എന്‍ ഹരീന്ദ്രന്‍
വിശ്വോദാരമായ പ്രേമ സങ്കല്‍പ്പത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞ് തുളുമ്പുന്ന കൃഷ്ണദര്‍ശനം. ജീവിതത്തെ മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതിവര്‍ത്തിയായ സന്ദേശം തന്റെ കുഴല്‍ നാദത്താല്‍ ലോകത്തെ അറിയിച്ച ശ്രീകൃഷ്ണന്റെ അഴകാര്‍ന്ന ഭാവം കൂടുതല്‍ കൈവല്യമാകുന്നത് മലയാളികളുടെ മനസ്സിലാണ്. മലയാളികളുടെ ഹൃദയപത്മത്തില്‍ കുടിയിരിക്കുന്ന, മണിച്ചിലങ്ക കെട്ടിയ മണിവര്ണന് കൃഷ്ണഗാഥാ കാവ്യം മുതല്‍ നാം അരുമയായി അനുഭവിക്കുന്ന കമനീയ സങ്കല്‍പ്പമാണ്. കൂട് കൂട്ടാനും, കാട് കാട്ടാനും, ആനന്ദം പങ്കുവയ്ക്കാനും, കണ്ണീര് തുടയ്ക്കാനും, വൈകൃതങ്ങളകറ്റാനും, അര്‍ഹമായ പ്രത്യുത്തരം കൊടുക്കാനും, അങ്ങനെ മനുഷ്യജീവിതം സമ്പൂര്‍ണമാക്കാനും പഠിപ്പിച്ച പരിപൂര്‍ണ മനുഷ്യകുലത്തിന്റെ നേര്‍ദര്‍ശനം കൃഷ്ണനില്‍ കാണുന്നു.
കണ്ണന്റെ കളിത്തൊട്ടിലാണ് കേരളം. മഥുരയും വൃന്ദാവനവും ദ്വാരകയും കുരുക്ഷേത്രവും വിദര്‍ഭയും പ്രാഗ്ജ്യോതിഷവുമൊന്നും കേരളത്തിലല്ലെങ്കിലും കണ്ണന് ഇന്നാട്ടുകാരനാണ്. കേശവന്, മാധവന്, അച്യുതന്, ഗോവിന്ദന് തുടങ്ങി വ്യക്തിനാമങ്ങളേറെയും കൃഷ്ണ നാമങ്ങളാണ്. ഇഷ്ടം കൂടുമ്പോള്‍ കണ്ണനെന്നാവും നാം ആരെയും വിളിക്കുക. പ്രിയതമനെയും പ്രിയപുത്രരെയും അങ്ങനെ വിളിച്ചിട്ടില്ലാത്ത സ്ത്രീകളുണ്ടാവില്ല. രാധയായും യശോദയായും പകര്‍ന്നാടുന്ന മനസ്സാണ് മലയാളി പെണ്ണിനുള്ളത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്.
തെക്ക് അനന്തശായിയായ ശ്രീപത്മനാഭനും മധ്യഭാഗത്ത് അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണനും വടക്ക് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ ആനന്ദകൃഷ്ണനും കേരളജനതയുടെ കാവല്‍ദൈവങ്ങളാണ് ആറന്മുളയില് പാര്‍ത്ഥസാരഥിയായും തിരുവല്ലയില്‍ ശ്രീവല്ലഭനായും തിരുനാവായില്‍ നാവാമുകുന്ദനായും തൃച്ചംബരത്ത് കംസവൈരിയായും നെയ്യാറ്റിന്‍കരയില്‍ നവനീതകൃഷ്ണനായും തിരുവണ്ടൂരില്‍ ഗോശാലകൃഷ്ണനായും എത്രയെത്ര ഭാവരൂപങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാളക്കരയുടെ ഹൃദയേശ്വരനാണ് ഭഗവാന് ശ്രീകൃഷ്ണന്. കണ്ണന്റെ ഊരായ കണ്ണൂരിലാണ് കൃഷ്ണഗാഥ പിറന്നത.് കോഴിക്കോട് മാനവേദ സാമൂതിരിയുടെ മനംകവര്‍ന്ന കൃഷ്ണനാണ് ‘കൃഷ്ണനാട്ടം’ എന്ന കലാരൂപത്തിനടിസ്ഥാനം. അധിനിവേശ ഭരണക്കാരോട് പടപൊരുതിയ പഴശ്ശിരാജാവിന്റെ തൃക്കൈമുദ്ര ‘ശ്രീകൃഷ്ണജയം’എന്നായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര് പത്മനാഭദാസന്മാരായി അറിയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യ നവോത്ഥാനത്തിലും ശ്രീകൃഷ്ണകഥകള്‍ പ്രേരണാസ്രോതസ്സായിരുന്നു.
വള്ളത്തോള്‍ രചിച്ച ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കൃഷ്ണകവിതയാണ.് സാമ്രാജ്യത്വ മോഹങ്ങളും ഭീകരവാദവുമുള്‍പ്പെടെയുള്ള എത്രയെത്ര വിപത്തുകള്‍ ഒന്നിച്ചു തലപൊക്കിയാലും ഈ ഭാരതഭൂമിയിലെ ഒരു ചെറുബാലകന്റെ കാല്‍ച്ചുവട്ടിലൊതുങ്ങുമെന്നാണ് കാളിയമര്‍ദ്ദനസന്ദര്‍ഭം ഉദാഹരിച്ചു കൊണ്ട് മഹാകവി പ്രഖ്യാപിക്കുന്നത്. വ്യാധി ഭയങ്ങളും മഹായുദ്ധങ്ങളും മാറിമാറി പരീക്ഷിച്ച് ആരെല്ലാം അസ്ഥിരപ്പെടുത്തവാന്‍ ശ്രമിച്ചാലും ഭാരതം ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്.
ഉള്ളൂരിന്റെ ‘അന്നും ഇന്നും’ വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ ഇടശ്ശേരിയുടെ ‘അമ്പാടിയിലേക്ക് വീണ്ടും’ ഒഎന്‍വിയുടെ ‘കൃഷ്ണപക്ഷത്തിലെ പാട്ട്’ , എസ് രമേശന് നായരുടെ ‘മയില്പീലിയിലെ’ ഭക്തി ഗാനങ്ങള്‍ മുതലായ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ശ്രീകൃഷ്ണ ചരിതത്തെ എക്കാലവും അതിജീവന മന്ത്രമായി സമൂഹം സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം എഴുപതുകളില്‍ ഇന്നത്തെപ്പോലെ നേര്‍രേഖയിലായിരുന്നില്ല. എഴുത്തിലും ജീവിതത്തിലും ആചാരത്തിലും ഇടപെടലുകളിലും വിശ്വാസങ്ങളില്‍പ്പോലും ദുശ്ശാസന സ്വഭാവം പ്രകടമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളും ജീവല്‍ സാഹിത്യപ്രവണതകളും വിപ്ലവത്തിന്റെ ചാടില്‍ കയറി തുള്ളുന്ന ആ അന്തരീക്ഷത്തിലാണ് ബാലഗോകുലം ജന്മമെടുക്കുന്നത്. ശ്രീകൃഷ്ണജയന്തിയിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ബാലഗോകുലത്തിന് സാംസ്കാരിക പരിവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. അതൊരു നവോത്ഥാനത്തിന്റെ പാഞ്ചജന്യമായിരുന്നു. പങ്കാളിത്തംകൊണ്ട് ഇത്ര വലിയ ഒരു ജനകീയ ഉത്സവം അന്നോളം കേരളം കണ്ടിരുന്നില്ല. ജന്മാഷ്ടമി ആചരണത്തിന്റെ സാര്‍വ്വജനീനത വിസ്മയകരമായി വളര്‍ന്നു. ആ വളര്‍ച്ച നവോത്ഥാന കേരളത്തിന്; പാരിസ്ഥിതിക കേരളത്തിന്, ആദ്ധ്യാത്മിക കേരളത്തിന്, സാംസ്കാരിക കേരളത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: