കൊച്ചി: ഉച്ചയൂണിന് സര്‍ക്കാര്‍ സബ്സിഡി നല്‍കാതായതോടെ കുടുംബശ്രീ ഹോട്ടലുകളിലെ ഊണിന്റെ വില 20ല്‍നിന്ന് 30 രൂപയിലേക്ക്. പാഴ്സലിന് 35. തീര്‍ത്തും സാധാരണക്കാരായ ലക്ഷക്കണക്കിനാളുകള്‍ നിത്യേന ആശ്രയിക്കുന്ന ഹോട്ടലുകളിലാണ് ഒറ്റയടിക്ക് 50 ശതമാനം നിരക്കു വര്‍ധിപ്പിച്ചത്. വര്‍ധന അംഗീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായതോടെ, ഓണം കഴിയുമ്പോള്‍ സംസ്ഥാനമാകെ പുതിയ നിരക്കാകും. എറണാകുളമടക്കം പല ജില്ലകളിലും പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.
എട്ടു മാസമായി സംസ്ഥാനത്തെ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് സബ്സിഡിയില്ല. ഓരോ ഹോട്ടലിനും ആറു മുതല്‍ ഏഴു ലക്ഷം വരെയാണ് കുടിശിക. നിലവില്‍ രണ്ടര കോടിയിലേറെ രൂപ സബ്സിഡി കുടിശികയായി ഓരോ ജില്ലയിലുമുണ്ട്. കടമെടുത്തു വലഞ്ഞെന്ന് ഹോട്ടലുകാര്‍ ജന്മഭൂമിയോടു പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിരക്കു വര്‍ധന ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചതും അവര്‍ സമ്മതം നല്കിയതും.
2019ലാണ് സംസ്ഥാനത്ത് കുടുംബശ്രീകളുടെ കീഴില്‍ ജനകീയ ഹോട്ടലുകള്‍ നിലവില്‍ വന്നത്. നിരക്കു വര്‍ധന വന്നതോടെ ഊണ് കഴിക്കാതെ പലരും മടങ്ങുകയാണെന്ന് എറണാകുളം എളമക്കരയിലെ ജനകീയ ഹോട്ടലിനു നേതൃത്വം നല്കുന്ന ലാലി ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: