണ്‍ വര്‍ധിച്ചു.
2018-19ല്‍ ഏകദേശം 7,522 കോടി അടങ്കലുള്ള ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. സമുദ്രോത്പന്ന കയറ്റുമതി 2020-21 ല്‍ 1.15 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2021-22 ല്‍ 1.51 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു. 112 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമുദ്രോത്പന്ന കയറ്റുമതി രാജ്യമാണ്. 125 രാജ്യങ്ങളിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
പിഎംഎംഎസ്വൈ പദ്ധതിയിലൂടെ ഉത്പാദനം കുറഞ്ഞ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി മൂന്ന് മാസത്തേക്ക് 1500 രൂപ പ്രതിമാസ സഹായം നല്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.77 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉപജീവനവും പോഷകാഹാരവും നല്‍കാനായി. കര്‍ഷകര്‍ക്ക് ആദ്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കി. ഇതുവരെ 88,000 കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 1060 കോടിയുടെ വായ്പയും അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ, രണ്ട് വര്‍ഷം കൊണ്ട് 27.51 ലക്ഷം മത്സ്യത്തൊഴിലാളികളെ ഇന്‍ഷ്വര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: