കേരളത്തിലൂടെ പുതിയ റെയില്‍ പാത നിര്‍മ്മിക്കുന്നതിന് നിരവധി ചര്‍ച്ചകളും പ്രക്ഷോഭങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്നു. കക്ഷി രാഷ്‌ട്രീയ പരിഗണകള്‍ക്കപ്പുറം കേരളത്തിന്റെ റെയില്‍വേ വികസനം എങ്ങനെ നടക്കണമെന്ന് നമുക്കൊന്ന് വിലയിരുത്താം. നേരത്തെ വിവാദമായിരുന്ന സില്‍വര്‍ ലൈന്‍ ബ്രോഡ്‌ഗേജ് ആക്കി ആകാശപാതയും തുരങ്ക പാതയുമായി ഡിഎംആര്‍സിയെ ഏല്‍പ്പിച്ച് നടത്താം എന്ന് ഒരു പക്ഷം. വര്‍ഷങ്ങളായി സ്വപ്‌നമായി അവശേഷിക്കുന്ന അങ്കമാലി എരുമേലി പാതക്ക് പകരം ചെങ്ങന്നൂര്‍ നിന്നും ആകാശപാതയായി ശബരിമലയില്‍ എത്തുന്ന മറ്റൊരു പാത. ഇവ രണ്ടും കേരളത്തിലെ റെയില്‍വേ വികസനം സ്വപ്‌നമായി നില നിര്‍ത്താന്‍ മാത്രമേ സാധിക്കൂ.
ശബരിപാത
1997ല്‍ അങ്കമാലി ശബരിപാത വിഭാവനം ചെയ്യുമ്പോള്‍ രണ്ടാം ഘട്ടമായി എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നീട്ടണം എന്നായിരുന്നു നിര്‍ദേശം. അതുമൂലം ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം മദ്ധ്യതിരുവിതാംകൂറിന്റെ കിഴക്കേ ഭാഗത്തെ നിരവധി ജനങ്ങള്‍ക്ക് പ്രയോജന പ്രദം ആകുമെന്ന് സ്വപ്‌നമുണ്ടായിരുന്നു. ഈ ഭാഗത്തു കൂടിയുള്ള റോഡ് ഗതാഗതം സുഗമമാക്കാനും സാധിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. മാത്രമല്ല കേരളത്തിലെ പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു തീര്‍ത്ഥാടന പാതയും ലക്ഷ്യമിട്ടിരുന്നു.
അന്ന് നിലക്കല്‍ വരെ എത്തുമായിരുന്ന പാതക്ക് തടസ്സം നിന്നത് വനം വകുപ്പാണ്. അത് മൂലം അങ്കമാലി എരുമേലി പാതയായി വെട്ടിച്ചുരുക്കി. കാലതാമസം മൂലം ആദ്യമുണ്ടായിരുന്ന എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു. ഏറ്റവും അവസാനം 2022 ല്‍ റെയില്‍വേ മന്ത്രാലയം കേരള റെയില്‍ കോര്‍പറേഷനോട് പുതുക്കിയ എസ്റ്റിമേറ്റ് നല്‍കുവാനും ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ മഹാകുംഭമേള കേന്ദ്രത്തിനു തൊട്ടടുത്ത് നില്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് ഉതകുന്ന പാത കാല്‍ നൂറ്റാണ്ടിലധികമായി അന്തരീക്ഷത്തില്‍ നില്‍ക്കുന്നു.
ചരിത്ര പ്രസിദ്ധമായ അങ്കമാലിയില്‍ നിന്നും ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിലേക്ക്, പരിശുദ്ധ പരമ സിംഹാസനം അന്തര്‍ദേശീയ പദവി നല്‍കിയ മലയാറ്റൂരിലെ വിശുദ്ധ തോമശ്ലീഹായുടെ ഭാരതത്തിലെ ഒന്നാമത്തെ െ്രെകസ്തവ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അടിവാരമായ കാലടിയിലേക്കുള്ള 8 കിലോമീറ്റര്‍ പാതയുടെ 95% പ്രവര്‍ത്തികളും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് ആരുടെയൊക്കെയോ പിന്നാമ്പുറക്കളികളുടെ ഭാഗമായി, വരുന്ന കാല്‍ നൂറ്റാണ്ടു കഴിഞ്ഞാലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ചെങ്ങന്നൂര്‍-പമ്പ പാതയുടെ നിര്‍ദേശം വന്നത്. റിസര്‍വ് വനത്തിലൂടെ ഇരുപത് കിലോമീറ്റര്‍ റെയില്‍വേ പാത നിര്‍മിക്കാന്‍ വനം വകുപ്പിന്റെ അഴിമതി ലഭിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ അങ്കമാലി എരുമേലി പുനലൂര്‍ വര്‍ക്കല പാതക്ക് പാര വെക്കാനാണോ ഇത്തരം നിര്‍ദേശം ഉയര്‍ന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മദ്ധ്യതിരുവിതാംകൂറിന്റെ സമഗ്ര വികസനം സ്വപ്‌നം കാണുന്ന സാധാരണ ജനങ്ങളെ മിഥ്യാ ഭാവനകളുടെ ദന്തഗോപുരങ്ങളിലാക്കി മയക്കുവെടി വെച്ച് കബളിപ്പിക്കാമെന്നാണ് ചെങ്ങന്നൂര്‍ പമ്പ പാത നിര്‍ദ്ദേശിച്ച ചില ഉദ്യോഗസ്ഥ മേധാവികളുടെ ലക്ഷ്യം. നേരത്തെ അങ്കമാലി-പമ്പ പാതക്ക് ഉണ്ടായ എതിര്‍പ്പ് ഈ പാതയ്‌ക്കും വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കണ്ണടച്ച് ഇരുട്ടാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് ചില ലോബികള്‍.
അങ്കമാലി എരുമേലി പാത കടന്നുപോകുന്ന ചില സ്ഥലങ്ങളുടെ പ്രത്യേകതകളിലൂടെ ഒന്ന് കണ്ണോടിക്കാം. കേരളത്തിന്റെ പ്ലൈവുഡ് നിര്‍മാണത്തിന്റെയും ഫര്‍ണീച്ചര്‍ നിര്‍മാണത്തിന്റെയും ഹബ്ബായ പെരുമ്പാവൂരില്‍ ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാര്‍വ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം ക്ഷേത്രം. തൊട്ടടുത്ത് രാജ്യത്തെ തന്നെ വിരളമായ മരുന്ന് ചെടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഓടക്കാലി. മൂന്ന് ജല സംഭരണികളാല്‍ ചുറ്റപ്പെട്ട മൂന്നാര്‍ മലയിടുക്കുകളുടെ കവാടമായ കോതമംഗലം. നിരവധി പേരുകേട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നില കൊള്ളുന്ന പുതിയ ഉപഗ്രഹ നഗരമായി വളരുന്ന മൂവാറ്റുപുഴ. അന്തര്‍ദേശീയ നിലവാരമുള്ള പൈനാപ്പിള്‍ കൃഷിയുടെ ഈറ്റില്ലമായ വാഴക്കുളം. കാര്‍ഷിക മേഖലയും ഇടുക്കി അണക്കെട്ടിന്റെ അടിവാരത്തു സ്ഥിതി ചെയ്യുന്ന റെയില്‍വേയിലൂടെ യാത്ര ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു ലക്ഷത്തില്‍ അധികം ജനങ്ങള്‍ വസിക്കുന്ന തൊടുപുഴ. ശ്രീരാമ ഭഗവാന്റെയും അദ്ദേഹത്തിന്റെ സഹോദരങ്ങളായ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, എന്നിവരുടെ നാലമ്പല തിരുസാന്നിധ്യത്താല്‍ പുണ്യഭൂമി ആയ രാമപുരം. പരിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്മൃതി മണ്ഡപത്താല്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം. ഭാരതത്തിലെ തന്നെ ഏറ്റവും അധികം റബ്ബര്‍ ഉല്‍പാദിപ്പിച്ചിരുന്ന, അക്കര പള്ളിയും, നൈനാര്‍ പള്ളിയും, മധുര മീനാക്ഷി ക്ഷേത്രവും, ഗണപതിയാര്‍ കോവിലും, ഇളങ്കാവ് ഭഗവതി ക്ഷേത്രവും അടങ്ങുന്ന കാഞ്ഞിരപ്പള്ളി പവിത്രമാണ്. ശബരിമല യുടെ കവാടമായ എരുമേലിയിലുള്ള അയ്യപ്പ ഭഗവാന്റെ ക്ഷേത്രവും തൊട്ടടുത്തുള്ള വാവര് പള്ളിയും എരുമേലി സെന്റ് തോമാസ് പള്ളിയും മത സൗഹര്‍ദ്ദത്തിന്റെ മാകുടോദാഹരണങ്ങളാണ്.
ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ കൂടുതലും വരുന്നത് കേരളത്തിന്റെ വടക്ക് ഭാഗത്തു കൂടി ആണ്. തമിഴ്‌നാട്ടിലെയും, തെലുങ്കാനയിലേയും, ആന്ധ്രപ്രദേശിലെയും സ്വാമിമാര്‍ക്ക് അങ്കമാലി വഴി എരുമേലിയിലേക്ക് എത്തുന്നതല്ലേ കൂടുതല്‍ സൗകര്യം. ചെങ്ങന്നൂര്‍ വഴിയുള്ള നിര്‍ദിഷ്ട പാതക്ക് അങ്കമാലി എരുമേലി പാതയേക്കാള്‍ നൂറു കിലോമീറ്റര്‍ അധികം ദൂരമുണ്ട്. മാത്രമല്ല ചെങ്ങന്നൂര്‍-എരുമേലി പാതയില്‍ വര്‍ഷത്തില്‍ നൂറ്റി ഇരുപത്തി മൂന്ന് ദിവസം മാത്രമായിരിക്കും ആളുണ്ടാകുക. മണ്ഡലം മകരവിളക്ക് കാലത്ത് അറുപത്തി മൂന്നു ദിവസവും എല്ലാ മാസവും അഞ്ച് ദിവസം വീതവും. ബാക്കി ദിവസങ്ങളില്‍ ഈ റെയില്‍വേ പാത ഉപയോഗശൂന്യമായിരിക്കും. ചെങ്ങന്നൂര്‍ എരുമേലി പാത യഥാര്‍ഥ്യമായാല്‍ കോട്ടയം വഴി പോകുന്ന റെയില്‍വേ പാതയില്‍ അഭൂതപൂര്‍വമായ തിരക്കും തടസവും അനുഭവപ്പെടും.
അങ്കമാലി-എരുമേലി-പുനലൂര്‍-വര്‍ക്കല പാത യഥാര്‍ഥ്യമായാല്‍ കേരളത്തിലെ മറ്റ് പാതകളിലും റെയില്‍വേയുടെ തിക്കും തിരക്കും കുറയ്‌ക്കാന്‍ സാധിക്കും. ആയതിനാല്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്ന അങ്കമാലി-എരുമേലി-ശബരി പാതയെ സജീവമാക്കി വിഘ്‌നങ്ങള്‍ നീക്കി യഥാര്‍ഥ്യമാക്കുവാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണം. അങ്കമാലി-എരുമേലി പാതക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമില്ല. ഇപ്പോഴത്തെ നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത് മൂവായിരത്തി അഞ്ഞൂറ്റിപതിനഞ്ചു കോടി രൂപ ആണ്. കാര്‍ഷിക മേഖല ആയതിനാല്‍ ചരക്ക് ഗതാഗതത്തിന് സാധ്യതകള്‍ ഏറെ. തമിഴ്‌നാട്ടിലേക്ക് കൊല്ലം, തെങ്കാശി പാതയിലൂടെ യാത്രാ സൗകര്യം ഒരുക്കാം. കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആകാശപാതയായും തുരങ്കപാതയായും കുമളി വഴി ബോഡി നായ്‌ക്കന്നൂരിലേക്ക് റെയില്‍വേ പാത നിര്‍മ്മിക്കാം.
ചെങ്ങന്നൂര്‍ പമ്പ പാതയാകട്ടെ ഒന്നില്‍ നിന്നും തുടങ്ങണം. അങ്കമാലി എരുമേലി പാതയുടെ മൂന്ന് ഇരട്ടി പണം ചെലവാക്കണം. കാലക്രമത്തില്‍ ആലപ്പുഴ ചങ്ങനാശ്ശേരി എരുമേലി പാത നിര്‍മിച്ചാല്‍ കേരളത്തിലെ തീരദേശ പാതയും ഇടനാട് പാതയും മലയോര പാതയും തമ്മില്‍ യോജിപ്പിക്കാനും കഴിയും. തലശ്ശേരി മൈസൂര്‍ റെയില്‍വേ പാതയും, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍വേ പദ്ധതിയും വാഗ്ദാനങ്ങള്‍ ആയി ഇപ്പോഴും നിലനില്‍ക്കുന്നു. തലശ്ശേരിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും നിര്‍ദ്ദേശ്ശിക്കപ്പെട്ട റെയില്‍പാത വയനാട് ജില്ലയിലെ കല്പറ്റയില്‍ ഒന്ന് ചേര്‍ന്ന് മീനങ്ങാടി, കൊളവള്ളി, കൃഷ്ണരാജപുരം വഴി നഞ്ചങ്കോടിനും മൈസൂര്‍ ജംഗ്ഷന്റെ ഇടയിലുള്ള സ്ഥലത്ത് എത്തി ചേര്‍ക്കാന്‍ സാധിക്കും. ഇവിടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിനും വികസന വിരുദ്ധതക്കും എതിരെ നിലകൊള്ളാനുള്ള ചങ്കൂറ്റം ഭരണാധികാരികള്‍ക്ക് ഉണ്ടാകണം. അങ്കമാലി എരുമേലി, പുനലൂര്‍ വര്‍ക്കല, തലശ്ശേരി, നിലമ്പൂര്‍ കല്പറ്റ വഴി മൈസൂര്‍ പാതയും വന്നാല്‍ കേരളത്തിന് മാത്രമല്ല പ്രയോജനം. തമിഴ്‌നാടിനും കര്‍ണാടകക്കും ഗുണം ലഭിക്കും.
(ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: