പൂമുഖവാതിലിനുനേരേ വൃക്ഷങ്ങള്‍ നില്‍ക്കാന്‍ അനുവദിക്കരുത്. അതുപോലെപ്രധാനഗേറ്റും വരാന്‍ പാടില്ല. ഒരു ഭവനം പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടുമ്പോള്‍ കിഴക്കും വടക്കും കൂടുതല്‍ സ്ഥലം വിടേണ്ടതാണ്. ഒരു റൂമില്‍ കിടക്കുമ്പോള്‍ വാതിലിനുനേരേ തലവച്ച് കിടക്കരുത്.
ടോയ്‌ലറ്റിന്റെ സ്ഥാനം
ഭവനം പണിയുമ്പോള്‍ ഒരു കാരണവശാലും വീടിന്റെ നാലു കോണുകളിലും മധ്യഭാഗത്തും ടോയ്‌ലറ്റ് വരാതെ ശ്രദ്ധിക്കണം.
ഫഌറ്റിലെ അടുക്കള
ഫഌറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അടുക്കളയ്‌ക്ക് പ്രാധാന്യം നല്കണം. കിഴക്കു ഭാഗമോ വടക്കു ഭാഗമോ അടുക്കള വരുന്നത് നല്ലതാണ്.
മരണപ്പെട്ടവരുടെ ഫോട്ടോകളുടെ സ്ഥാനം
മരണപ്പെട്ടവരുടെ ഫോട്ടോകള്‍ വീടിനകത്ത് തെക്കേ ചുമരില്‍ സ്ഥാപിക്കാവുന്നതാണ്. വന്നു കയറുന്ന മുന്‍വശത്ത് മരണപ്പെട്ടവരുടെ പടങ്ങള്‍ വയ്‌ക്കരുത്.
വിദിക്കുകള്‍ പാടില്ല
വീട് വയ്‌ക്കുന്നതിന് സ്ഥലം വാങ്ങുമ്പോള്‍ വിദിക്കുകള്‍ ആയിരിക്കരുത്. ഇങ്ങനെയുള്ള സ്ഥലത്ത് വീടു വച്ചവരുടെ അനുഭവം സാമ്പത്തികനഷ്ടവും ഉയര്‍ച്ചയില്ലായ്മയുമാണ്.
അലമാരയുടെ സ്ഥാനം
വീടിനകത്ത് അലമാരകള്‍ പണിയുമ്പോള്‍ വടക്കോട്ട് (കുബേരദിക്ക്) നോക്കിയിരിക്കത്തക്ക രീതിയില്‍ പണിയുക. ഇല്ലെങ്കില്‍ കിഴക്കോട്ട് (ഇന്ദ്രദിക്ക്) നോക്കിയിരിക്കത്തക്ക രീതിയില്‍ പണിയുക.
ശയനമുറികള്‍
വീടിനകത്ത് പ്രധാന ബെഡ്‌റൂമിന് ഒന്നാംസ്ഥാനം തെക്ക്പടിഞ്ഞാറ് കന്നി മൂലയിലാണ്. ഈ മുറിയില്‍ ആയിരിക്കണം പ്രസ്തുത വീട്ടിലെ ഗൃഹനാഥനും ഗൃഹനായികയും ശയിക്കുവാന്‍. വടക്കുപടിഞ്ഞാറുള്ള മുറി വീട്ടിലെ പെണ്‍കുട്ടികള്‍ക്കു നല്‍കണം. തെക്കുകിഴക്കുഭാഗത്തുള്ള മുറി വീട്ടിലെ ആണ്‍കുട്ടികളുടെ ശയനത്തിന് നല്‍കുക. പ്രായമായ ദമ്പതിമാരും മറ്റുള്ളവരും തെക്കുഭാഗത്ത് തലവച്ച് കിടക്കേണ്ടതാണ്. കുട്ടികള്‍ കിഴക്കുഭാഗത്തേക്ക് തലവച്ച് കിടക്കേണ്ടതാണ്.
വീട്ടിലെ പൂജാമുറി
വീട്ടിലെ പൂജാമുറികള്‍ക്ക് അമ്പലത്തിന്റെ യാതൊരുവിധ കണക്കും കൊടുത്ത് പണിയുവാന്‍ പാടില്ല. അമ്പലത്തില്‍ ദേവന് പ്രാധാന്യമെങ്കില്‍ ഗൃഹത്തില്‍ മനുഷ്യനാണ് പ്രാധാന്യം. ഈ രീതിയിലായിരിക്കണം പൂജാമുറിയുടെ നിര്‍മാണം. പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ നിന്ന് തൊഴുന്നത് കിഴക്കോട്ടും ആയിരിക്കണം. ഗൃഹാന്തരീക്ഷത്തിന് അനുസരണമായി പൂജാമുറി ക്രമീകരിക്കുന്നതില്‍ തെറ്റില്ല.
തുളസിത്തറയുടെ സ്ഥാനം
വീട്ടില്‍ തുളസിത്തറ സ്ഥാപിക്കുകയാണെങ്കില്‍ മുന്‍വശത്തെ വാതിലിന് നേരേ വരരുത്. തുളസിത്തറയുടെ തറമട്ടവും വീടിന്റെ തറമട്ടവും ഒരേ ലെവലില്‍ ആയിരിക്കണം.
പടികളുടെ എണ്ണം
വീട്ടില്‍നിന്നും പുറത്തേക്കിറങ്ങുന്ന പടികള്‍ ഇരട്ടസംഖ്യയില്‍ ആയിരിക്കണം.
തെക്ക് ദര്‍ശനം
ഒരു വീടിന് തെക്ക് ദര്‍ശനം ഭയക്കേണ്ട കാര്യമില്ല. വളരെ അധികം സൗഭാഗ്യങ്ങള്‍ ഉണ്ടാക്കിത്തരുന്ന ദിക്കാണ് തെക്ക്. എന്നാല്‍, പ്രധാനവാതില്‍ കൊടുക്കുമ്പോള്‍ മധ്യഭാഗത്തുനിന്നും തെക്കുകിഴക്കു(ഉച്ചസ്ഥാനം) ഭാഗത്ത് വാതില്‍ കൊടുക്കുക.
വളര്‍ത്തുമൃഗങ്ങളുടെ സ്ഥാനം
വീടിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായിരിക്കണം പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവയുടെ സ്ഥാനങ്ങള്‍. കിഴക്ക് പശുവിന്‍ തൊഴുത്തും, തെക്ക് കാള, പോത്ത് എന്നിവയുടെ തൊഴുത്തും ആകാം.
അടുക്കളയുടെ ക്രമീകരണം
അടുക്കള നാല് ചുമരുകള്‍ക്കുള്ളില്‍ത്തന്നെ ആയിരിക്കണം. ഒരു ഭാഗം തുറന്നുകിടന്നാല്‍ പ്രസ്തുത അടുക്കളയില്‍ ഊര്‍ജ്ജക്രമീകരണം ശരിയായിരിക്കുകയില്ല. അടുക്കളയില്‍ സിങ്കിന്റെ സ്ഥാനം വടക്കുഭാഗത്തായിരിക്കണം.
ക്ലോസറ്റ് ഉറപ്പിക്കുമ്പോള്‍
ടോയ്‌ലറ്റില്‍ ക്ലോസറ്റ് ഉറപ്പിക്കുമ്പോള്‍ ഒന്നുകില്‍ തെക്കോട്ടോ വടക്കോട്ടോ നോക്കിയിരുന്ന് ഉപയോഗിക്കത്തക്ക രീതിയിലായിരിക്കണം.
ഗാര്‍ഡ് റൂമിന്റെ സ്ഥാനം
വലിയ അപ്പാര്‍ട്ട്‌മെന്റുകളിലും വീടുകളിലും ഗാര്‍ഡ്‌റൂമിന് ഉത്തമസ്ഥാനം തെക്കുകിഴക്കേ മൂലയിലാണ്. ഇവിടെ ഗാര്‍ഡായിരിക്കുന്ന വ്യക്തികള്‍ ഊര്‍ജസ്വലരായിരിക്കും.
കാര്‍പോര്‍ച്ചിനകത്ത് കുഴികള്‍ പാടില്ല
വീടിന്റെ കാര്‍പോര്‍ച്ചിനകത്ത് കുഴിയെടുത്ത് സ്ലാബിട്ട് മൂടിയശേഷം കിണറോ സെപ്റ്റിക് ടാങ്കുകളോ ഉണ്ടായിരിക്കുവാന്‍ പാടില്ല. നെഗറ്റീവ് എനര്‍ജി വീട്ടില്‍ തളംകെട്ടി നശിക്കും.
കണ്ണാടി പാടില്ലാത്ത ഭാഗങ്ങള്‍
പ്രധാനപ്പെട്ട ബെഡ് റൂമുകളില്‍ കട്ടിലിന്റെ തലഭാഗത്തും പാദത്തിന്റെ ഭാഗത്തും ചുമരുകളില്‍ കണ്ണാടി വയ്‌ക്കുവാന്‍ പാടില്ല.
പൂജാമുറി പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
പൂജാമുറി പണിയുമ്പോള്‍ ചുമരിന്റെ മറുഭാഗത്തോ തലഭാഗത്തോ ടോയ്‌ലറ്റുകള്‍ ക്രമീകരിക്കരുത്.
മുറികള്‍ സ്ഥിരമായി അടച്ചിടരുത്
വലിയ വീട്ടില്‍ അംഗസംഖ്യ കുറവുള്ളപ്പോള്‍ ഉപയോഗിക്കാത്ത പല മുറികളും അടച്ചിട്ടിരിക്കും. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും പ്രസ്തുത മുറികളുടെ വാതിലുകളും ജനാലകളും തുറന്നിട്ട് സൂര്യപ്രകാശവും ശുദ്ധവായുവും അകത്ത് കടത്തിവിടണ്ടതാണ്. അതല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി കയറി വീട് നശിക്കുവാന്‍ ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: