Categories: Varadyam

വിശ്വാസവും അവിശ്വാസവും കുറെ ആകാശയാത്രികരും

Published by

വിശ്വാസം അന്ധമാണ്. മതമായാലും പാര്‍ട്ടി ആയാലും പ്രത്യയശാസ്ത്രമായാലും അന്ധമായി വിശ്വസിക്കുന്നതൊക്കെയും അന്ധവിശ്വാസം തന്നെ. അത്തരം കണ്ണാടിയിലൂടെ നോക്കുമ്പോഴാണ് തന്റെ വിശ്വാസം കേമമെന്നും അപരന്റെ വിശ്വാസം മിത്തെന്നുമൊക്കെ തോന്നി വശാകുക. സ്വന്തം അന്ധവിശ്വാസത്തെ മറച്ച് അപരന്റെ വിശ്വാസത്തെ തച്ചുടച്ചാല്‍ മാത്രമേ ശാസ്ത്രാവബോധം അഥവാ സയന്റിഫിക് ടെമ്പര്‍ ഉടലോടെ ഇറങ്ങിവരുകയുള്ളൂവെന്ന് അപ്പോഴാണ് പലര്‍ക്കും തോന്നുക. സ്വന്തം കാലിലെ മന്ത് തിരിച്ചറിയാതെ അപരന്റെ കണ്ണിലെ കരട് തേടുന്ന അത്തരം അന്ധവിശ്വാസികളാണ് സമൂഹത്തില്‍ ശാസ്ത്രാവബോധം വളരുന്നതിന് തടസം നില്‍ക്കുന്ന ഇത്തിള്‍ക്കണ്ണികള്‍.
അവര്‍ സ്വന്തം വിശ്വാസത്തിലെ അബദ്ധങ്ങള്‍ ശരിയെന്നു വാദിക്കും. അപരന്റെ പ്രമാണങ്ങള്‍ മാത്രം തെറ്റെന്ന് സിദ്ധാന്തിക്കും. ആകാശയാത്രക്കു മുന്‍പ് കുരിശ് വരയ്‌ക്കുന്ന ബഹിരാകാശ യാത്രിയയെയും റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് നാളികേരമുടയ്‌ക്കുന്ന ശാസ്ത്രജ്ഞനെയും നിന്ദിക്കും. സര്‍ജറിക്കു മുന്‍പ് ഈശ്വരനെ പ്രാര്‍ത്ഥിക്കുന്ന ഡോക്ടറെ നിന്ദിക്കും. നെറ്റിയില്‍ കുറി ചാര്‍ത്തിയവനെ അപമാനിക്കും. അവര്‍ക്കൊക്കെ ‘സയന്റിഫിക് ടെമ്പര്‍’ എന്നത് ഏകപക്ഷീയം മാത്രം.
ഭാരതത്തിന്റെ അഭിമാന ശാസ്ത്ര പദ്ധതിയായ ചാന്ദ്രയാന്‍ -മൂന്നിന്റെ വിക്ഷേപണത്തിനു തൊട്ടുമുന്‍പ് ‘ശാസ്ത്രാവബോധം’ തലയ്‌ക്കു പിടിച്ച (മറ്റുള്ളവന്റെ കാര്യത്തില്‍ മാത്രം) കുറെ കപടബുദ്ധിജീവികളും തൂലികപണയപ്പെടുത്തിയവരും ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഓര്‍ക്കുക. വിക്ഷേപണത്തിന് തൊട്ടു മുന്‍പ് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ദ്ധരും ഒത്തുചേര്‍ന്ന് ഇഷ്ടദേവതയായ തിരുപ്പതി ഭഗവാനെ ദര്‍ശിച്ചു. പ്രാര്‍ത്ഥിച്ചു. വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ ചെറിയ മാതൃക സമര്‍പ്പിച്ചു. റോക്കറ്റ് വിക്ഷേപണം വമ്പന്‍ വിജയമായെങ്കിലും ശാസ്ത്രജ്ഞര്‍ അമ്പലത്തില്‍ പോയതുകൊണ്ട് രാജ്യത്തിന്റെ ‘സയന്റിഫിക് ടെമ്പര്‍’ പൊട്ടിത്തകര്‍ന്നുപോയത്രെ. മനംനൊന്ത കുറെ രാഷ്‌ട്രീയ അന്ധവിശ്വാസികള്‍ നമ്മുടെ റോക്കറ്റ് ടെക്‌നോളജി തന്നെ കോപ്പിയടിയാണെന്ന് കരഞ്ഞ് വിളിച്ചു. ഇന്ത്യയില്‍ മാത്രമേ ഇത്തരം ‘തോന്ന്യാസ’ങ്ങള്‍ നടക്കുകയുള്ളൂവെന്ന് ആക്രോശിച്ചു.
ലോകത്തിലെ ഏറ്റവും കേമമുള്ള ഉപഗ്രഹ വിദ്യ കൈകാര്യം ചെയ്യുന്നത് അമേരിക്കയുടെ ‘നാസ’ ആണല്ലോ. ഓരോ ഉപഗ്രഹ വിക്ഷേപണത്തിനും തൊട്ടുമുന്‍പ് ദൗത്യ വിജയത്തിനും മനഃസുഖത്തിനുമായി അവര്‍ വറുത്ത നിലക്കടല (പീനട്ട്) വാരിത്തിന്നും. ഇന്നത് ഒരു വിശ്വാസവും പാരമ്പര്യവുമാണ്. ‘നാസ’ അതിന്റെ ആദ്യ ആറ് ‘റേഞ്ചര്‍’ ചാന്ദ്ര ദൗത്യം നടത്തിയതും പരാജയപ്പെട്ടു. ഏഴാമത്തെ (റേഞ്ചര്‍-7) 1964 ല്‍ വിട്ടയയ്‌ക്കും മുന്‍പ് മിഷന്‍ കണ്‍ട്രോളിലെ ഒരു ശാസ്ത്രജ്ഞന്‍ ടിന്നുകള്‍ നിറയെ വറുത്ത കടലയുമായെത്തി വിതരണം ചെയ്തു. തുടര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഓരോ ആകാശദൗത്യത്തിനും മുന്‍പ് കണ്‍ട്രോള്‍ മുറിയില്‍ വറകടല നിറയും. പരസ്പരം പങ്കുവയ്‌ക്കും. ഇന്‍ഡോ-അമേരിക്കന്‍ സംയുക്ത സംരംഭമായ ‘നിസാര്‍ (നാസ-ഇസ്‌റോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) റഡാര്‍ കൈമാറുന്ന ചിത്രം 2023 ഫെബ്രുവരിയില്‍ ഏറെ വൈറലായിരുന്നു. ചാന്ദ്രയാന്‍ വിക്ഷേപണത്തിലും ‘നാസ’ ഫേസ് ബുക്കിലൂടെ ശുഭാശംസ നേര്‍ന്നതിങ്ങനെ- ”ഇഡ്രോയിക്ക് ‘നാസ’യില്‍നിന്നുള്ള ശുഭാശംസക്കടലകള്‍…” (ഗുഡ്‌ലക്ക് പീനട്ട്‌സ്)
1961 ല്‍ വിക്ഷേപിച്ച മെര്‍ക്കുറി ഫ്രീഡം-7 ~ൈറ്റിനു മുന്‍പ് അലന്‍ ഷെപ്പാര്‍ഡ് എന്ന അസ്‌ട്രോനട്ട് കഴിച്ച് ആഹാരം ഓര്‍മിച്ച് വിക്ഷേപണത്തിനു മുന്‍പ് ചുരണ്ടിയ മുട്ട (സ്‌ക്രാമ്പിള്‍ഡ് എഗ്ഗ്)യും മാംസം വറുത്തെടുത്ത സ്റ്റീക്കും കഴിക്കുന്ന പതിവും ‘നാസ’യില്‍ ചിലര്‍ക്കുണ്ട്. കെന്നഡി സ്‌പേസ് സെന്റര്‍ ലോഞ്ച് ഡയറക്ടര്‍മാരും ടെസ്റ്റ് ഡയറക്ടര്‍മാരും വിക്ഷേപണത്തിന് മുന്‍പ് ‘നെക് ടൈ’മുറിക്കുന്ന (അന്ധ)വിശ്വാസവും നിലവിലുണ്ട്.
കമ്യൂണിസത്തിന്റെ ആധാരഭൂമിയായിരുന്ന സോവിയറ്റ് റഷ്യയും ആവശ്യത്തിന് (അന്ധ)വിശ്വാസങ്ങളില്‍ സമാധാനം കണ്ടെത്തിയിരുന്നു. സോയൂസ് ~ൈറ്റ് യാത്രികര്‍ മോസ്‌കോയിലെ സ്റ്റാര്‍ സിറ്റി ട്രെയിനിങ് കോംപ്ലക്‌സ് വിടും മുന്‍പ് മെമ്മോറിയല്‍ ഹാളില്‍ ചുവന്ന കാര്‍ണേഷന്‍ പൂക്കള്‍ സമര്‍പ്പിക്കും-ആദ്യ ബഹിരാകാശ യാത്രികന്‍ യൂറിഗഗാറിന്റെയും സംഘത്തിന്റെയും ഓര്‍മ്മയ്‌ക്ക്. ഗഗാറിന്‍ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയില്‍ ചെന്ന് രജിസ്റ്ററില്‍ ഒപ്പുവയ്‌ക്കും. അദ്ദേഹത്തിന്റെ ആത്മാവിനോട് പറക്കാനുള്ള അനുവാദവും വാങ്ങും. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനമായ സോയൂസ് റോക്കറ്റ് ബൂസ്റ്റര്‍ കയറ്റിയ തീവണ്ടി ബെയ്‌ക്കന്നൂര്‍ ആകാശനിലയത്തിലേക്ക് വരുമ്പോള്‍ ട്രാക്കില്‍ നാണയം വിതറാന്‍ ആളുകള്‍ തിരക്ക് കൂട്ടാറുണ്ടായിരുന്നത്രേ. ആ നാണയങ്ങള്‍ തീവണ്ടി ചക്രത്തിനടിയില്‍ ഞെരിഞ്ഞമരുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
വിക്ഷേപണത്തിന്റെ തലേന്നാള്‍ 1969 ലെ കള്‍ട്ട് സിനിമ ‘വൈറ്റ് സണ്‍ ഓഫ് ദ ഡസര്‍ട്ട്’ കാണണമെന്ന വിശ്വാസവും കോസ്‌മോനട്ടുകളില്‍ വലിയൊരു വിഭാഗത്തിനുമുണ്ടായിരുന്നു. ഹോട്ടലില്‍ എത്തുന്ന ഓര്‍ത്തഡക്‌സ് പുരോഹിതന്‍ വിശുദ്ധജലം തളിച്ച് യാത്രികരെ ആശീര്‍വദിക്കുകയും ചെയ്യും. വിക്ഷേപണ ദിവസം പ്രഭാത ഭക്ഷണത്തില്‍ ഷാംപെയിന്‍ നല്‍കുന്നതും താമസമുറിയുടെ വാതില്‍പ്പാളിയില്‍ ഓട്ടോഗ്രാഫ് പതിക്കുന്നതും മറ്റൊരു പഴയ ആചാരം. ചിലര്‍ ചില മാന്ത്രിക ഏലസുകളും കരുതും. സംഗതി എന്തായാലും റഷ്യ ഒക്‌ടോബര്‍ 24 ന് ആണ് ഉപഗ്രഹം വിക്ഷേപിക്കില്ല. കാരണം ഈ പറയുന്ന ‘അന്ധ വിശ്വാസം’തന്നെ. 1960 ഒക്‌ടോബര്‍ 24ന് ആര്‍-16 മിസൈല്‍ പൊട്ടിത്തെറിച്ച് എയര്‍ഫോഴ്‌സ് ജനറല്‍ അടക്കം 92 പേര്‍ മരിച്ചത്. 1963 ല്‍ അതേ ദിവസം ആര്‍-9 മിസൈല്‍ പൊട്ടി ഏഴാളും മരിച്ചു. പിന്നെ എങ്ങിനെ ഒക്‌ടോബര്‍ 24ന് വിക്ഷേപണം നടത്തും?
പക്ഷേ ഇതൊന്നും അന്ധവിശ്വാസമല്ല. അവിശ്വാസവുമല്ല. നാളികേരം ഉടക്കുന്നതാണ് അന്ധവിശ്വാസം. കുരിശ് വരക്കുന്നതാണ് അന്ധവിശ്വാസം. ഇവയൊക്കെ നമ്മുടെ ശാസ്ത്രബോധം മുച്ചൂടും മുടിക്കുമെന്ന് ആശങ്കിക്കുന്ന ജനനായകര്‍ക്ക് നാം നമോവാകമര്‍പ്പിക്കുക…സ്തുതിക്കുക.
സ്തുതി അതിനു മാത്രം പോര. നാം എന്ത് നേട്ടം കൈവരിച്ചാലും അത് കോപ്പിയടിയാണെന്ന് പറഞ്ഞ് സ്വയം തരം താഴുന്നവര്‍ക്കും പടിഞ്ഞാറ് മാത്രമാണ് ശാസ്ത്രമെന്ന് വിധിക്കുന്നവര്‍ക്കും നാം സ്തുതി നല്‍കുക. ഭൂമി ഗോളമാണെന്നും അത് നേരെ വരുന്നവയെ ആകര്‍ഷിക്കുമെന്നും പ്രഖ്യാപിച്ച ആര്യഭടന്‍ (എ.ഡി 476) ഇന്നും നമുക്ക് വെറും മിത്താണ്. ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ ഗുരുത്വാകര്‍ഷണമുണ്ടെന്നു തെളിയിച്ച ഐസക് ന്യൂട്ടനാണ് (എ.ഡി. 1643) നമുക്ക് സത്യം. സര്‍ജറി അഥവാ ശസ്ത്രക്രിയയുടെ പിതാവായി പാശ്ചാത്യ ശാസ്ത്രലോകം അംഗീകരിക്കുന്ന സുശ്രുതനും ആയുര്‍വേദ കുലഗുരു ചരകനും നമുക്ക് വെറും മിത്തുകള്‍ മാത്രം. ഭാഷാശാസ്ത്രം ചമച്ച പാണിനിയും നാട്യശാസ്ത്രം നിര്‍മിച്ച ഭരതമുനിയും, ഗണിതാചാര്യനായ ഭാസ്‌കരാചാര്യരും യന്ത്രസര്‍വ്വസ്വത്തിലൂടെ വൈമാനിക ശാസ്ത്രത്തിന് തുടക്കമിട്ട ഭരദ്വാജമുനിയും പൈതൃകമായി നമുക്കുള്ളപ്പോഴും ശാസ്ത്രാവബോധം ഊട്ടി ഉറപ്പിക്കാന്‍, ‘ഗണേശന് തേങ്ങയുടക്കുന്നവരെ’ നാം വേട്ടയാടുന്നു…!!!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by