1198 ചിങ്ങമാസത്തിലെ ചതയം ശ്രീനാരായണഗുരുവിന്റെ 169ാം ജന്മദിനം. ഋഷീശ്വരന്മാര്‍ പകര്‍ന്നുനല്‍കിയ സംസ്‌കാരമാണ് ഭാരതത്തിന്റേത്. ആ ആര്‍ഷസംസ്‌കാരമാണ് ഭാരതത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുണ്യഭൂമിയാക്കി മാറ്റിയത്. നാലു വേദങ്ങളും നൂറ്റെട്ട് ഉപനിഷത്തുക്കളും, പതിനെട്ട് പുരാണങ്ങളും, ഗീതയും, ഭാഗവതവും, രാമായണ മഹാഭാരതാദി ഇതിഹാസങ്ങളും മറ്റനവധി വൈജ്ഞാനിക ഗ്രന്ഥസമുച്ചയങ്ങളും ഭാരതത്തിനുമാത്രം സ്വന്തം. എന്നാല്‍ മനുഷ്യത്വഹീനമായ ജാതിവ്യവസ്ഥയും, മതവിഘടനവാദവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭാരതം എന്ന പുണ്യഭൂമിയെ മലിനമാക്കി എങ്കിലും നാടിന്റെ ശ്രേയസ്സിന് തെല്ലുപോലും കളങ്കം സംഭവിച്ചില്ല. കാരണം ഭാരതസംസ്‌കൃതിക്കുമാത്രം അവകാശപ്പെട്ടൊരു ആപ്തസന്ദേശമുണ്ട്:
‘യദാ യദാഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യൂത്ഥാനമധര്‍മസ്യ
തദാത്മാനം സ്യജാമ്യഹം’
എപ്പോഴെല്ലാം ധര്‍മ്മത്തിന് ക്ഷതം സംഭവിക്കുന്നുവോ, എപ്പോഴെല്ലാം അധര്‍മ്മം തഴച്ചുവളരുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവതരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞ വാക്കുകളാണവ.
ദ്വാരകയില്‍ അധര്‍മ്മ നിര്‍മ്മാര്‍ജ്ജനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതരിച്ചതുപോലെ തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ 19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭഗവാന്‍ ശ്രീനാരായണഗുരു അവതരിച്ചു; ധര്‍മ്മസംസ്ഥാപനത്തിനായി.
1030ാംമാണ്ട് (1854) ചിങ്ങത്തിലെ തിരുവോണം തകൃതിയായി ആഘോഷിക്കുന്നു മലയാളനാട്. മാവേലിമന്നന്‍ പടിയിറങ്ങി മൂന്നാംനാള്‍ നക്ഷത്രത്തില്‍ ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ മാടനാശാന്‍ കുട്ടിയമ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു പിറന്നു. പിറന്നുവീണ കുഞ്ഞ് കരഞ്ഞില്ലത്രെ. സൂര്യകോടി സമപ്രഭ ബ്രഹ്മാണ്ഡം നിറഞ്ഞു. മാതാപിതാക്കള്‍ കുഞ്ഞിന് ‘നാരായണന്‍’ എന്ന് പേരിട്ടു. വിളിപ്പേര് നാണു. അറിവിന്റെ അനന്തതയിലേയ്‌ക്കുള്ള യാത്രയില്‍ മരുത്വാമലയിലെ കഠിനമായ തപസ്സില്‍ നിന്നും ഈശ്വരസാക്ഷാത്കാരം സിദ്ധിച്ചശേഷം നാണു ശ്രീനാരായണഗുരുവായി വിഖ്യാതനായി. നിരന്തരമായ തപസ്സില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ജ്ഞാനംകൊണ്ട് പാപത്തെ ഭസ്മീകരിച്ച് ജ്ഞാനത്തിന്റെ പരമോന്നതയിലേയ്‌ക്ക് ഉയര്‍ന്ന ഗുരു സ്ഥിതപ്രജ്ഞനായി, പരബ്രഹ്മമായി.
‘നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുന്‍പേ അറിവായ നാം ഉണ്ടായിരുന്നു’. ഗുരുദര്‍ശനങ്ങള്‍ ലോകജനതയിലേയ്‌ക്കെത്തിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ട് അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി, ഗുരു 64 കൃതികളിലൂടെ വ്യാസന്റെ ചതുര്‍വേദങ്ങള്‍ക്ക് സമാനമായി ഗുരുവിന്റെ വേദമായ ആത്മോപദേശശതകം, ലോകത്തിലെ പ്രമുഖ രാഷ്‌ട്രങ്ങള്‍ പ്രാര്‍ത്ഥനാഗീതമായി അംഗീകരിച്ച ദൈവദശകം, ഉപനിഷത്ദര്‍ശനമായ ദര്‍ശനമാല, വേദാന്തസാരസര്‍വ്വസ്വം എന്നു വിശേഷിപ്പിക്കാവുന്ന അദൈ്വതദീപിക, വരണ്ടുണങ്ങിയ ഭൂമിയില്‍ മഴ പെയ്യിക്കാന്‍ സാധ്യമായ അര്‍ദ്ധനാരീശ്വരസ്തവം എന്നിങ്ങനെ മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളിലായി 64ല്‍പരം കൃതികളാണ് ഗുരു ലോകജനതയ്‌ക്ക് നല്‍കിയത്.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ക്ഷേത്രാരാധന പോലും നിഷേധിക്കപ്പെട്ട ഒരു കൂട്ടം ജനതയുടെ ആവശ്യകതയെ മാനിച്ച് 1888 മഹാശിവരാത്രി നാള്‍ ഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്ത നിശ്ശബ്ദ വിപ്ലവമായിരുന്നു. ക്ഷേത്രമതിലില്‍ അദ്ദേഹം എഴുതിവച്ചു
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
താന്‍ ഏതൊരു സമുന്നതമായ ലക്ഷ്യത്തോടെയാണോ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊടുത്തത് ആ ലക്ഷ്യം ജാതിവിവേചനത്തിന്റെ പേരില്‍ വ്യഭിചരിക്കപ്പെടുന്നു എന്നറിഞ്ഞതില്‍ ഗുരു വേദനിച്ചു. മാനവരാശിയുടെ മോചനത്തിനായി ജനിച്ചപ്പോള്‍ പോലും കരയാതിരുന്ന ഗുരുദേവന്‍ ലോകജനതയ്‌ക്കുവേണ്ടി കണ്ണീര്‍ പൊഴിച്ചു. 54 ക്ഷേത്രങ്ങളിലാണ് സ്വാമി, പ്രതിഷ്ഠ നടത്തിയത്. ശിവന്‍, ഗണപതി, സുബ്രഹ്മണ്യന്‍, ദേവി തുടങ്ങിയ ദേവതാവിഗ്രഹങ്ങള്‍, കളവംകോടം, വൈക്കം, ഉല്ലല ക്ഷേത്രങ്ങളില്‍ ഓം ശാന്തി എന്നു രേഖപ്പെടുത്തിയ കണ്ണാടി, കാരമുക്ക് ചിദംബരം ക്ഷേത്രത്തില്‍ ദീപം, മുരുക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നീ സനാതനമൂല്യങ്ങള്‍ ആലേഖനംചെയ്ത ഫലകം, ശിവഗിരിയില്‍ വിദ്യാദേവതയായ ശാരദാദേവി തുടങ്ങിയ പ്രതിഷ്ഠകള്‍ ഗുരുദേവന്‍ നടത്തി.
ഗുരുവിന്റെ സംന്യാസിശിഷ്യനായിരുന്ന ശിവലിംഗദാസസ്വാമികള്‍ ‘ഗുരുഷ്ടക’മെന്ന കൃതിയിലൂടെ ഗുരുവിനെ വിലയിരുത്തുന്നു:
‘ഓം ബ്രഹ്മണേ മൂര്‍ത്തി മതേ
ശ്രീതാനാം ശക്തിഹേതവേ
നാരായണ യതീന്ദ്രായ
തസ്‌മൈ ശ്രീ ഗുരവേ നമഃ’
ആശ്രയിക്കുന്നവരുടെ ശുദ്ധീകരണത്തിന് ഹേതുവായ പരബ്രഹ്മം തന്നെ ശ്രീനാരായണഗുരുവിന്റെ രൂപത്തില്‍ പ്രത്യക്ഷീഭൂതനായിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
ഗുരുവിന്റെ പ്രിയ ഗൃഹസ്ഥശിഷ്യനായിരുന്ന കുമാരനാശാന്‍ തന്റെ ‘ഗുരുസ്തവം’കൃതിയില്‍ ഗുരുവിന്റെ അദ്ധ്യാത്മികതയെ വിലയിരുത്തുന്നു:
‘ആരായുലകിലന്ധത്വമൊഴിച്ചാദി മഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം’
അറിവില്ലായ്മയെ മാറ്റി യഥാര്‍ത്ഥ ഈശ്വരനിലെത്തിച്ചേരാനുള്ള നേരായ വഴികാട്ടിത്തരുന്ന ശ്രീനാരായണഗുരു തന്റെ പരമദൈവമാണെന്ന് പ്രഖ്യാപിക്കുന്നു.
നോബല്‍ സമ്മാനജേതാവായ വിശ്വമഹാകവി രവീന്ദ്രനാഥടാഗോര്‍ 1922ല്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച ശേഷം പറഞ്ഞത് ‘ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചുവരികയാണ്. ഇതിനിടയില്‍ പല സിദ്ധന്‍മാരെയും മഹര്‍ഷിമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ശ്രീനാരായണഗുരുവിനേക്കാള്‍ അദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല; മാത്രമല്ല അദ്ദേഹത്തിന് തുല്യമായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല’.
അമാനുഷികമായ ദിവ്യശക്തിയാണ് ജനങ്ങള്‍ക്ക് ഗുരുദേവനില്‍ ആരാധന വര്‍ദ്ധിക്കാനുള്ള കാരണം. ഇത്തരം ദിവ്യശക്തി അവതാരപുരുഷന്മാര്‍ക്ക് മാത്രം ഉള്ളതാണെന്ന് പറയപ്പെടുന്നു. ജന്മനാ അന്ധനായവരെ ഗുരുവിന്റെ കാരുണ്യകടാക്ഷത്താല്‍ കാഴ്ച നല്‍കിയതും, ഊമയായവരെ വാഗ്മികളാക്കിയതും തളര്‍ന്നുപോയവരെ സാന്ത്വനസ്പര്‍ശത്തില്‍ എഴുന്നേല്‍പ്പിച്ചതും ചരിത്രം രേഖപ്പെടുത്തുന്നു.
പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിക്കാ
നും ഗുരുവിന് കഴിഞ്ഞിരുന്നു. തൃശ്ശൂര്‍ വാടനപ്പിള്ളിയില്‍ വയ്‌ക്കാട്ടില്‍ ശങ്കരന്റെ പറമ്പും വീടും 1924 ലെ കടല്‍ക്ഷോഭത്തില്‍ കടലെടുക്കും എന്നു കണ്ടപ്പോള്‍ അദ്ദേഹം ഗുരുവിനോട് സങ്കടമുണര്‍ത്തിച്ചു. ഗുരുശിഷ്യനായ ബോധാനന്ദസ്വാമികളോട് കടലെടുക്കുന്നിടത്ത് പോയി കിടക്കുവാന്‍ ആവശ്യപ്പെട്ടതിനുശേഷം ഗുരുവും എത്തി കൈ ഉയര്‍ത്തിയതും കടലിളകി വന്ന തിരമാലകള്‍ ശാന്തമായി ഇറങ്ങിപോയി. പിന്നീട് ഉണ്ടായ സുനാമി വന്‍നാശം വിതച്ചപ്പോഴും ശങ്കരന്‍ ദ്വീപിലെ വയ്‌ക്കാട്ടു കുടുംബം ഭദ്രമായി ഇന്നും നിലനില്‍ക്കുന്നു. ഗുരുവിന്റെ അമാനുഷികവും അത്ഭുതകരവുമായ പ്രവര്‍ത്തനത്തിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ പറയാനുണ്ട്.
ശങ്കരാചാര്യര്‍, വിവേകാനന്ദസ്വാമികള്‍, രവീന്ദ്രനാഥടാഗോര്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍ തുടങ്ങി തലമുറകളില്‍ വല്ലപ്പോഴും ജന്മം കൊള്ളുന്ന മഹാത്മാക്കള്‍ തങ്ങളുടെ ആയുസ്സും വപുസ്സും തപസ്സും മാത്രമല്ല സമസ്തവും ലോകനന്മയ്‌ക്കുവേണ്ടി സമര്‍പ്പിച്ച് ദൈവതുല്യരായവര്‍. ലോകചരിത്രത്തില്‍ ഇങ്ങനെ അധികംപേര്‍ ഉണ്ടാകില്ല. അത്തരം പരമാത്മാക്കളെ സമുചിതമായി ആരാധിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
ജീവാത്മാ പരമാത്മാ ഐക്യത്തിന്റെ മഹാദര്‍ശനം സാക്ഷാത്കരിച്ച ഗുരുദേവന്‍ ലോകനന്മയ്‌ക്കുവേണ്ടി കൊളുത്തിവച്ച കെടാവിളക്ക് 169ാം ജന്മദിനത്തിലും ഒട്ടുംതന്നെ മങ്ങലേല്‍ക്കാതെ ധര്‍മ്മത്തിന് വഴികാട്ടിയായി നിലകൊള്ളുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ ഉഴറുന്ന മനുഷ്യര്‍ വഴിമാറിപോകുന്നു; അലക്ഷ്യമായി.
‘നമിക്കുവിന്‍ സഹജരെ
നിയതമീ ഗുരുപാദം
നമുക്കതില്‍പരം ദൈവം
നിനക്കിലുണ്ടോ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: