ആലത്തൂര്‍: കാവശ്ശേരി കല്ലേപ്പുള്ളി കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി. കാവശ്ശേരി കഴനി കുന്നുംപുറം വേലന്റെ മകന്‍ വേലായുധനാണ് പരാതി നല്‍കിയത്.
മുന്‍ മന്ത്രി എ.കെ. ബാലന്‍ മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കമായത്. പട്ടികജാതി വികസന വകുപ്പില്‍ നിന്നും 9.5 കോടി രൂപ ചെലവഴിച്ചാണ് കെല്‍പാമിന്റെ കല്ലേപ്പുള്ളിയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് മേല്‍ക്കൂര നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൂടാതെ തോണിക്കടവ് – പാറയ്‌ക്കല്‍ പറമ്പ് റോഡില്‍ നെല്ല് സൂക്ഷിക്കാനായി കൂറ്റന്‍ ഗോഡൗണും നിര്‍മിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിപണിയില്‍ ലഭ്യമായ അത്യാധുനിക യന്ത്രം റൈസ് മില്ലിനായി കൊണ്ടുവന്ന് കരസ്പര്‍ശം ഏല്‍ക്കാത്ത അരി സപ്ലൈകോ മുഖാന്തരം വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടര ടണ്ണിലധികം ഉത്പാദനവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കരാറുകാരന്റെ ഇഷ്ടപ്രകാരമാണ് ഇവിടെ യന്ത്രങ്ങളും മറ്റും സ്ഥാപിക്കുന്നതെന്നും ഇതിന് അസി. എന്‍ജിനീയര്‍, എക്സി. എന്‍ജിനീയര്‍ എന്നിവരുടെ മൗനാനുവാദമുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.
അഴിമതി അന്വേഷിച്ച് അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
കെല്‍പാം ആദ്യ വ്യവസായ യൂണിറ്റ്
താലൂക്കില്‍ പൊതുമേഖലയിലെ ആദ്യ വ്യവസായ യൂണിറ്റായി 1985 ല്‍ ആരംഭിച്ച പനനാര് സംസ്‌കരണ ശാലയാണ് കെല്‍പാം. 2010 ഓടുകൂടി പനന്തടി ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രവും തുറന്നു.
ക്രമേണ പനനാര്, പനന്തടി എന്നിവയുടെ അഭാവം മൂലം യൂണിറ്റ് അടച്ചുപൂട്ടുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ആലോചനകള്‍ ആരംഭിച്ചു. 2017 ഏപ്രില്‍ 12ന് മന്ത്രി എ.കെ. ബാലന്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. നിരവധി പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ തുടങ്ങിയ സ്ഥാപനം പ്രതിസന്ധി കൂടുതലായപ്പോള്‍ നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: