ഒരു ഗുരുകുലം എന്ന ആശയം വളരെക്കാലം ഒരു തപ്പസ്സെന്നപോലെ കൊണ്ടുനടന്നു. പിന്നീട് നാരായണഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി 1923-ലാണ് ഊട്ടി ഫേണ്‍ഹില്ലില്‍ നടരാജഗുരു നാരായണഗുരുകുലം എന്ന പേരില്‍ സ്ഥാപിക്കുന്നത്. ഇന്ന് നൂറുവര്‍ഷം പിന്നിടുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് വളരെ ഗംഭീരമായാണ് നടന്നത്. ഫേണ്‍ഹില്ലില്‍ ഇപ്പോഴുള്ള ഗുരുകുലക്കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നടന്നത് 1926 ലാണ്. ഗുരുകുലം ജനിച്ച് മൂന്നാം വര്‍ഷം ചിത്തിര തിരുനാള്‍ മഹാരാജാവ് 1926 ജൂണ്‍ 13 ഞായറാഴ്ച പകല്‍ മൂന്നര മണിക്ക് കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. സര് സി.പി. രാമസ്വാമി അയ്യര്‍ ഈ ഗുരുകുലത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അധ്യക്ഷത വഹിച്ചു. മഹാരാജാവ് ആദ്യമായി ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത് നാരായണഗുരുകുലത്തിന്റെ ശിലാസ്ഥാപന കര്‍മ ചടങ്ങിലാണ്. തിരുവിതാംകൂറിലെ അമ്മ മഹാറാണി, ആന്ധ്രയിലെ ബോബിലി മഹാരാജാവ് തുടങ്ങി പല പ്രമുഖരും ഈ ചടങ്ങില്‍ പങ്കെടുത്തു.
ഫിസിക്സിനെയും മെറ്റാഫിസിക്സിനെയും സമന്വയിപ്പിച്ചും, പാശ്ചാത്യ പൗരസ്ത്യ ദര്‍ശനങ്ങളെ വിശകലനം ചെയ്തും പുരോഗമിക്കുന്ന ഗുരുകുലത്തിന്റെ പഠന രീതി നാരായണഗുരു ദര്‍ശനത്തില്‍ പൂര്‍ണ്ണത കൈവരുന്നു. ഈ അറിവ് ഒരാള്‍ക്ക് ജീവിതത്തിന്റെ നിരപേക്ഷവും സാപേക്ഷവുമായ തലങ്ങളെ യോജിപ്പിച്ച്, നടുനിലയില്‍ സന്തോഷപൂര്‍വ്വം ജീവിക്കാന്‍ പ്രേരണയേകും.
ഭാഷയുടെയോ മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ കടമ്പകളില്ലാത്ത ഒരു സ്ഥാപനമാണ് നാരായണ ഗുരുകുലം. സ്ത്രീകളും പുരുഷന്മാരും ഒരു മച്ചിനടിയില്‍ ജീവിക്കാന്‍ അനുവദിക്കത്തക്കവണ്ണം ധൈര്യമുള്ള പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ടെങ്കിലും അങ്ങനെ ഉണ്ടായ ആദ്യ സ്ഥാപനം നാരായണ ഗുരുകുലം ആണെന്ന് പറയാം. എല്ലാ മാനുഷികവ്യത്യാസങ്ങളും മറന്ന് ജീവിക്കാന്‍ ഗുരുകുലത്തില്‍ എത്തുന്നവര്‍ക്ക് കണ്‍ഫ്യൂഷ്യസും ലാവോസും ബുദ്ധനും വര്‍ദ്ധമാനമഹാവീരനും സോക്രട്ടീസും പ്ലാറ്റോയും യേശുക്രിസ്തുവും പത്രോസും പ്രവാചകനും എല്ലാം തുടങ്ങിവച്ച അധ്യാത്മിക ജീവിതത്തിന്റെ പുതിയ നേട്ടങ്ങള്‍ കണ്ടെത്തി നാരായണ ഗുരുവിന്റെ ചിന്തകളുമായി കൂട്ടിച്ചേര്‍ത്ത് ലോകത്തിന് നല്കുവാനുള്ള ഉത്തരവാദിത്തം കൂടിയുണ്ട്.
ഏകലോക സൃഷ്ടിക്ക്
നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏക ലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികശാസ്ത്രവിജ്ഞാനം നേടുവാനും അധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. പാരീസിലെ ഗവേഷണ പഠനകാലയളവിലാണ് 1928 ല്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. പാരീസില്‍ നിന്ന് മടങ്ങിവന്ന് ഇന്ത്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും മൂന്ന് ബൃഹത് ഗ്രന്ഥങ്ങള്‍ എഴുതിയതുള്‍പ്പെടെ 5000ത്തോളം പേജ് വരുന്ന ശ്രീനാരായണ ദാര്‍ശനിക സാഹിത്യം രചിക്കുകയും ചെയ്തിട്ടുണ്ട്.
നാരായണ ഗുരുവിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു നടരാജഗുരുവിനെ ജീവിതം. നാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും അധികരിച്ച് അദ്ദേഹം രചിച്ച ‘വേഡ് ഓഫ് ദ ഗുരു’ എന്ന ഗ്രന്ഥം നാരായണഗുരുവിനെപ്പറ്റി ഗൗരവമായി പഠിക്കുന്നവര്‍ക്ക് ഒരു മാര്‍ഗ്ഗദീപം ആയിരിക്കും. ഗുരു സശരീരനായിരിക്കുമ്പോള്‍ തന്നെയാണ് ഇതിന്റെ ആദ്യഭാഗം രചിച്ചിരിക്കുന്നത്. നാരായണഗുരു പ്രതിനിധാനം ചെയ്ത ശാശ്വതസത്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഒരു ദിവ്യമയൂഖത്തെ പോലെ നിത്യദീപ്തമായി കാലം ചെല്ലുംതോറും അധികതരമായി പിന്തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കും. ഒരു ഗുരുവിന്റെ വ്യക്തിത്വത്തിന്റെ പശ്ചാത്തലം അല്ല, ഉപദേശിക്കുന്ന തത്വചിന്തയുടെ പശ്ചാത്തലം കൂടി മനസ്സിലായെങ്കില്‍ മാത്രമേ ആ ഗുരുവിന്റെ ചിന്താതന്തുക്കളെ പ്രയോജനകരമാംവിധം കണ്ടെത്തി പിന്തുടരുവാന് സാധിക്കുകയുള്ളൂ. ആധുനിക സമൂഹത്തില്‍ ഈ ചുമതല തൃപ്തികരമാം വണ്ണം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നാരായണഗുരുകുലമാണ്. നടരാജഗുരു, ജോണ്‍ സ്പീയേഴ്സ്, സ്വാമി മംഗളാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരുടെ തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അന്നം മുതല്‍ ആനന്ദം വരെയുള്ള വിഷയങ്ങളെക്കുറിച്ച് ഒഴുകിവരുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്.
ലോക ചിന്താചരിത്രത്തിന് അത്യപൂര്‍വ്വമായ സംഭാവനകളാണ് നാരായണഗുരുകുലം നല്‍കിയിട്ടുള്ളത്. ഗുരുദര്‍ശനത്തെ പൗരസ്ത്യ-പാശ്ചാത്യ ദര്‍ശനങ്ങളുമായും ആധുനികശാസ്ത്രവുമായും മാറ്റുരച്ചു നോക്കുന്ന ‘ഇന്റെഗ്രേറ്റഡ് സയന്‍സ് ഓഫ് ദ അബ്സല്യൂട്ട്’ എന്ന ഗ്രന്ഥം നടരാജ ഗുരുവിന്റെ ‘മാഗ്നം ഓപ്പസ്’ എന്നു വേണമെങ്കില്‍ പറയാം. ഭഗവദ്ഗീതയ്ക്ക് നടരാജഗുരു ഇംഗ്ലീഷിലും നിത്യചൈതന്യയതി മലയാളത്തിലും മുനിനാരായണ പ്രസാദ് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ദശോപനിഷത്തുകള്‍ക്ക് ഗുരുകുലത്തില്‍ നിന്ന് വ്യാഖ്യാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ബൃഹദാരണ്യകോപനിഷത്ത് നിത്യഗുരുവും ബാക്കി ഒന്‍പതെണ്ണം മുനി നാരായണപ്രസാദുമാണ് വ്യാഖ്യാനം ചമച്ചിട്ടുള്ളത്. നാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വ്യാഖ്യാനവും ഈ ഗുരുപരമ്പര നിര്‍വ്വഹിച്ചു കഴിഞ്ഞു. നടരാജ ഗുരു ഇംഗ്ലീഷില്‍ രചിച്ച സേര്‍ച്ച് ഫോര്‍ എ നോട്ട് ഇന്വെസ്റ്റേണ് തോട്ട്, വേദാന്ത റീവാലുഡ് ആന്‍ഡ് റീ റീസ്റ്റേറ്റഡ്, ദ ഫിലോസഫി ഓഫ് എ ഗുരു, വണ്‍ വേള്‍ഡ് എക്കണോമിക്സ്, വണ്‍ വേള്‍ഡ് എഡ്യൂക്കേഷന്‍, വണ്‍ വേള്‍ഡ് ഗവണ്മെന്റ് തുടങ്ങി മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും പരിഭാഷ മുനിനാരയണ പ്രസാദ് നിര്‍വഹിച്ച് ഗുരുകുലം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.
നാരായണ ഗുരുകുലങ്ങള്‍
നാരായണഗുരുവിനെ ഒരു ബ്രഹ്മവിത്തായി കാണുന്നതിനു പകരം കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താവ് എന്നും, നവോത്ഥാന നയകന് എന്നും മുദ്രകുത്തുന്നതിനോട് നടരാജഗുരുവിന് ശക്തമായഎതിര്പ്പുണ്ടായിരുന്നു. ഒരിക്കല്‍ നടരാജഗുരു ശിഷ്യനായ മുനി നാരായണ പ്രസാദിനോട് ചോദിച്ചു. ”ഞാന്‍ പല പ്രാവശ്യം ലോക യാത്ര നടത്തി അനേകം ചിന്തകന്മാരും ശാസ്ത്രജ്ഞന്മാരുമായി ആശയവിനിമയം നടത്തി. ഇതൊക്കെകൊണ്ട് ഞാനെന്തു നേടി?” ശിഷ്യന് മറുപടിയൊന്നും പറഞ്ഞില്ല. അതിനുത്തരവും നടരാജഗുരു തന്നെ പറഞ്ഞു: ”ഒറ്റമുണ്ടും തോര്‍ത്തും മാത്രമുടുത്തുകൊണ്ട് ഒരു നാടന്‍ മൂപ്പീന്നിനെ പോലെ കേരളത്തില്‍ നടന്നിരുന്ന നാരായണഗുരു ആത്യന്തികമായി സത്യത്തെപ്പറ്റി പറഞ്ഞ അവസാന വാക്കിന്റെ അടുത്തെങ്ങുമെത്താന്‍ മറ്റൊരു ചിന്തകനോ ശാസ്ത്രജ്ഞനോ സാധിച്ചിട്ടില്ല എന്ന വസ്തുത വ്യക്തമായിക്കിട്ടാന് മാത്രമേ ഇതെല്ലാം ഉപകരിച്ചുള്ളൂ.”
ഈ അറിവിന്റെ വെളിച്ചമാണ് നടരാജഗുരു ലോകംമുഴുവന്‍ നാരായണ ഗുരുകുലം സ്ഥാപിക്കുവാനും, നാരായണ ഗുരു നമുക്കു പകര്‍ന്നുതന്ന യഥാര്‍ത്ഥമായ അറിവിന്റെ വെളിച്ചം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കുവാനും കാരണമായത്.
നാരായണഗുരു സ്ഥാപിച്ച ആശ്രമങ്ങളെല്ലാം പ്രകൃതിരമണീയമാണ്. നടരാജഗുരു സ്ഥാപിച്ച ഗുരുകുലങ്ങളും ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. മേക്കുന്നു മലയുടെ മുകളിലുള്ള തലശ്ശേരി ഗുരുകുലം, നീലഗിരി കുന്നിലെ ഫേണ്‍ഹില്‍ ഗുരുകുലം, പാലക്കാട് വിഴിമല ഗുരുകുലം എന്നിവ സുന്ദരമായ മലകളുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത്. വയനാട് വൈത്തിരി ഗുരുകുലം പൂക്കോട് തടാകത്തിന് തീരത്തും, മലയാറ്റൂര്‍ ഗുരുകുലം പ്രശസ്തമായ മലയാറ്റൂര്‍ തടാകത്തിന്റെ തീരത്തുമാണ്. പെരിയാറിന്റെ തീരത്താണ് മംഗളഭാരതി ഗുരുകുലം. കടല്‍ത്തീരത്തെ മലമുകളിലുള്ള ഏഴിമലയിലാണ് ഏഴിമല ഗുരുകുലം (പിന്നീട് നേവല്‍ അക്കാദമിക്ക് വിട്ടുകൊടുക്കേണ്ടി വന്നു). നാരായണഗുരുകുലങ്ങളുടെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്ത് സ്ഥിതി ചെയ്യുന്നു. ഗുരുകുലത്തിന്റെ ലോകകേന്ദ്രം ബെംഗളൂരുവിലെ കഗ്ഗാളിപുരം എന്ന ഗ്രാമത്തിലാണ്. ഫേണ്‍ഹില്‍, സോമനഹള്ളി, ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മംഗളഭാരതി, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, കുയ്യാലി എന്നിവിടങ്ങളിലേതുകൂടാതെ അമേരിക്കയിലെ പോര്‍ട്ട് ലണ്ട്, വാഷിംഗ്ടണ്‍, ബെല്‍ജിയത്തിലുള്ള ഗെന്ന്റ്, സിംഗപ്പൂര്‍, ഫിജി എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ ഉണ്ട്.
ഗുരുകുലങ്ങളിലേക്ക് ജനങ്ങളെ ആകര്ഷിക്കുവാനുള്ള ഒരു ആകര്‍ഷ യന്ത്രം ഒന്നും നടരാജഗുരു തയ്യാറാക്കിയിരുന്നില്ല. മറിച്ച് സത്യത്തെ സ്നേഹിക്കുന്ന, സത്യത്തെ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും ധൈര്യപൂര്‍വം കടന്നുവരാവുന്ന അറിവിടമാണ് നാരായണ ഗുരുകുലങ്ങള്‍. ഓരോ മനുഷ്യനും ജീവിതത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഈ ശരീരം തന്നെയാണ് തന്റെ സത്തയെന്നു കരുതുന്ന ഒരു ഘട്ടമുണ്ട്. അപ്പോള്‍ ശരീരത്തില്‍ ശ്രദ്ധ വയ്ക്കും. പിന്നീട് സുഖവിഷയങ്ങളില്‍ തന്റെ സത്തയെ കണ്ടെത്തുന്ന ഘട്ടം എത്തുന്നു. അപ്പോള്‍ പ്രിയ വിഷയങ്ങളെ സ്നേഹിക്കുന്നു. അതിനുശേഷം മനസ്സില്‍ തന്റെ സത്തയെ കണ്ടെത്തുന്നു. അപ്പോള്‍ തന്റെ ഭാവനകളെ സ്നേഹിക്കുന്നു. അവസാനം ഇതിനെല്ലാം അതീതമാണ് ആത്മരൂപം എന്ന് ദര്‍ശിക്കുന്നു. ഇങ്ങനെ സ്വരൂപദര്‍ശനം ഉണ്ടാകുന്നതിന് ഗുരുക്കന്മാരുടെ അരുള്‍ സഹായിക്കും. ഗുരുവിന്റെ വാക്ക് ശൂന്യതയില്‍ നിന്ന് വരുന്നതല്ല. ഗുരുക്കന്മാരുടെ അരുളുകളുടെ വൈജാത്യവും അവയിലെ പൊരുളിന്റെ സാജാത്യവും നാം തിരിച്ചറിയണം. വാക്കിന്റെ രൂപം വ്യക്തിത്വത്തിന്റെ ഭാഗമാണ്. ആ വാക്കിലെ പൊരുളാണ് കേള്‍ക്കുന്നവരില്‍ വന്നുതറയ്ക്കുന്നത്. ആകാരത്തിനപ്പുറം ഗുരുവിനെയും സ്വന്തം സ്വരൂപത്തെയും ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതാണ് സ്വരൂപദര്‍ശനം.
ഗുരുശിഷ്യ പാരമ്പര്യം
ഗുരുശിഷ്യ പരമ്പര നിലനിര്‍ത്തി പോരേണ്ട ആവശ്യത്തെ ആദരിച്ചുകൊണ്ട് നാരായണഗുരു തന്റെ വില്‍പ്പത്രത്തില്‍ പരമ്പരയുടെ മാതൃക കാണിച്ചുകൊടുക്കുകയും, അതിനെ എക്കാലവും നിലനിര്‍ത്താന്‍ ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു. അദ്ധ്യാത്മമൂല്യങ്ങളുടെ വിലയറിയാത്ത സാമൂഹ്യ പരിഷ്കര്‍ത്താക്കളും നിയമജ്ഞരും നാരായണഗുരുവിന്റെ വില്‍പ്പത്രത്തെയും, അതുവച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട ഗുരുശിഷ്യ പരമ്പരയെയും അവഗണിച്ച് തല്‍സ്ഥാനത്ത് ഭൂരിപക്ഷ അഭിപ്രായപ്രകാരം ഭരണാധിപന്മാരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം കൊണ്ടുവരുന്നത് കണ്ടപ്പോള്‍ ആ തെറ്റിന് മൂകസാക്ഷിയായി നില്‍ക്കാതെ നാരായണഗുരുവിന് ഏറ്റവും ആവശ്യമായി തോന്നിയിരുന്ന ഗുരുശിഷ്യ പരമ്പര നടരാജഗുരു പുനഃസ്ഥാപിക്കുകയും, അതു തുടര്‍ന്നുപോകുവാന്‍ അനുജ്ഞ നല്‍കുകയും ചെയ്തു. സര്‍വാത്മനാ നാരായണ ഗുരുവിനായി സര്‍വ്വസ്വവും ത്യജിച്ചിട്ടുള്ള നാലുപേര്‍ എപ്പോഴും പരമ്പരയില്‍ ഉണ്ടായിരിക്കും. അതില്‍ ഒന്നാമത്തേത് നാരായണഗുരുവിന്റെ ദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്ന ഗുരുവും, മറ്റു മൂന്നുപേര്‍ ആ പരമ്പരയിലെ സച്ചിഷ്യന്മാരും ആയിരിക്കും. ഇവരുടെ യോഗ്യത നിഷ്കളങ്കമായ ത്യാഗവും സത്യദീക്ഷയും അചഞ്ചലമായ ശ്രദ്ധയും, ഗുരുകുലത്തോട് അവര്‍ കാട്ടുന്ന സേവന സന്നദ്ധതയും മാത്രമാണ്. ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, സ്ത്രീപുരുഷഭേദം എന്നിവയൊന്നും ഒരിക്കലും കണക്കിലെടുക്കുന്നതായിരിക്കില്ല. പരമ്പരയില്‍ ഉള്ളവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ നാരായണ ഗുരുവിന്റെ ആശ്രമം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ വിദ്വാനും മുനി യും ഉദാരചിത്തനും സമദൃഷ്ടിയുള്ളയാളും ശാന്തഗംഭീരനും ജിതേന്ദ്രിയനും പരോപകാരിയും ദീനദയാലുവും സത്യവാനും സമര്‍ത്ഥനും സദാചാര തല്പരനും ആയിരിക്കണം.
ഗുരുകുലത്തിന്റെ ലക്ഷ്യം
അദൈ്വത വേദാന്തം എന്ന് അറിയപ്പെടുന്ന ബ്രഹ്മ വിദ്യാദര്ശനം ഏവര്‍ക്കും ലഭിക്കുമാറ് ഗുരുമുഖത്തുനിന്ന് ശ്രവണം ചെയ്യുവാനും, മനനനിദിദ്ധ്യാസനങ്ങള്കൊണ്ട് അതിനെ സാക്ഷാല്ക്കരിക്കുവാനും ഏവര്‍ക്കും സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ഗുരുകുലത്തിന്റെ മുഖ്യമായ ഉദ്ദേശ്യം. ഗുരുകുലം സര്‍വ്വാദരണീയനും അനുകരണീയനുമായി ആദരിച്ചു പോരുന്ന നാരായണഗുരുവിന്റെ മാതൃകാജീവിതം ഗുരുകുലത്തിലെ ശിഷ്യന്മാരുടെ ജീവിതചര്യയാലും ആദര്‍ശങ്ങളാലും ഏവര്‍ക്കും പരിചിതമാകുന്നതിനും ശ്രദ്ധവയ്ക്കുന്നതാണ്. അഹിംസയും സാഹോദര്യവും ഇപ്രകാരമുള്ള ജീവിതത്തിന്റെ മുഖ്യപ്രേരണകള് ആയിരിക്കും. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്ന മുദ്രാവാക്യം എപ്പോഴും ഗുരുകുലത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ്.
സഹജമായ ലൗകിക ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വധര്മ്മനിര്വഹണം ചെയ്തുപോരുന്ന സത്യാന്വേഷികളായ ഏവര്‍ക്കും ഗുരുകുലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശത്തോടെ വിശാല ഗുരുകുലം വിഭാവനം ചെയ്തിരിക്കുന്നു. ഇവരില്‍ ശിഷ്യഭാവമുള്ളവരുടെ സംഘത്തെ ‘പീതാംബര സൗഹൃദം’ എന്ന് വിളിച്ചു പോരുന്നു. ദാര്‍ശനികവും ആധ്യാത്മികവുമായ വിഷയങ്ങളില്‍ ശിഷ്യന്മാര്ക്കും ഇവര്‍ക്കും ഒരേ പരിഗണനയാണ് ലഭിക്കുന്നത്.
ഗുരുകുലത്തിലെ പഠനത്തിനോടൊപ്പം ഗുരുകുലത്തിനു പുറത്തുവച്ച് സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നത് പ്രധാനമായും ഗുരുകുല സ്റ്റഡിസര്‍ക്കിള്‍ വഴിയാണ്. സംവാദ സമീപന സാധ്യതകള്‍ തുറന്നുകൊടുക്കുക എന്ന ഉദ്ദേശ്യവും ഇതിനു പുറകിലുണ്ട്. ഒരു നിര്‍വാഹക സമിതിയായിരിക്കും സ്റ്റഡിസര്‍ക്കിളിനെ നിയന്ത്രിക്കുക. ഗുരുകുലത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വരുന്ന ഒരു വര്‍ഷക്കാലം കേരളത്തില്‍ ആകെ നൂറിലധികം സ്റ്റഡിസര്‍ക്കിളുകള്‍ രൂപീകരിച്ച് ആയിരത്തിലധികം കുടുംബസംഗമങ്ങളും പഠന ക്ലാസുകളും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ഗുരുകുല ബാലലോകം രൂപീകരിക്കുക, ജില്ലകള്‍ കേന്ദ്രീകരിച്ച് ജില്ലാതല സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, സംസ്ഥാനതലത്തില്‍ സെമിനാറുകള്‍ നടത്തുക തുടങ്ങി നിരവധി പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
നാരായണ ഗുരുകുലത്തില്‍ ചേരുവാനായി ഗുരു നിത്യചൈതന്യതി എത്തിയപ്പോള്‍ നടരാജഗുരു അദ്ദേഹത്തിന്റെ മുന്പില് രണ്ട് ലക്ഷ്യങ്ങള്‍ വച്ചു. ഒന്ന് സകല ജീവരാശികളിലും ഇരുന്ന് പ്രകാശിക്കുന്ന അറിവായ ആത്മാവ് ഏകമാണെന്നും, അതില്‍ നിന്ന് അന്യമായി ലോകത്തില്‍ ഒന്നുമില്ലെന്നും നേരിട്ടനുഭവിക്കാനുള്ള ആത്മസാക്ഷാത്കാരമായിരുന്നു. പിന്നൊന്ന് മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ട് അനീതിക്ക് പാത്രമാകുന്ന ഒരാളുടെ ദുഃഖം തന്റേതുകൂടിയല്ലെന്ന് വിചാരിക്കാതിരിക്കുവാനുള്ള സാര്‍വത്രികമായ ഉത്തരവാദിത്വം (അണ്‍ലിമിറ്റഡ് ലയബിലിറ്റി) ആയിരുന്നു. ആ ഉത്തരവാദിത്വം ഉണ്ടായാല്‍ ഗുരുകുലവാസികള്‍ ലോകപൗരന്മാരായി ഭവിക്കും. ഓരോരുത്തരുടേതുമായ ആത്മസാക്ഷാത്കാരം എല്ലാവരുടേതുമായ ലോക പൗരത്വം. ഈ രണ്ടു ലക്ഷ്യങ്ങളാണ് നാരായണ ഗുരുകുലത്തെ നീതിനിഷ്ഠമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: