Categories: Samskriti

പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Published by

കൊല്ലം: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 170-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് പന്മന ആശ്രമത്തില്‍ തുടക്കം. 3, 4, 5 തീയതികളിലായി മാധ്യമകേരളം സെമിനാര്‍, മഹാഗുരുബോധനം പ്രഭാഷണം, ഏകാഹ നാരായണീയ യജ്ഞം, ജയന്തി സമ്മേളനം എന്നിവ നടക്കും.
ഇന്ന് രാവിലെ 10.30ന് മാധ്യമകേരളം-സെമിനാര്‍ ഏഷ്യാനെറ്റ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മനോരമ സ്‌കൂള്‍ ഓഫ് മ്യൂസിക് അസി. ഡയറക്ടര്‍ എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. മഹാഗുരുവര്‍ഷം വൈസ് ചെയര്‍മാന്‍ പ്രൊഫ. സി. ശശിധരക്കുറുപ്പ് മോഡറേറ്ററാകും
ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫ് അനില്‍ എസ്., മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ബി. അജയകുമാര്‍, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജി. സജിത്ത്കുമാര്‍, കേരള കൗമുദി റസിഡന്റ് എഡിറ്റര്‍ എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ രാവിലെ ഏഴിന് ഏകാഹ നാരായണീയ യജ്ഞം, വൈകിട്ട് 4.30ന് പ്രഭാഷണം: മഹാഗുരുബോധനം (കുരുമ്പോലില്‍ ശ്രീകുമാര്‍). ജയന്തിദിനമായ അഞ്ചിന് രാവിലെ 9.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 10.30ന് ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ മഹാഗുരു ജയന്തി സമ്മേളനം മുന്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഗ്രാമസൗഹൃദശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ജയന്തി സന്ദേശം നല്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ വിശിഷ്ടാതിഥിയാകും.
മഹാഗുരു ഭവ്യ സ്മൃതി അര്‍പ്പിച്ച് കൊണ്ട് സ്വാമി നിത്യ സ്വരൂപാനന്ദ (പന്മന ആശ്രമം), സ്വാമി കൃഷ്ണമയാനന്ദതീര്‍ത്ഥപാദര്‍ (പരമഭട്ടാരക ഗുരുകുല ആശ്രമം) സിനിമാ സംവിധായകന്‍ വിജിതമ്പി തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്‌ക്ക് 12.30ന് ഓട്ടന്‍തുള്ളല്‍, 2.30ന് ഭഗവദ്ഗീത കാലികപ്രാധാനമുള്ള ഒറ്റമൂലി എന്ന വിഷയത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍, രാത്രി 7ന് ഓടക്കുഴല്‍ ഫ്യൂഷന്‍
പത്രസമ്മേളനത്തില്‍ മഹാഗുരുവര്‍ഷം 2024 സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി ഏ. ആര്‍. ഗിരീഷ്‌കുമാര്‍, മഹാഗുരുവര്‍ഷം വൈസ് ചെയര്‍മാന്‍ പ്രൊഫ. സി.ശശിധരക്കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ വിഷ്ണു വേണുഗോപാല്‍, ജോ. കണ്‍വീനര്‍ അരുണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമസൗഹൃദ ശാലകള്‍ക്ക് തുടക്കം
മഹാഗുരു ചട്ടമ്പിസ്വാമികളുടെ ജ്ഞാന പ്രചാരണത്തെ അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച ‘ഗ്രാമസൗഹൃദശാല’ എന്ന സൗഹൃദ കൂട്ടായ്മയ്‌ക്ക് തുടക്കമാകുന്നു. മഹാഗുരുവര്‍ഷം 2024 ന്റെ ഭാഗമായി ആരംഭിക്കുന്ന ഗ്രാമ സൗഹൃദ ശാല, 5ന് പന്മന ആശ്രമത്തില്‍ നടക്കുന്ന ചട്ടമ്പിസ്വാമി ജയന്തി ദിനാഘോഷ ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ‘അറിവിനും നിറവിനും സൗഹൃദം’ എന്ന സന്ദേശത്തോടെയാണ് ഗ്രാമ സൗഹൃദ ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കുടുംബ സദസുകളേയും പണ്ഡിതസഭകളേയും കേന്ദ്രീകരിച്ചുകൊണ്ട് നൂറ് വര്‍ഷം മുമ്പ് ചട്ടമ്പി സ്വാമികള്‍ സംഘടിപ്പിച്ചിരുന്ന വൈജ്ഞാനിക സൗഹൃദ കൂട്ടായ്മയുടെ മാതൃകയിലാണ് ഗ്രാമ സൗഹൃദ ശാലകള്‍ സംഘടിപ്പിക്കുന്നതെന്ന് ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
ഓരോ പ്രദേശത്തെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ഗ്രാമ സൗഹൃദ ശാലകളില്‍ ഗ്രാമീണ പ്രതിഭകളുടെ പങ്കാളിത്തം ഉണ്ടാകും. വൈജ്ഞാനിക ചര്‍ച്ചകളും കലാ സാഹിത്യ സംവാദങ്ങളും നടക്കും. ദേശ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിത്വങ്ങളെ സ്മരിക്കാനും സാമൂഹിക സൗഹൃദത്തെ തിരികെ കൊണ്ടുവരാനും ഗ്രാമ സൗഹൃദ ശാലകള്‍ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഓരോ ജില്ലകളിലും ഗ്രാമസൗഹൃദ ശാലകള്‍ സംഘടിപ്പിക്കുമെന്നും ആശ്രമം പ്രതിനിധികള്‍പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by