ഹിന്ദുസമാജം ഉഷ്ണമേഖലയിലെ മഴക്കാട് പോലെയാണ്. ഇത്തരം മഴക്കാടിന് ഉദാഹരണം ആമസോണ്‍ കാടുകളാണ്. എന്താണ് ഇവയുടെ സവിശേഷത? വളരെ നീണ്ട കാലത്തിലൂടെ സഹജമായ നിലനില്പ്പിലൂടെ സഞ്ചിതമായ നിരവധി അടരുകള്‍, പാളികള്‍ അഥവാ തട്ടുകള്‍ ഉള്ള സസ്യ- ജന്തുജാലങ്ങളുടെ അനന്തവൈവിധ്യം ഉള്ളടങ്ങുന്ന ജൈവസത്തകളാണ് അവ.
ഈ ഓരോ അടരുകളും, അവയിലെ പല തരത്തില്‍ വ്യത്യസ്തങ്ങളായ ഓരോ ഘടകവും തമ്മില്‍ തമ്മില്‍ അതിസങ്കീര്‍ണ്ണവും അതിസംവേദനാത്മകവും പരസ്പരപൂരകവുമായ ഒരു ജൈവബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.
മേല്‍പ്പറഞ്ഞ എല്ലാ സവിശേഷതകളും ഹിന്ദുസമാജത്തിനും കാണാം. പ്രാചീനശിലായുഗം മുതല്‍ തന്നെ ഹിന്ദുക്കള്‍ ഈ ഹിന്ദുസ്ഥാനത്തില്‍ ഒരു സമൂഹം എന്ന നിലയ്ക്കു കഴിയാന്‍ ആരംഭിച്ചിരുന്നു എന്നതിന് വേണ്ടത്ര തെളിവുകള്‍ ഉണ്ട്.
കാലാവസ്ഥ, ഭൂപ്രകൃതി, സസ്യജന്തുജാലം എന്നിവയിലെ അനന്തവൈവിധ്യം ഈ വിശാലദേശത്തിലെ പ്രദേശങ്ങളെ, ആ ഇടങ്ങളിലെ വന-ഗ്രാമ-പുരങ്ങള്‍ എന്ന ത്രിതല ആവാസവ്യവസ്ഥകളെ, അവയില്‍ അന്നേ ആവസിച്ചു പോരുന്ന ചെറുതും വലുതുമായ ഹിന്ദുസമുദായങ്ങളെ അതാതിന്റേതായ തനിമയുടെ വ്യത്യസ്ത നിറച്ചാര്‍ത്ത് അണിയിച്ചുകൊണ്ടുമിരുന്നു.
എങ്കിലും ആസേതുഹിമാചലം എന്ന ഭൂമിശാസ്ത്രപരമായ ഏകത ഹിന്ദുക്കളില്‍ ഏകാത്മതയെ പണ്ടേ ഉണര്‍ത്തിയിരുന്നു. വേഷം, ഭൂഷാ, ഭാഷാ, ഭക്ഷണം, സാമുദായികവും ഭരണപരവുമായ വ്യവസ്ഥ, ആചാരാനുഷ്ഠാനങ്ങള്‍, അവയുമായി ബന്ധപ്പെട്ട ദേവതാസങ്കല്‍പ്പങ്ങള്‍, ഐതിഹ്യങ്ങള്‍, പുരാണേതിഹാസകഥകള്‍ മുതലായവയിലും അനന്തവൈവിധ്യം പുലര്‍ത്തിയ ഹിന്ദുക്കളില്‍ ക്രമേണ മോക്ഷം, കൈവല്യം, നിര്‍വാണം എന്ന ആധ്യാത്മികതലം ആത്യന്തികമായ പൊതുജീവിതലക്ഷ്യമായി കരുതപ്പെട്ടു. എന്നുമാത്രമല്ല ബാഹ്യജീവിതത്തിലെ മേല്‍പ്പറഞ്ഞ വൈവിധ്യങ്ങളെ ഈ ആത്യന്തികതലവുമായി ഘടിപ്പിച്ചുകൊണ്ടുള്ള ഒരു മൂല്യ- ആചാരഘടനയും തത്വത്തില്‍ പൊതുവായി അംഗീകരിക്കപ്പെട്ടു. ആചരണത്തില്‍ നടപ്പാക്കുവാന്‍ പരിശ്രമങ്ങളും ഉണ്ടായി. ജാതി (സാമുദായികം- സമ്പ്രദായ (ആധ്യാത്മികം) പരമായി പ്രാചീനവും അര്‍വാചീനവുമായ എല്ലാത്തരം സാമാജിക അടരുകളിലും ഈ പൊതുബോധം ഇന്നും ജീവത്തായ അന്തര്‍ധാര ആണ്.
പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസന് ചൂണ്ടിക്കാട്ടുന്നതുപോലെ ‘അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാവുന്ന’ തരത്തില്‍ വേര്‍പിരിക്കാനാവാത്തവണ്ണം പല വര്‍ണ്ണങ്ങളിലുള്ള നൂലുകള്കൊണ്ടു കൊരുത്ത പട്ടാംബരം പോലെ, ഇവിടെ എല്ലാം സഹജമായി ഇഴചേര്‍ന്നു നില്ക്കുന്നു.
ഇതുപോലെ പഴക്കവും തുടര്‍ച്ചയും, മേല്‍പ്പറഞ്ഞ മഴക്കാടുകളില്‍ മാത്രം കാണാന്‍ കഴിയുന്ന ചിത്രക്കമ്പളവും ലോകത്തിലെ മറ്റൊരു സമാജത്തിനും അവകാശപ്പെടാന്‍ കഴിയില്ല തന്നെ.
കുശാഗ്രബുദ്ധികളും യുക്തിചിന്ത കൈമോശം വരാത്തവരുമായ സ്വാമി വിവേകാനന്ദന്, അരവിന്ദഘോഷ്, മാധവസദാശിവ ഗോള്‍വല്‍ക്കര്‍, ആല്‍ബര്‍ട്ട് ഷൈ്വറ്റ്സര്‍ തുടങ്ങിയ മനീഷികള്‍ ഈ സാമാജികമായ ഇന്ദ്രജാലത്തിനു മുന്നില്‍ നമ്രശിരസ്കരായത് നാം കാണണം.
വൈവിധ്യാന്തര്‍ഗത ഏകാത്മത എന്ന അടിത്തറയില്‍ ഊന്നിയ ഇവിടുത്തെ സമുദായ, സമ്പ്രദായവൈവിധ്യം തികച്ചും ശാസ്ത്രീയവും, നമ്മുടെ ബലത്തിനു നിദാനവും ആണെന്നു ഗുരുജി ഗോള്‍വല്‍ക്കര്‍ വിചാരസുധയില് തെളിവു നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്.
കേവലം സെമിറ്റിക് മത, മതനിരപേക്ഷ, പുരോഗമനപരതകളുടെ കണ്ണടയിലൂടെ കണ്ടെത്താവുന്നതോ അവയുടെ അളവുകോലുകള്‍കൊണ്ട് അളക്കാവുന്നതോ, അവയുടെ പ്രൊക്രൂസ്റ്റിയന്‍ കട്ടിലിലിട്ട് പരിഷ്കരിക്കാവുന്നതോ അല്ല ഇതെന്ന് കാലം തെളിയിച്ചതും നാം മനസ്സിലാക്കണം.
ഹൈന്ദവകേരളത്തിന്റെ കാലോചിതമായ പുനരുത്ഥാനത്തിന് ആദ്യം ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ ഹിന്ദുസമാജത്തെ, അതിന്റെ ഹൈന്ദവതയെ ആഴത്തില്‍ പഠിച്ച് അതിന്റെ സമഗ്രതയുടെ ഉള്ളറിഞ്ഞ് ഉള്‍ക്കൊള്ളലാണ്.
വിപ്ലവം അഥവാ റെവലൂഷന് ഒരു നിര്‍വചനം പറയാറുണ്ട്. ‘”Speedy evolution is revolution’ എന്നതാണ് അത്. ഈ വിപ്ലവത്തിന്റെ നാനാവശങ്ങളെ വിവരിക്കുന്ന മാവോയുടെ Red Book എത്ര പേര് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട് എന്നെനിക്കറിയില്ല. അതിലും മെച്ചപ്പെട്ട ഒരു ലഘുലേഖ അടിയന്തരാവസ്ഥയുടെ കാലത്ത് ഠേംഗിഡിജി തയ്യാറാക്കിയിരുന്നു. ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവരെ അത് വലിയതോതില്‍ ഉത്തേജിപ്പിച്ചിരുന്നു.
അവ രണ്ടിലും ഏതു തരത്തിലുള്ള വിപ്ലവവും വിജയിക്കുവാന്‍ സാമൂഹ്യസാഹചര്യത്തിന്റെ അനുകൂലത പരമപ്രധാനമാണെന്ന് അടിവരയിട്ടു പറയുന്നുണ്ട്. സമൂഹത്തിന്റെ തത്പരത (റിസെപ്റ്റിവിറ്റി) മനസ്സിലാക്കിയിട്ടു വേണം ആശയത്തിന്റെ വിത്തു വിതയ്ക്കേണ്ടത്. സമൂഹത്തിന്റെ ബോധം അതിനു പാകം അല്ലെങ്കില്‍ പാകപ്പെടുത്തിയിട്ട്, ബോധ്യപ്പെടുത്തിയിട്ടു വേണം വിത്തെറിയേണ്ടത്.
അങ്ങ് ബംഗാളിലായാലും ഇങ്ങു കേരളത്തിലായാലും വോക്കിസ്റ്റുകള്‍ (Wokeism- മാര്‍ക്സിസ്റ്റുകളുടെ പുതിയ വേഷം. കൂടുതല്‍ അറിയാന്‍ രാജീവ് മല്‍ഹോത്രയുടെ Snakes on the Ganga വായിക്കുക) സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ ഇത്രയും ദശകങ്ങളിലൂടെ വെള്ളം വേണ്ടത്ര കലക്കിയിട്ടാണ് തുടര്‍പരിപാടികള്‍ വിജയിപ്പിക്കുന്നത് എന്ന സത്യം മനസ്സിലാക്കണം. ഭാരതത്തിന്റെ മറ്റ് ഇടങ്ങളില്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നു മാത്രം.
പലതരം നീക്കുപോക്കുകളിലൂടെയും ഛിദ്രശക്തികളുമായുള്ള സന്ധികളിലൂടെയും അവര്‍ ഭരണപരവും മറ്റുമായ നിര്ണ്ണായകസ്ഥാനങ്ങളിലെത്തി. അത്തരം പദവികളെ ദുരുപയോഗം ചെയ്ത് ഹൈന്ദവമായ വീക്ഷണം, പ്രത്യയശാസ്ത്രം, മൂല്യ-ആചാരഘടന തുടങ്ങിയവയെ കേരളീയരുടെ വ്യക്തി-കുടുംബ-സമൂഹതലങ്ങളിലെ ജീവിതത്തില്‍ നിന്നും തേച്ചുമാച്ചുകളയാന്‍, ഹൈന്ദവം ആയ എല്ലാറ്റിനെക്കുറിച്ചും മലയാളിമനസ്സില്‍ അപകര്‍ഷതാബോധം വളര്‍ത്താന്‍ നാനാതരത്തില് അവിരാമം പ്രയത്നിച്ചു വരുന്നു.
അവരുടെ അത്തരം അക്ഷീണവും ആവര്‍ത്തിച്ചുളളതുമായ നീക്കങ്ങളുടെ ഫലമായി പാശ്ചാത്യസാഹചര്യത്തില് മാത്രം പ്രസക്തങ്ങളായ മതവും (Religion) മതനിരപേക്ഷതയും (Secularism) ശാസ്ത്രീയമനോഭാവവും (Scientific temper) അന്ധവിശ്വാസവും (Superstition) സ്വേച്ഛാപരതയും (Permissiveness) ധര്‍മ്മപരതയും (Dharmaness) യാഥാസ്ഥിതികത്വവും (Orthodox-ness) പുരോഗമനപരതയും (Progressiveness) മിത്തും സത്തും എന്നിങ്ങനെ എല്ലാമുള്ള ദ്വന്ദ്വാത്മക സമീപനം ജീവിതത്തിന്റെ എല്ലാ തലങ്ങളേയും പ്രത്യേകിച്ച് ഹിന്ദുധര്‍മ്മത്തെ, അതിന്റെ മൂല്യ- ആചാരഘടനയെ, അനുഷ്ഠാനങ്ങളെ, ദേവതാബിംബങ്ങളെ വിലയിരുത്തുമ്പോള്‍ മലയാളികളുടെ ചിന്തയേയും നിഗമനത്തേയും ഇന്ന് വളരെ ഏറെ സ്വാധീനിക്കുന്നതായും വികലമാക്കുന്നതായും തോന്നുന്നു. മലയാളിയില്‍ നിന്നു മായുന്ന ആ ഹൈന്ദവതയെ തിരികെ മാടിവിളിക്കേണ്ടതില്ലേ?
(സഹായകമായ സാഹിത്യം: രാധാകുമുദ് മുഖര്‍ജി എഴുതിയ The Fundamental Unity of India, ദിലീപ് കെ. ചക്രബര്‍ത്തി എഴുതിയ India An Archaeological History, ബി.ബി. ലാല്‍ എഴുതിയ How Deep are the Roots of Indian Civilization Archaeology Answers,. എന്‍. ശ്രീനിവാസ് എഴുതിയ Social Change in Modern India, Changing Values in India Today, , ഗുരുജി സമഗ്രദര്ശനിലെ വിചാരസുധ, ആല്‍ബര്‍ട്ട് ഷൈ്വറ്റ്സര്‍ എഴുതിയ Indian Thought and Its Development, Anthropological Survey of India നടത്തിയ People of India project തുടങ്ങിയവ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: