കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്കുന്ന ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ സംസ്ഥാന ഘടകം അങ്കലാപ്പിലായി. കേരളത്തില്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയാണ് ജെഡിഎസ്.
മന്ത്രി കെ. കൃഷ്ണന്കുട്ടിയുള്പ്പെടെ 2 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. കേന്ദ്ര നേതൃത്വത്തിന് ഒപ്പം നിന്നില്ലെങ്കില്‍, ദേവഗൗഡ പരാതിപ്പെട്ടാല്‍ ഇരുവര്‍ക്കും കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ അംഗത്വത്തില്‍ അയോഗ്യത വരും. അത് ഒഴിവാക്കാന്‍ കേരളത്തിലെ സ്ഥിതി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി, പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടര്‍ത്തി പ്രത്യേക കക്ഷിയായി മാറാനാണ് ആലോചന. ഈ സ്ഥിതി സംജാതമായാല്‍ പാര്‍ട്ടി കേരള ഘടകവും പിളരാനിടയുണ്ട്.
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുളള ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ട് എന്നതാണ് സംസ്ഥാന ഘടകത്തിന് തലവേദനയാകുന്നത്. എന്‍ഡിഎ സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍, ദേവഗൗഡയെ അനുകൂലിക്കുന്നവര്‍ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: