ചന്ദ്രനില്‍ നിന്നു മണ്ണിന്റെ സാമ്പിളുകള്‍ കൊണ്ടുവരാനുള്ള പദ്ധതിയിലെ നിര്‍ണ്ണായക പരീക്ഷണമാണ് കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ നടത്തിയത്. ചാന്ദ്രയാന്‍ മൂന്നിലെ വിക്രം ലാന്‍ഡറും പ്രജ്ഞാന് റോവറും സ്ലീപ്പിങ് മോഡിലേക്ക് പോകുംമുമ്പ്, ലാന്‍ഡ് ചെയ്യാനുപയോഗിച്ച അതെ എഞ്ചിനുകള്‍ ഉപയോഗിച്ച് ഒരിക്കല്‍ക്കൂടി ഉയര്‍ത്തി വീണ്ടും ലാന്‍ഡ് ചെയ്യിച്ചു. ലാന്‍ഡറിന്റെയും എഞ്ചിനുകളുടെയും കാര്യക്ഷമത കിടയറ്റതാണ് എന്ന് ഈ പരീക്ഷണം ഒരിക്കല്‍ കൂടി തെളിയിച്ചു. ചാന്ദ്രയാന്‍ യാത്ര തുടങ്ങിയപ്പോള്‍ത്തന്നെ ശ്രീ നൈഗര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള വേറൊരു ഇസ്രോ ടീം ഭാരതത്തിന്റെ അടുത്ത നിര്‍ണ്ണായക ദൗത്യത്തിന് വേണ്ടിയുള്ള അവസാന മിനുക്ക് പണികളിലായിരുന്നു. സൂര്യന്റെ രഹസ്യങ്ങള്‍ തേടിയുള്ള ആദിത്യ എന്ന ദൗത്യമായിരുന്നു അത്.
2008 ലാണ് സൗരനിരീക്ഷണത്തിനും പഠനത്തിനുമുള്ള അനുമതിക്കായി ഇസ്രോ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പദ്ധതി സമര്‍പ്പിച്ചത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്തു കൊണ്ട് സൂര്യനെ നിരീക്ഷിക്കുന്ന രീതിയാണ് ആദ്യം വിഭാവനം ചെയ്തത്. തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഫണ്ട് ലഭിക്കാഞ്ഞതിനാല്‍ പദ്ധതി നീണ്ടുപോയി. ചാന്ദ്രയാന്‍ രണ്ടും ഇതേപോലെ അനിശ്ചിതത്വത്തില്‍ കുടുങ്ങിക്കിടന്ന 2015 വരെയുള്ള കാലം ഇസ്രോയ്ക്ക് അത്ര നല്ല സമയമായിരുന്നില്ല. അതിനിടിലും, ചാന്ദ്രയാന്‍ രണ്ടിന് വേണ്ടി നിര്‍മ്മിച്ച പേടകം ഉപയോഗിച്ച് മംഗള്യാന് വിജയകരമായി നടത്തി. 2015-16 ആയപ്പോഴേക്കും ജിഎസ്എല്‍വിയും സ്വന്തം ക്രയോജനിക് എന്‍ജിനുമെല്ലാം കാര്യക്ഷമമായി. കൂടുതല്‍ ഫണ്ട് ലഭിച്ചപ്പോള്‍ ചാന്ദ്രയാന്‍ രണ്ടിനോടൊപ്പം, സൗരപദ്ധതിയും സജീവമായി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ചുറ്റുന്നതില്‍ നിന്നുമാറി, പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചെ പോയിന്റിലേക്ക് പേടകത്തെ എത്തിക്കുന്ന പുതിയ പദ്ധതിയാണ് പുനര്ജന്മം തേടി വന്നത്.
ഗുരുത്വകര്ഷണബലത്താല് പരസ്പരം ആകര്‍ഷിക്കുന്ന എല്ലാ പ്രപഞ്ചഗോളങ്ങളുടെയും ഇടയില്‍ വായുവിന്റെ ബലം തുല്യമാകുന്ന ചില പോയിന്റുകളുണ്ട്. ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന് ജോസഫ് ലെഗ്രാഞ്ചെ ആണ് ഇവയെ സിദ്ധാന്തവല്‍ക്കരിച്ചതും ഭൂമിക്കും സൂര്യനും ഇടയിലെ ഇത്തരത്തിലുള്ള അഞ്ച് പോയിന്റുകള്‍ കണക്കാക്കിയെടുത്തതും. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഈ പോയിന്റുകള്‍ക്ക് ലെഗ്രാഞ്ചെ പോയിന്റുകള്‍ എന്നു പേരിട്ടത്. ഒരുതരത്തിലുള്ള ബലവും അനുഭവപ്പെടാത്ത ഈ ഇടങ്ങള്‍ക്ക് ബഹിരാകാശസാങ്കേതികതയില് വലിയ സ്ഥാനമാണുള്ളത്. ഈ പോയിന്റിലേക്ക് വിക്ഷേപിക്കുന്ന ബഹിരാകാശപേടകങ്ങള്‍ ഭൂമിയോടൊപ്പം മാറാതെ സൂര്യനെ വലംവെയ്ക്കും. അവിടെ പേടകത്തെ നിലനിര്‍ത്താന്‍ വളരെ കുറഞ്ഞ തോതിലുള്ള ഇന്ധനം മതിയാകും. അങ്ങിനെയുള്ള പേടകങ്ങള്‍ക്ക് കാലാവധി കൂടുതലായിരിക്കും. ഇന്ധനം കുറച്ചു മതി എന്നതുകൊണ്ട് ആ സ്ഥാനത്തേക്ക് കൂടുതല്‍ പരീക്ഷണനിരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്താനും കഴിയും. ഈ അഞ്ച് പോയിന്റുകളില്‍ എല്‍2 പോയിന്റിലാണ് കഴിഞ്ഞ വര്‍ഷം നാസ ജെയിംസ് വെബ്ബ് ദൂരദര്‍ശിനി സ്ഥാപിച്ച് പ്രപഞ്ച നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ആദിത്യ വിക്ഷേപിച്ചിരിക്കുന്നത് സൂര്യനും ഭൂമിക്കും ഇടയിലുള്ളതും ഭൂമിയില്‍ നിന്നു പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയുള്ളതുമായ എല്‍1 എന്ന പോയിന്റിലേക്കാണ്.
സൗരയൂഥത്തിന്റെ ആകെ ഭാരത്തിന്റെ 99 ശതമാനവും സൂര്യനാണ്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പും ഊര്‍ജത്തിന്റെ ഉറവിടവുമെല്ലാം സൂര്യനാണ്. അതുകൊണ്ടുതന്നെയാകണം ലോകത്തിലെ എല്ലാ സമൂഹങ്ങളിലും സൂര്യാരാധന ഉള്ളത്. ഭൂമിയിലെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, വാര്‍ത്താവിനിമയം, വിമാനങ്ങളുടെയും കപ്പലുകളുടെയും നാവിഗേഷന്‍, കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി മനുഷ്യജീവിതത്തെ ബാധിക്കുന്ന സമസ്ത മേഖലകളിലും സൗരപ്രതിഭാസങ്ങളുടെ സ്വാധീനമുണ്ട്. സൗരവാതങ്ങള്‍, സൂര്യകളങ്കങ്ങള്‍, സൂര്യനില്‍നിന്നുള്ള അയോണിക് പ്രവാഹങ്ങള്‍ എല്ലാം നമ്മുടെ കാലാവസ്ഥയെയും ടെലിക്കമ്മ്യൂണിക്കേഷനെയും ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രതിഭാസങ്ങളെ പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്.
ഏതാണ്ടെല്ലാ ബഹിരാകാശ ശക്തികളും സൂര്യ നിരീക്ഷണത്തിനു പേടകങ്ങള്‍ അയച്ചിട്ടുണ്ട്. അമേരിക്കയുടെ പാര്‍ക്കര്‍ പേടകം സൂര്യന് സമീപത്തേക്ക് ചെന്ന് സൂര്യകവചമായ കൊറോണയില്‍ കൂടി കടന്നുപോയി. നാസ അടക്കം അങ്ങനെ അയച്ച പേടകങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ആദിത്യ. ബാക്കിയെല്ലാവരും സൂര്യന് സമീപത്തുകൂടിയോ ഇത്തിരി അകലെക്കൂടിയോ കടന്നുപോകുന്ന ഫ്ളൈ എവേ പേടകങ്ങളാണ് അയച്ചിരുന്നത്. അടുത്തുനിന്നാകുമ്പോള്‍ കൂടുതല്‍ വ്യക്തമായ ഡാറ്റ കിട്ടുമെങ്കിലും വളരെക്കുറച്ച് സമയം മാത്രമേ ആ പേടകങ്ങള്‍ക്ക് ലഭിക്കുകയുള്ളു. എന്നാല്‍ ആദിത്യ, മേല്‍പ്പറഞ്ഞ എല്‍1 പോയിന്റില്‍ സൂര്യന് അഭിമുഖമായി നിന്ന് സ്ഥിരമായി നിരീക്ഷണങ്ങള്‍ നടത്തുകയാണ്. അതായത് സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ബഹിരാകാശ ഒബ്സര്‍വേറ്ററി ആണ് ആദിത്യ. ഇത്തരത്തിലൊന്നു മറ്റൊരു രാജ്യവും ചെയ്തിട്ടില്ല.
ആകെ ഏഴ് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. സൂര്യനില്‍ നിന്നുള്ള എക്സ് റേ പ്രവാഹങ്ങള്‍ നിരീക്ഷിക്കാനുള്ള രണ്ടു സ്പെക്ട്രോമീറ്ററുകള്‍, സൂര്യന്റെ കുപ്പായമായ കൊറോണയെ പഠിക്കാന്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ്, സൂര്യന്റെ അന്തരീക്ഷത്തിലെ ഫോട്ടോസ്ഫിയര്‍ ക്രോമോസ്ഫിയര്‍ എന്നീ ഭാഗങ്ങളെ നിരീക്ഷിക്കാനുള്ള പ്രത്യേക അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്, സൗരവാതങ്ങളെ അളക്കാനും പഠിക്കാനുമുള്ള അസ്പെക്സ്, സൗരവാതങ്ങളിലുള്ള അയോണുകള്‍, പ്ലാസ്മ എന്നിവയെ പഠിക്കാനുള്ള സംവിധാനം, എല്‍1 പോയിന്റിലെ കാന്തികപ്രഭാവം പഠിക്കാനുള്ള മാഗ്നാറ്റോമീറ്റര് എന്നിവയാണ് ആദിത്യയിലെ പേലോഡുകള്‍ അഥവാ ശാസ്ത്രീയ ഉപകരണങ്ങള്‍.
അഹമ്മദാബാദിലെ ഇന്ത്യന്‍ ഫിസിക്കല്‍ ലബോറോട്ടറി, തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങളാണിവയെല്ലാം. ഇതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഭാവിലോകത്തിനു ഏറ്റവും മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അഞ്ചു വര്‍ഷമാണ് പേടകത്തിന്റെ കാലാവധി. ഈ കാലാവധിക്കുള്ളില്‍ ലഭിക്കാന്‍ പോകുന്നത് ലക്ഷക്കണക്കിന് ഡാറ്റയാണ്. ഇതിലെ ‘വിഇഎല്‍സി’ എന്ന ഒറ്റ ഉപകരണം ഒരു ദിവസം നല്‍കുന്നത് 1400 ഫോട്ടോകളാണ്. അതുപോലെ ഓരോ ഉപകരണവും നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഏത് രാജ്യവും ഭാവിയില്‍ സൗരദൗത്യങ്ങള്‍ നടത്താന്‍ പോകുന്നത്.
1500 കിലോഗ്രാം വരുന്ന പേടകം വിക്ഷേപിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് ആയ പിഎസ്എല്‍വിയുടെ അന്‍പത്തിയേഴാം ദൗത്യത്തില്‍ ആണ്. ചാന്ദ്രയാന്‍ ദൗത്യത്തില്‍ കണ്ടപോലെ അഞ്ച് പ്രാവശ്യം ഭ്രമണപഥം ഉയര്‍ത്തിയാണ് അവസാനം എല്‍1 പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. രണ്ട് ഉയര്‍ത്തലുകള്‍ കഴിഞ്ഞു. എല്‍ 1 ലേക്കുള്ള യാത്രക്ക് 105 ദിവസങ്ങള്‍ വേണം. ചൊവ്വയും ചന്ദ്രനും സൂര്യനുമൊക്കയായി ഭാരതം പ്രപഞ്ചത്തോളം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിജയങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നു പക്ഷേ ലഹരിപിടിപ്പിക്കുന്നില്ല. ആദിത് തയ്യാറെടുക്കുകയാണ്. ശുക്രനിലേക്കുള്ള പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള പദ്ധതി അണിയറയില്‍ തയ്യാറാകുന്നു. അതെ ഇസ്രോ ശാസ്ത്രജ്ഞര്‍ക്ക് ആഹ്ലാദിക്കാനും കളയാനും വിശ്രമിക്കാനും സമയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: