ലോകത്തിന്റെ സാമ്പത്തികശാസ്ത്ര ചരിത്രപഠനങ്ങള്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ഭാരതത്തിന്റെ ഭൂതകാലം അതിസമ്പന്നമായിരുന്നു എന്നുതന്നെയാണ്. ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ ആരംഭിച്ച് രണ്ടര സഹസ്രാബ്ദങ്ങളോളം ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭംവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഭാരതം. ബിസി 500നടുത്ത്, മഹാജനപദങ്ങള്‍ ദ്വാരങ്ങളിട്ട് അടയാളപ്പെടുത്തിയ വെള്ളി നാണയങ്ങളും ശക്തമായ വ്യാപാര പ്രവര്‍ത്തനങ്ങളും നഗരവികസനവും ഈ കാലഘട്ടത്തില്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ലോക വ്യാപാരത്തിന്റെ 33 ശതമാനവും ഭാരതമാണ് ആ കാലത്തു നടത്തിയിരുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംശുദ്ധവും ശരിയായ ദിശയിലുള്ളതുമായ ഭരണത്തിന്‍ കീഴില്‍ ആധുനിക ഭാരതവും സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ ആദ്യ സൂചികയാണ് ജിഡിപിയുടെ 7.8% വളര്‍ച്ച. ലോകസമ്പദ് വ്യവസ്ഥയാകെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുപ്പോള്‍ ലോകത്തിനു മാതൃകയാവുകയാണു ഭാരതം. ഇത് ഹ്രസ്വകാല വികസനമല്ല. എല്ലാ സെക്ടറുകളിലും, അടിസ്ഥാന വ്യവസായരംഗത്തും വികസന തരംഗം ആഞ്ഞടിക്കുന്നു. ഈ വളര്‍ച്ച മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ശുഭാപ്തി വിശ്വാസം പകരാന്‍ പോന്നതാണ്.
മോദിജി അധികാരത്തില്‍ വരുന്നതുവരെ നമ്മുടെ സമ്പദ്വ്യവസ്ഥ അത്ര സുഖകരമൊന്നുമായിരുന്നില്ല. വളര്‍ച്ചമുരടിച്ച ആ സമ്പദ് വ്യവസ്ഥയെ ‘ഹിന്ദു’ വളര്‍ച്ചാനിരക്ക് എന്ന് കളിയാക്കിയവരാണ് വിദേശ സാമ്പത്തിക വിദഗ്ധര്‍. ഹിന്ദു വളര്‍ച്ചാ നിരക്ക് എന്ന പേര് സൃഷ്ടിച്ചത് രാജ് കൃഷ്ണന്‍ എന്ന ഭാരതീയനായ സാമ്പത്തികവിദഗ്ധന്‍ തന്നെയാണ്. 1950 മുതല്‍ 1980 വരെയുള്ള 4% വളര്‍ച്ചാനിരക്കിനെയാണ് ഈ പേരില്‍ അദ്ദേഹം അപഹസിച്ചത്. ഇന്ന് നമുക്ക് അഹങ്കാരത്തോടെ പറയാം 7.8 % എന്നതാണ് ഹിന്ദു വളര്‍ച്ചാ നിരക്കെന്ന്.
ഈ വളര്‍ച്ച ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതോ, താത്ക്കാലികമോ, ഏതാനും മേഖലയില്‍ മാത്രമോ ഉണ്ടായിട്ടുള്ളതല്ല. ജിഡിപി 7.8 % വളര്‍ച്ച കൈവരിക്കുമ്പോള്‍ ജിഎസ്ടി വരുമാനം കഴിഞ്ഞ മാസം 1.6 ലക്ഷം കോടി ആയി ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 % കൂടുതലാണ് എന്നത് വളര്‍ച്ചാനിരക്കിന്റെ ദൃഢത സൂചിപ്പിക്കുന്നു. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ഇന്ത്യ സര്‍വീസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക പ്രകാരം സേവനമേഖലയുടെ വളര്‍ച്ചാ നിരക്ക് ജൂണിലെ 58.5ല്‍ നിന്ന് ജൂലൈയില്‍ 62.3 ആയി ഉയര്‍ന്നു. 2010 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സൂചിക റീഡിംഗും 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ അടിസ്ഥാന മേഖലയെല്ലാം ഭദ്രമാണെന്നും വലിയ വികസനത്തിന്റെ പാതയില്‍ ആണെന്നുമാണ്.
സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങിനെ ബാധിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. ശൂന്യാകാശത്തിലേക്ക് ഉപഗ്രഹങ്ങള്‍ വിടുന്നതുപോലെ ദീര്‍ഘനാളൊന്നുമില്ലാതെ ഇത് വളരെ സമീപഭാവിയില്‍ സാധാരണക്കാരന് ഗുണം ചെയ്യുമെന്നതിന്റെ ഉത്തമഉദാഹരണമാണ് തൊഴില്‍ ദിനങ്ങളും, തൊഴില്‍ അവസരങ്ങളും കോവിഡ് കാലഘട്ടത്തിനുശേഷം ഏറ്റവും ഉയര്‍ന്നനിരക്കിലായി എന്നത്. നിര്‍മ്മാണരംഗത്ത് ഈ വളര്‍ച്ച സൂചിപ്പിക്കുന്ന പ്രധാന മാനദണ്ഡം വൈദ്യുതി ഉപഭോഗമാണല്ലോ. കണക്കുകള്‍ സൂചിപ്പിക്കുന്നത് അത് സര്‍വ്വകാല റെക്കോര്‍ഡാണെന്നാണ്. മാത്രമല്ല നിക്ഷേപകരുടെയും സംരംഭകരുടെയും ആത്മവിശ്വാസം വളരെ ഉയര്‍ന്നുനില്‍ക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി കണക്കാക്കുന്ന ബാങ്കിലെ കടമെടുപ്പുതോതും കഴിഞ്ഞ 9 വര്‍ഷത്തിലെ ഏറ്റവു ഉയര്‍ന്നതാണെങ്കിലും എന്‍പിഎ, അഥവാ കിട്ടാക്കടങ്ങളുടെ എണ്ണം കഴിഞ്ഞ 15 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുമായി.
വളര്‍ച്ചാനിരക്കിന്റെ ചലനം എല്ലാരംഗത്തും പ്രതിഫലിക്കുന്നുണ്ട്. ഭാരതത്തിലെ കാര്‍ വില്‍പനയും കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 % കൂടിയത്, സാധാരണക്കാരായ തൊഴിലാളികളും ഉദ്യോഗസ്ഥരും സാമ്പത്തികഭദ്രത നേടിയെന്നതിന്റെ സൂചികയായി കണക്കാക്കാം. ഇതില്‍ത്തന്നെ സാധാരണക്കാരുടെ/ഇടത്തരക്കാരുടെ വാഹനമായ മാരുതിയും, മഹീന്ദ്രയും 16 ശതമാനവും 26 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയത് ആ വിഭാഗക്കാരുടെ സാമ്പത്തിക ഉന്നമനത്തിന്റെ തോത് പ്രത്യക്ഷത്തില്‍ അളക്കാനുള്ള മാനദണ്ഡമാണ്. അതുപോലെ തന്നെ ഗ്രാമീണമേഖലയിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കാര്‍ഷികമേഖലയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിനു തെളിവാണ് രാജ്യത്ത് ഈ വര്‍ഷം ട്രാക്ടറുകളുടെ വില്‍പ്പന ഏതാണ്ട് 5 % വളര്‍ച്ച നേടിയത്. ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക മേഖലയിലെ ഉറച്ച നടപടികളും ഉദാര സമീപനങ്ങളും നഗര-ഗ്രാമീണ മേഖലകളെ ഒരു പോലെ ഉണര്‍ത്തുകയും ഭാരതത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വളര്‍ച്ചാനിരക്കുള്ള സമ്പദ് ശക്തിയായി മാറ്റുകയും ചെയ്തിരിക്കുന്നു.
ഈ വികസനം തുടര്‍ന്നാല്‍ ഭാരതം വിദൂരമല്ലാത്ത ഭാവിയില്‍ ജര്‍മ്മനിയെയും ജപ്പാനെയും മറികടന്നു ലോകത്തെ മൂന്നാം സാമ്പത്തികശക്തിയായി മാറുമെന്നതില്‍ തര്‍ക്കമില്ല. ഈ ശുഭാപ്തിവിശ്വാസത്തെ തകര്‍ക്കാന്‍ പുറമെനിന്നെന്നപോലെ രാജ്യത്തിനകത്തുനിന്നും ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തെ വികസനക്കുതിപ്പിന്റെയും സുതാര്യതയുടെയും മറ്റൊരു ലക്ഷണമായി പണമിടപാടുകളുടെ ഡിജിറ്റലൈസേഷനെ കാണുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി ലോകസഭയില്‍ ഇതിനെതിരെ പ്രസംഗിച്ചത് എന്താണ് എന്ന് നമുക്കറിയാം. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്നത് ചൈനയെയും ബ്രസീലിനെയും മറികടന്ന് 46 ശതമാനവും ഭാരതത്തിലാണ്. സര്‍ക്കാരുകളുടെ സാമ്പത്തിക സഹായങ്ങള്‍, സമയനഷ്ടവും ഉദ്യോഗസ്ഥ-രാഷ്‌ട്രീയ അഴിമതിയും ഇല്ലാതെ ജനങ്ങളില്‍ എത്തിക്കാന്‍ ഇതു സഹായകമായി. സമീപ ഭാവിയില്‍ ലോകത്തിലെ ഏറ്റവും പ്രധാന സാമ്പത്തിക ശക്തിയായി ഭാരതം മാറും. ആ സുവര്‍ണ്ണകാലഘട്ടത്തിന്റെ പതാകവാഹകരായാണ് നരേദ്രമോദി സര്‍ക്കാരിനെ ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: