കോട്ടയം: തിരുവോണത്തിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ ഉഷാറായി പൂവിപണി. കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷം ആരംഭിച്ചതോടെ നല്ല കച്ചവടം നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് കൂടുതല്‍ കച്ചവടം നടക്കുന്നത്.
കൂടാതെ പ്രധാന പാതകളിലും ചില്ലറ വില്പനക്കാര് എത്തിയിട്ടുണ്ട്. പൂവുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില വര്‍ധനവ് ഉണ്ടായിട്ടുല്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ചുവപ്പ്, മഞ്ഞ നിറത്തിലൂള്ള ബന്തി പൂക്കള്‍ക്ക് കിലോയ്ക്ക് 100 രൂപ മുതല്‍ 150 വരെ ഈടാക്കുന്നുണ്ട്. ചില്ലറ വിപണിയില്‍ ഇതിലും കൂടുതലാണ്. എല്ലാവര്ഷത്തെയും പോലെ ജമന്തി പൂക്കളാണ് വിപണിയിലെ താരം.
വെള്ള ജമന്തിക്ക് 350 മുതല്‍ 400 രൂപ വരെയും ഓറഞ്ച് ജമന്തിക്ക് 200 രൂപയുമാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ചെറിയ റോസ് 300, മുല്ല 800-1000 എന്നിങ്ങനെയാണ് കിലോയ്ക്കു വില. വാടാമുല്ലയ്ക്ക് കിലോയ്ക്ക് 200 രൂപ, അരളിക്ക് 300 രൂപ എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്.
റോസാ പൂക്കളും പച്ചിലകളും വിപണിയിലുണ്ടെങ്കിലും ബന്തി പൂവിന് പൊതുവെ വില കുറവായതിനാല്‍ അതാണ് കൂടുതലായും വില്‍ക്കുന്നത്. അതേ സമയം മൊത്തവിലയിലുള്ള വ്യാപാരവും ഇവിടെ നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഡിണ്ടിഗലില്‍ നിന്നുമാണ് പൂക്കള്‍ എത്തുന്നത്. അത്തം മുതല്‍ തന്നെ വിപണി സജീവമായതായും കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ തിരുവോണത്തോട് അടുക്കുമ്പോള്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു.
രാവിലെയും വൈകിട്ടുമാണ് പ്രധാനമായും നല്ല തിരക്ക് അനുഭവപ്പെടുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസമായി 50 ഉം 100 ഉം രൂപയുടെ കിറ്റുകളും വിപണിയിലുണ്ട്. എന്നാല്‍ കിറ്റുകളില്‍ എല്ലാ പൂവുകളും ഉള്‍പ്പെടുന്നില്ല. അതിനാല്‍ പലരും തൂക്കിവാങ്ങാറാണ് പതിവ്. തിരുവോണമാവുമ്പോഴേക്കും വലിയ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: