ടെലിവിഷന്‍ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഏക്താ കപൂറിന് എമ്മി അവാര്‍ഡ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ഇതോടെ സ്വന്തമായി.
ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ പ്രസിഡന്റും സിഇഒയുമായ ബ്രൂസ് എല്‍.പൈസ്നറാണ് 2023 ലെ ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് അവാര്‍ഡ് ഏക്താ കതപൂറിന് സമ്മാനിക്കുമെന്ന് അറിയിച്ചത്.
നവംബര്‍ 20-ന് ന്യൂയോര്‍ക്കില്‍ 51-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഗാലയില്‍ അവാര്‍ഡ് ഏക്താ കപൂറിന് സമ്മാനിക്കും. അവാര്‍ഡ് ലഭ്യമായതില്‍ സന്തോഷമുണ്ടെന്ന് ഏക്താ കപൂര്‍ പ്രതികരിച്ചു.
1975 ജൂണ്‍ ഏഴിന് മുംബൈയില്‍ ജനിച്ച ഏക്താ കപൂറിന്റെ പിതാവ് ജിതേന്ദ്ര അക്കാലത്തെ പ്രശസ്ത നടനായിരുന്നു. അമ്മ ശോഭ കപൂര്‍ നിര്‍മ്മാതാവും. കുട്ടിക്കാലത്ത് തന്നെ പിതാവിനെ പിന്തുടര്‍ന്ന് ഏക്ത സിനിമാലോകത്തെത്തി.
പരസ്യ ചിത്രം ഒരുക്കുന്ന കൈലാഷ് സുരേന്ദ്രനാഥിനൊപ്പം ഇന്റേണ്‍ഷിപ്പ് തുടങ്ങിയ ഏക്ത പിന്നീട് അതേ പരസ്യ കമ്പനിയില്‍ ജോലി ചെയ്യാനും തുടങ്ങി. 1994-ല്‍ മാതാപിതാക്കളോടൊപ്പം ബാലാജി ടെലിഫിലിംസ് സ്ഥാപിച്ചത് മുതല്‍ ഇന്ത്യന്‍ ടെലിവിഷനിലെ ഒരു പ്രമുഖ വ്യക്തിയാണ് ഏക്താ കപൂര്‍. ബാലാജി ബാനറിന് കീഴില്‍ 17,000 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളും 45 സിനിമകളും നിര്‍മ്മിച്ചു. രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൊന്നായ ആള്‍ട്ട് ബാലാജിയുടേതാണ്.
ഫോര്‍ച്യൂണ്‍ ഇന്ത്യ തെരഞ്ഞെടുത്ത ഏഷ്യയിലെ ഏറ്റവും ശക്തരായ 50 വനിതകളില്‍ ഒരാളായിരുന്നു ഏക്താ കപൂര്‍. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍മ്മാണ കമ്പനി ബാലാജി പ്രൊഡക്ഷന്‍സിന്റെ മൂല്യം ഏകദേശം 400 കോടി രൂപയാണ്. ഏക്തയുടെ ആസ്തി 95 കോടി രൂപയാണെന്നാണ് കണക്ക്.പുറമെ രാജ്യത്ത് നിരവധി കെട്ടിടങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: