അക്കാദമിക് മേഖലയില്‍ ഭാരതീയമായ അന്വേഷണങ്ങള്‍ നടത്തിയും ആഖ്യാനങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ഡോ.ബി.എസ്.ഹരിശങ്കറിന്റെ അകാലവിയോഗം ബൗദ്ധികരംഗത്തും ദേശീയപ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് വരുത്തിവച്ചത്. പ്രൗഢമായ പതിനഞ്ചോളം ആധികാരിക ഗ്രന്ഥങ്ങളിലൂടെ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാന്‍ കഴിഞ്ഞ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്ന ഹരിശങ്കറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭാരതീയ വിചാരകേന്ദ്രം സ്വന്തം ആസ്ഥാനമായ തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലിയായിരുന്നു.
ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രത്തിന്റെയും മേഖലയില്‍ വഴികാട്ടിയാവുന്ന നിരവധി ഗ്രന്ഥങ്ങള്‍ നല്‍കിക്കൊണ്ടാണ് ഡോ. ഹരിശങ്കര്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. എസ്.പി. ഗുപ്തയെയും ദിലീപ് ചക്രവര്‍ത്തിയെയുംപോലുള്ള മഹാന്മാരായ ചരിത്രകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഹരിശങ്കര്‍ വളരെ നിശ്ശബ്ദമായി തന്റെ പഠന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. കുറെക്കാലംകൂടി നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ വേറെയും കനപ്പെട്ട കൃതികള്‍ നമുക്ക് ലഭിക്കുമായിരുന്നു, സഞ്ജയന്‍ അഭിപ്രായപ്പെട്ടു.
കൊളോണിയല്‍ ആഖ്യാനങ്ങളെ തിരുത്താന്‍ ശേഷിയുള്ള ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായിരുന്നു ഹരിശങ്കറെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഓര്‍ഗനൈസര്‍ വാരികയുടെ മുന്‍ എഡിറ്ററുമായ ഡോ. ആര്‍. ബാലശങ്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ ജനിച്ചത് 1947 ന് ശേഷമാണെന്നും മതേതരത്വം ഉണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണെന്നും മറ്റുമുള്ള ആഖ്യാനങ്ങള്‍ രാഷ്‌ട്രത്തിന്റെ ചരിത്രത്തെ ബോധപൂര്‍വ്വം വളച്ചൊടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യ എങ്ങനെ വളരാതിരിക്കണം എന്ന തരത്തിലുള്ള ഒരു കുതന്ത്രം ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ട്.
ഇന്ന് ചരിത്ര പഠനത്തില്‍ പുരാണത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളെ പ്രാഥമിക അറിവ് ശേഖരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മിത്തോളജിക്ക് ഭാവിയില്‍ വലിയ പ്രാധാന്യം ലഭിക്കും. വൈദേശിക അധിനിവേശ കാലഘട്ടത്തില്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത് കേവലം സമ്പത്ത് കൊള്ളയടിക്കാന്‍ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. മതവിദ്വേഷത്തിന്റെ ഭാഗമായും സമ്പത്തില്ലാത്ത ക്ഷേത്രങ്ങള്‍ ധാരാളം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാന്‍ വാപിയും മഥുരയുമൊക്കെ ഇതിന് ഉദാഹരണങ്ങളായി ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
ഹരിശങ്കറെ താന്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും ശിഷ്യനെപ്പോലെയാണ് കരുതിയിട്ടുള്ളതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു. ഹരിശങ്കര്‍ ആര്‍ജിച്ച അറിവിന്റെയും യോഗ്യതയുടെയും അടുത്തുപോലും എത്താത്തവര്‍ ഉന്നതപദവികളില്‍ കയറിയിരുന്നപ്പോള്‍ അര്‍ഹമായ ഔദ്യോഗിക പദവികള്‍ ലഭിക്കാതെ പോയ ആളാണ് ഹരിശങ്കറെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ കോളനിവല്‍ക്കരണത്തിന്റെ വസ്തുതകളെ സമഗ്രമായി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥമാണ് ഡോ.ഹരിശങ്കറിന്റെ ‘ബാറ്റില്‍ ഫോര്‍ ഇന്ത്യ’ യെന്ന് കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുള്ള ഓരോ കൊളോണിയല്‍ വാദങ്ങളും വളരെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ഒരു സാധ്യതയാണ് ഈ പുസ്തകം അവശേഷിപ്പിക്കുന്നത്. കൊളോണിയല്‍ വ്യവഹാരങ്ങളുടെ വസ്തുതകളെ തേടിപ്പിടിച്ച് അവതരിപ്പിക്കാനുള്ള ഹരിശങ്കറിന്റെ ശ്രമങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഈ പുസ്തകം അവശേഷിപ്പിക്കുന്ന പഠനസാധ്യതകള്‍ എത്രമാത്രം ഉപയോഗിക്കാനാവുന്നോ അത്രമാത്രം നമുക്ക് ഇന്ത്യയെ അപകോളനിവല്‍ക്കരിക്കാമെന്ന് ശ്രീകുമാര്‍ വിലയിരുത്തി.
താന്‍ വ്യാപരിക്കുന്ന മേഖലകളില്‍ ഹരിശങ്കര്‍ജിക്ക് ഉണ്ടായിരുന്ന അറിവിന്റെ ആഴം വ്യക്തമാകുന്നതാണ് ‘ചരിത്രത്തിലെ മഹാഭാരതം-രീതിശാസ്ത്രവും നിലപാടുകളും’ എന്ന പുസ്തകമെന്ന് ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളജിലെ ഡോ.എം.രാജി ചന്ദ്ര അഭിപ്രായപ്പെട്ടു.
മഹാഭാരതത്തിന്റെ ഉത്ഭവം, പ്രദേശങ്ങള്‍, സിന്ധു സരസ്വതി ഗംഗാ യമുന നദികളുടെ പ്രാധാന്യം, കുരുപാഞ്ചാല ദേശം, കൃഷി, മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ശാസ്ത്രത്തിന്റെയും പുരാതത്വത്തിന്റെയും തെളിവോടു കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വിവര്‍ത്തനങ്ങളും സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള മഹാഭാരതം ഭാരതത്തിന്റെ ദേശീയ ഇതിഹാസം തന്നെയാണ്. ആര്യന്‍ ആക്രമണത്തെയും ആര്യനാക്രമണ സിദ്ധാന്തത്തെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹരിശങ്കര്‍ തള്ളി കളഞ്ഞിരിക്കുന്നു. പകരം ജനസംഖ്യാ വ്യാപനമാണ് നടന്നിട്ടുള്ളതെന്നു സമര്‍ത്ഥിച്ചിരിക്കുന്നു.
ദേശീയവീക്ഷണം ഉയര്‍ത്തിപ്പിടിച്ച് അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഹരിശങ്കര്‍ ആഗോളതലത്തില്‍ ഭാരതത്തിനെതിരെ നടക്കുന്ന സാംസ്‌കാരികവും രാഷ്‌ട്രീയവുമൊക്കെയായ ഗൂഢാലോചനകളെ തുറന്നുകാട്ടുന്നതില്‍ വിജയിച്ചയാളാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. ഹരിശങ്കറിന്റെ ആധികാരികമായ രചനകള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും.
ഹരിശങ്കറിന്റെ അമ്മയും ഭാര്യയും കുഞ്ഞും ബന്ധുക്കളും ഉള്‍പ്പെടുന്ന നിരവധിപേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: