വടക്കഞ്ചേരി: സിപിഎം ഭരിക്കുന്ന കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറി അരക്കോടിയിലധികം രൂപ തട്ടിയെന്ന പരാതിയില്‍ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ആര്‍. സുരേന്ദ്രനെതിരെയാണ് വടക്കഞ്ചേരി പോലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കണ്ണമ്പ്ര അരിമില്ലിനുവേണ്ടി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക അഴിമതി നടത്തിയത്.കണ്ണമ്പ്ര അരിമില്ലിനുവേണ്ടി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സൊസൈറ്റിയാണ് പാപ്‌കോസ്. ആര്‍. സുരേന്ദ്രന്‍ പാപ്‌കോസിന്റെ സെക്രട്ടറിയായിരിക്കുമ്പോഴാണ് കണ്ണമ്പ്ര മാങ്ങോട്ടില്‍ 27.66 ഏക്കര്‍ ഭൂമി വാങ്ങിയത്.
കുറഞ്ഞ വിലയുള്ള ഭൂമി കൂടിയ വിലയ്ക്ക് വാങ്ങിയതായി രേഖകളില്‍ കാണിച്ച് മൂന്ന് കോടിയോളം രൂപ വെട്ടിപ്പ് നടത്തിയതായാണ് പരാതി.സംഭവത്തില്‍ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. സുരേന്ദ്രനെതിരെ ലഭിച്ച പരാതികളില്‍ പാലക്കാട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: