Categories: Entertainment

നടി പരിനീതി ചോപ്രയും എ എ പി എം പി രാഘവ് ഛദ്ദയും മഹാകാലേശ്വര്‍ ക്ഷേത്ര ദര്‍ശനം നടത്തി; വിവാഹം സെപ്തംബറില്‍

പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം മേയ് 13 ന് ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസിലാണ് നടന്നത്

Published by

സെപ്തംബറില്‍ വിവാഹം നിശ്ചയിച്ചിരിക്കെ നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും ശനിയാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിലുളള മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പൂജയും നടത്തി.

പരിനീതി പിങ്ക് നിറത്തിലുളള സാരിയാണ് ധരിച്ചിരുന്നത്. രാഘവ് മഞ്ഞ ധോത്തിയും തോളില്‍ ചുവന്ന ഷാളും ചുറ്റിയിരുന്നു.ശ്രാവണ മാസം ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പരിസരത്ത് പ്രവേശനില്ലാത്തതിനാല്‍ പ്രതിശ്രുത വരനും വധുവും ക്ഷേത്രത്തിലെ നന്ദിഹാളില്‍ ഇരുന്ന് ശിവ ഭഗവാനെ ആരാധിച്ചു.

ക്ഷേത്രത്തിലെ പൂജാരി യഷ് ഗുരുവാണ് പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ”ശ്രാവണ മാസം ബാബ മഹാകാലിന്റെ അനുഗ്രഹം വാങ്ങാന്‍ നിരവധി പ്രശസ്ത വ്യക്തികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. അതുപോലെ രാഘവ് ചദ്ദയും പരിനീതി ചോപ്രയും ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ എത്തി- യഷ് ഗുരു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അവകാശ ലംഘനം നടത്തിയെന്ന കുറ്റത്തിന് അടുത്തിടെ രാഘവിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏതായാലും വിവാഹ തയാറെടുപ്പിലാണ് അദ്ദേഹം.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒബ്റോയ് ഉദൈവിലാസില്‍ വച്ച് പരിനീതിയും രാഘവും വിവാഹിതരാകുമെന്നാണ്റിപ്പോര്‍ട്ട്. അത്യാഡംബര വിവാഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം ഇരുവരും ഗുരുഗ്രാമില്‍ സല്‍ക്കാരം സംഘടിപ്പിക്കുമെന്നും വാര്‍ത്തയുണ്ട്.

പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം മേയ് 13 ന് ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസിലാണ് നടന്നത്. പരിനീതിയുടെ അടുത്ത ബന്ധു നടി പ്രിയങ്ക ചോപ്രയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക