Categories: Samskriti

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം

സുരഘൂപാഖ്യാനം
വസിഷ്ഠന്‍ പറഞ്ഞു, ”ആത്മാവിനെ ഈവണ്ണം ആത്മാവുകൊണ്ടുതന്നെ ചിന്തചെയ്ത് ആത്മാവില്‍ രാഘവ! നീ വിശ്രമിച്ചീടുക. സര്‍വദൃശ്യങ്ങളും ക്ഷയിക്കുന്ന അഭ്യാസം നിമിത്തമായി നിര്‍വാണപദം പ്രാപിച്ചീടുംവരെ ശാസ്ത്രത്തിനാലും ഗുരുവിനാലും തന്റെ ചിത്തിനാലും വിചാരിക്കണം. വൈരാഗ്യം, അഭ്യാസം, അദ്ധ്യാത്മശാസ്ത്രം എന്നിവ ഉള്‍ച്ചേരുന്ന ബോധം, ഗുരൂപദേശം, യമനിയമങ്ങള്‍ ഇത്യാദിയാല്‍ നീ പാവനമായ പദം പ്രാപിക്കുമെന്നറിയുക. ഏതും കളങ്കമില്ലാത്തതായി, തീക്ഷ്ണമായി ബോധമാര്‍ന്നുള്ളതായീടുന്ന ബുദ്ധി തീര്‍ത്തും സാമഗ്ര്യഹീനയെന്നാകിലും ശാശ്വതമാകുന്ന പദം പ്രാ
പിച്ചുകൊണ്ടീടും.”
ശ്രീരാമന്‍ അപ്പോള്‍ ആചാര്യനോട് ചോദിച്ചു, ”ഒരുവന്‍ വ്യവഹാരമാര്‍ന്നു വാഴുന്നവനാകിലും ജന്മനാ സമാധികനായി പാരില്‍ പ്രബുദ്ധനായുള്ളവനെന്നപോല്‍ പാരം ആത്മാരാമനായി ഭവിക്കുന്നു. ഒരുവന്‍ ആരുമില്ലാത്തിടത്ത് സദാനേരവും നന്നായി സമാധിയില്‍ ഇരിക്കുന്നു. ഈ രണ്ടുപേരിലും ഏറ്റവും ഉത്തമന്‍ ആരാണെന്ന് സദ്ഗുരോ! അരുളിച്ചെയ്യണേ.” വസിഷ്ഠന്‍ തുടര്‍ന്നു, ”ഹേ പത്മപത്രായതാക്ഷ! ഗുണത്രയരൂപമാകുന്ന ഈ പ്രപഞ്ചത്തെ ആത്മാവല്ലെന്നു കാണുന്നവന് ഉള്ളിലുണ്ടാകുന്ന തണുപ്പിനെയാണു സമാധിയെന്നു പറയുന്നതെന്നോര്‍ക്കുക. ഈ പ്രപഞ്ചത്തോട് എനിക്കു യാതൊരു സംബന്ധവുമില്ലെന്നുറച്ച് ഉള്ളുകുളിര്‍ത്ത് ഏകന്‍ വ്യവഹാരിയായി വാണീടുന്നു, ഏകന്‍ എല്ലായ്‌പ്പോഴും നിഷ്ഠചെയ്തീടുന്നു, രണ്ടുപേര്‍ക്കും ഉള്ള് നന്നായി കുളിര്‍ത്തീടുകില്‍ രണ്ടാളും ഭേദമില്ലാതെ സുഖി(ആത്മസുഖി)കളായീടുന്നു. അന്തരംഗം കുളിര്‍ത്തീടുന്നതു അന്തമില്ലാത്ത തപസ്സിന്റെ ഫലമാണെന്നോര്‍ക്കുക. സമാധിസ്ഥാനത്ത് ഇരിക്കുന്ന മനുഷ്യന്റെ മനസ്സ്, മോദം, വിഷാദം മുതലായവകളാല്‍ ക്ഷുഭിതമായിവന്നാല്‍ സമാധാനം ഉന്മത്തനായവന്റെ നൃത്തംപോലെയായീടുമെന്ന് മേദുരബുദ്ധേ! ചിത്തത്തില്‍ ധരിക്കുക. ഉന്മത്തതാണ്ഡവത്തില്‍ നില്‍ക്കുന്ന മാനവന്‍ തന്റെ മനം വാസനാഹീനമായീടുകില്‍ ഉന്മത്തനര്‍ത്തനം നല്ല സമാധിക്കു തുല്യമാണെന്നു ധരിച്ചീടുക. വ്യവഹാരിയാകുന്ന പ്രബൂദ്ധനും കാട്ടില്‍ സൈ്വരം വാഴുന്ന പ്രബുദ്ധ
നും സമന്മാരാണെന്നും നന്നായി പരംപദത്തെ പ്രാപിച്ചവരെന്നതും സന്ദേഹമില്ല. ചേതസ്സ് ക്ഷീണവാസനമാകുന്നുവെങ്കില്‍ ചെയ്തുകൊണ്ടീടിലും ചെയ്യാത്തതാകുന്നു. മനസ്സ് അകലെയായിരിക്കുന്ന മനുഷ്യന്‍ അടുത്തിരുന്നാലും വായന കേള്‍ക്കുന്നില്ല. ചേതസ്സ് വാസനാമുക്തമാണെങ്കില്‍ ചെയ്യാതിരിക്കിലും ചെയ്തതായീടുന്നു. സ്വപ്‌നത്തില്‍ അംഗം ചലിക്കുന്നില്ലെങ്കിലും ചെന്നു കൂപ(പൊട്ടക്കിണറ്റില്‍)ത്തില്‍ പതിക്കുകില്‍ എപ്രകാരമാണോ, ചിത്തം അകര്‍ത്തൃത്വമാര്‍ന്നിരിക്കുന്നതാണ് ഉത്തമമായ സമാധാനമെന്നോര്‍ക്കുക. അത് കേവലീഭാവമായീടുന്നു, അതുതന്നെ പരയായ നിര്‍വൃതി.
മനസ്സ് നിശ്ചലമായിരുന്നീടുകില്‍ ധ്യാനദൃഷ്ടിക്കുള്ള നല്ല ഹേതുവാണ്. മാനസം ചഞ്ചലമായിരിക്കുന്നത് ആ ധ്യാനദൃഷ്ടിക്കുള്ള ഹേതുവായീടുന്നു. അതുകൊണ്ട് ചിത്തത്തിന് മുളയില്ലാതെയാകുവാന്‍ രാഘവ! നന്നായി നീ വേലചെയ്തീടുക. വാസനയില്ലാത്ത സ്ഥിരമായ മനസ്സിനെ നിര്‍വാദമായി ഏവരും ധ്യാനമെന്നു പറയുന്നു. അതുതന്നെയാണു കൈവല്യം, ആയതുതന്നെ നല്ല ശാന്തിയാകുന്നു. ഉന്നതമാകുന്ന പദം ലഭിക്കാന്‍ വാസന നന്നായി ചുരുങ്ങണം. മാനസം വാസനാഹീനമായാല്‍ നിശ്ചയമായും പരംപദം പ്രാപിച്ചീടും. ചിത്തം ഘനമായ വാസനയോടെന്നാല്‍ കര്‍ത്തൃത്ത്വം ഭാവിച്ചുകൊണ്ട് ദുഃഖങ്ങളെയുണ്ടാക്കിവെക്കും. അതുകൊണ്ട് പെട്ടെന്നു വാസനാനാശം വരുത്തണം. ഹേ സത്ബുദ്ധേ! സര്‍വഭാവികയായ വാസനയെ പെട്ടെന്നു മനസ്സുകൊണ്ടുനീക്കി നീ എങ്ങനെ വാഴുന്നുവോ അങ്ങനെ കുന്നിലോ മന്ദിരത്തിലോ വാഴുക. ചേതസ്സടങ്ങി അഹങ്കാരദോഷം ഏതും ഇല്ലാത്തവരായ ഗൃഹസ്ഥന്മാര്‍ വാഴുന്ന ഭവനം വിജനമാകുന്ന കാടാകുന്നു രാഘവ!
അങ്ങാടിയിലെ തെരുവില്‍ ജനക്കൂട്ടം എങ്ങും വിഹരിച്ചീടുന്നുണ്ടെങ്കിലും സംബന്ധമില്ലായ്കകൊണ്ട് വഴിയാത്രക്കാരന് ആരുമില്ലാത്തതുപോലെയെന്നു നീ ധരിക്കുക. ജ്ഞാനിയായുള്ളവന് അപ്രകാരം കാടുപോലെയായീടും നഗരം. ചിത്തം അന്തര്‍മുഖമായിരിക്കുന്നവന്‍ ഉറങ്ങുന്നവനായാലും ഉണര്‍ന്നവനായാലും ഒരേടത്തു നന്നായി ഇരിക്കുന്നവനാകിലും നാടും നഗരവും വീടും മഹാമതേ! കാടുപോല്‍ കണ്ടുകൊണ്ടീടുന്നതാകുന്നു. അന്തര്‍മുഖമനസ്സായുള്ള
പുരുഷന് സകലവും അന്തരീക്ഷത്വമാര്‍ന്നതാണ്. ചേതസ്സ് ശീതളമായി ഭവിക്കുകില്‍ ഭവനവും ശീതളമായി ഭവിക്കും. ഉള്ള് കത്തിയെരിയുകില്‍ ജഗത്ത് കാട്ടുതീ കത്തി ദഹിക്കുന്നതായി വരും. ജന്തുക്കളുടെ ഉള്ളില്‍ എന്തോന്നിരിക്കുന്നവോ ആയതേയുള്ളു പുറമേയുമെന്നു ചിന്തിക്കുക. ഭൂമിയും സ്വര്‍ഗവും നദികളും ആകാശവും വായുവും പര്‍വതങ്ങളും അന്തഃകരണത്വത്തിന്റെ ഭാഗങ്ങളാകുന്ന ദിക്കുകളും എല്ലാം പുറമേ സ്ഥിതിചെയ്തുകൊള്ളുന്നതായിട്ടു തോന്നുന്നതാകുന്നു, സുമതേ! നീ കേള്‍ക്കുക.
കര്‍മ്മേന്ദ്രിയങ്ങളാല്‍ കാര്യങ്ങളൊക്കെയും നിര്‍മ്മായമായിട്ട് തുടരെ ചെയ്യുന്നുണ്ടെങ്കിലും ആരാണോ ആത്മനിഷ്ഠനായി ഹര്‍ഷശോകങ്ങളില്‍ ചേരാതെകണ്ട് വസിക്കുന്നത് അവന്‍ നിശ്ചയമായും സമാഹിതനായുള്ളവനാകുന്നു എന്നു സത്തുക്കളെല്ലാം പറയുന്നു. രാമ! നീ ധരിക്കുക, സര്‍വഭൂതങ്ങളെ താനെന്നപോലെയും അന്യര്‍ക്കുള്ളതായ ദ്രവ്യങ്ങളെ നിര്‍വിവാദം വെറും മണ്‍കട്ടപോലെയും പേടികൊണ്ടല്ലാതെ ശീലമായിട്ടു കണ്ടീടുന്നവനാരോ അവന്‍ ഒക്കെയും കണ്ടവനാണ്. ഇപ്പോള്‍ മരണം വരുന്നതായാലും കല്പങ്ങളേറെക്കഴിഞ്ഞു വന്നാലും മഹാശയന്‍ കളങ്കമാര്‍ന്നീടുകയില്ല; ചെളിയില്‍ കിടന്നാലും തങ്കം നിറംകെടുകയില്ലല്ലോ? സര്‍വം പ്രശാന്തം, ആഭാസ്വരം, ശാശ്വതം, സര്‍വഗം, ഏകം, അനാദിമദ്ധ്യം, പരം ഈവിധം ബോധാര്‍ത്ഥം കല്പിതമാകുന്നു, എല്ലാം വൃഥൈവ എന്നു ബോധിച്ചുകൊണ്ടീടുക. അത് ഓം എന്നു വ്യക്തമായുള്ളതാണ്.
രാമ! നവഘനശ്യാമകളേബര! പുരാതനമായുള്ള ഒരു ഇതിഹാസം ഒന്നു ഞാന്‍ നന്നായി പറയാം. സുലോചന! കിരാതേന്ദ്രനാകുന്ന സുരഘുവിന്റെ വൃത്താന്തം അത്യന്തം ഉത്തമവും വിചിത്രവുമായതു നീ കേള്‍ക്കുക. ഹിമശൈലത്തില്‍ ഒരു തുംഗമായ ശൃംഗമുണ്ട് – കൈലാസം. ഹിമജടപൂണ്ട കിരാതന്മാര്‍ ആ മലയുടെ ചുവട്ടില്‍ താമസിക്കുന്നു. അവര്‍ക്കേറ്റം കേമനായുള്ള സുകീര്‍ത്തിമാനായ ഒരു നായകനുണ്ടായിരുന്നു. കേട്ടീട്, അവനുള്ള പേരാണ് സുരഘുവെന്ന്. ദുഷ്ടന്മാരെ ശിക്ഷിച്ചുകൊണ്ടും ശിഷ്ടന്മാരെ രക്ഷിച്ചുകൊണ്ടും
പൂജ്യനായ ആ കിരാതരാജാവ് വളരെക്കാലം രാജ്യം ഭരിച്ചു വാണു. സുഖങ്ങളും ദുഃഖങ്ങളും വല്ലാതെ വര്‍ദ്ധിച്ച് ആ കിരാതരാജാവിന് രാജ്യം ഭരിക്കുവാന്‍ അല്പവും ഉത്സാഹമില്ലാതെയായി. അദ്ദേഹം ഉള്ളില്‍ ഇങ്ങനെ വിചാരിച്ചുതുടങ്ങി, ”യന്ത്രം (ചക്ക്) എള്ളിനെ ഞെരിക്കുന്നതുപോലെ ഈ ലോകരെ ഞാന്‍ പീഡിപ്പിക്കുന്നതെന്തിനാണ്? സകലഭൂതങ്ങള്‍ക്കുമുള്ള ആര്‍ത്തി എനിക്ക് വന്നീടുന്നതാണ്. ഒന്നു ചിന്തിച്ചാല്‍ എനിക്കെന്തു ദോഷമാണെന്നും നിയമിച്ച ശക്തിയും ഞാന്‍ ചെയ്യുന്നു. ഇപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ പ്രജാവൃന്ദം നിലനില്‍ക്കില്ല. വെള്ളമില്ലാതായിച്ചമഞ്ഞാല്‍ പാരില്‍ തരംഗിണി (പുഴ) എങ്ങനെയാണ്?” ഇത്തരം സംശയസ്ഥിതിയിലുള്ള രാജാവിന്റെ ചിത്തം അല്പവും വിശ്രമിച്ചില്ല. ഒരു ദിവസം ആ രാജാവിന്റെ ഗൃഹത്തില്‍ മാണ്ഡവ്യമുനി എത്തി. മുനീന്ദ്രനെ നന്നായി പൂജിച്ചു വന്ദിച്ചു രാജാവ് ഈവണ്ണം പറഞ്ഞു, ”ഉള്‍
പ്രീതിയോടെ ഇങ്ങെഴുന്നള്ളിയമൂലം അടിയന്‍ ആനന്ദമാര്‍ന്നു. ഞാന്‍ ധന്യരില്‍ ഒന്നാമനായി ഭവിച്ചു എന്നതില്‍ സന്ദേഹം അല്പവും ഇല്ല കൃപാംബുധേ! സര്‍വജ്ഞനായ മുനേ! അങ്ങ് പലനാളായി വിശ്രാന്തനായി വിളങ്ങുന്നു. സൂര്യന്‍ ഇരുട്ടിനെയെന്നപോലെ എന്റെ മനസ്സിലെ സംശയങ്ങളെ ദൂരെ നീക്കേണം. ഉയര്‍ന്ന സജ്ജനസംഗമംകൊണ്ട് ദുഃഖമൊക്കെ നശിക്കാത്തതാര്‍ക്കാണ്? സന്ദേഹമെന്നതാണ് ഭൂമിയിലെ വലിയ ദുഃഖം. എന്നും പ്രജകളെ ശിക്ഷിക്ക, രക്ഷിക്ക എന്നുള്ളവയില്‍നിന്നുളവനായ വിചാരങ്ങള്‍ ആനയ്‌ക്ക് സിംഹത്തിന്റെ നഖങ്ങള്‍ കണക്ക് എനിക്കു വളരെയേറെ ക്ലേശം വരുത്തുന്നു. അത് സൂര്യാംശുവെന്നപോല്‍ എവിടെയും വ്യാപിച്ചതുപോലെ ഭവിച്ചത് ഏതു തരത്തിലാണ്? ഭൂമിയില്‍ ഭവാനൊഴിഞ്ഞ് ആരും എനിക്കില്ല, നല്ലവണ്ണം കരുണചൊരിയേണമേ.”കാട്ടാളരാജന്റെ സംസാരം ഇതുപോലെ കേട്ട് മാണ്ഡവ്യന്‍ സന്തോഷത്തോടെ പറഞ്ഞു, ”ആത്മവിചാരം മുറയ്‌ക്കു ചെയ്താല്‍ നല്ല മനോമലം, വേനല്‍ക്കാലത്തു മഞ്ഞുരുകുമ്പോലെ പെട്ടെന്നു നീങ്ങും. ഞാനാര്, ഈ ജഗത്തുണ്ടായതെങ്ങനെ, പാരില്‍ ജനിക്ക, മരിക്കയെന്നുള്ളതും എങ്ങനെയാണു സംഭവിക്കുന്നതെന്നും ഉള്ളില്‍ സദാ വിചാരിക്കുകില്‍ നിര്‍മ്മലമായി, മഹത്തായി വിളങ്ങുന്ന പദം പ്രാപിക്കുമെന്നെതില്‍ സംശയമില്ല. നന്നായ വിചാരത്തിനാല്‍ പരിജ്ഞാതസ്വഭാവനായി വര്‍ത്തിച്ചിടുന്ന അങ്ങയുടെ അടുക്കല്‍ സ്വരൂപമുപേക്ഷിച്ചു, നല്ലൊരു ശാന്തിയെ പ്രാപിച്ചു, വിജ്വരമായി വരും.
(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക