Categories: Agriculture

കര്‍ഷകര്‍ക്ക് ആശ്വാസമായി വില വര്‍ദ്ധനവ്; കുതിച്ച് ചാടി കുരുമുളക് വില, അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ഉയര്‍ന്ന വില

ഉത്തരേന്ത്യയിലെ കാര്‍ട്ടലുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് വില ഈ രീതിയില്‍ വര്‍ദ്ധിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജീരകം, മഞ്ഞള്‍ തുടങ്ങിയ ചരക്കുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തിയ അതേ ലോബിയാണ് കുരുമുളക് വില വര്‍ദ്ധനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

Published by

കോട്ടയം: കുരുമുളക് വിലയില്‍ വന്‍ കുതിപ്പ് ഉണ്ടായതോടെ വലിയ ആശ്വാസത്തിലാണ് കര്‍ഷകര്‍. ഓണക്കാലത്ത് ഉണ്ടായ വില വര്‍ദ്ധനവ് വലിയ പ്രതീക്ഷ നല്‍കുന്നുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഒറ്റയടിക്ക് കുരുമുളക് കിലോഗ്രാമിന് 30 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസവും കിലോഗ്രാമിന് 10 രൂപ കൂടി കൂടിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.  

ഏറ്റവും മികച്ച ഗുണനിലവാരമുള്ള കുരുമുളക് കിലോഗ്രാമിന് 610 രൂപ വരെ ലഭിച്ചുവെന്ന് കര്‍ഷകര്‍ പറഞ്ഞു. ക്വിന്റലിന് 61,000 രൂപയാണ് വില. അതായത് ക്വിന്റലിന് 3000 രൂപയില്‍ അധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വില ഉയരാറുണ്ടായിരുന്നെങ്കിലും ഗുണകരമായിരുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓണക്കാലമായതിനാല്‍ തന്നെ വില ഉടന്‍ ഇടിയാന്‍ സാധ്യതയില്ലെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.  

അതേസമയം ഉത്തരേന്ത്യയിലെ കാര്‍ട്ടലുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് വില ഈ രീതിയില്‍ വര്‍ദ്ധിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജീരകം, മഞ്ഞള്‍ തുടങ്ങിയ ചരക്കുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തിയ അതേ ലോബിയാണ് കുരുമുളക് വില വര്‍ദ്ധനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. അടുത്ത വര്‍ഷത്തെ ഉത്പാദനം വലിയ രീതിയില്‍ കുറയുമെന്ന പ്രചാരണത്തെ തുടര്‍ന്ന് മസാലക്കമ്പനികള്‍ വന്‍തോതില്‍ കുരുമുളക് ശേഖരിച്ചിരുന്നു.  

ചില വന്‍കിട കമ്പനികള്‍ അടുത്ത ഏതാനും മാസങ്ങളില്‍ ആവശ്യമുള്ള മുളകിന് വേണ്ടി പുതിയ രീതിയില്‍ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. സമീപ ഭാവിയില്‍ കുരുമുളകിനുണ്ടാകാവുന്ന ആവശ്യകത മുന്നില്‍ കണ്ട് കാര്‍ട്ടലുകളാണ് വില ഉയര്‍ത്തലിന് പിന്നിലെന്നും വ്യാപാരികള്‍ പറഞ്ഞു.

പ്രതീക്ഷയോടെ കര്‍ഷകര്‍  

കുരുമുളകിന്റെ വില കുതിച്ചുയര്‍ന്നതോടെ പ്രതീക്ഷയുടെ ചിറകിലേറിയിരിക്കുകയാണ് കര്‍ഷകര്‍. ഓണക്കാലത്ത് ഇനിയും വില കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവില്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിനാണ് ഉയര്‍ന്ന വില. പുതിയ കണക്കനുസരിച്ച് ടണ്ണിന് 7,300 ഡോളറാണ് ഇന്ത്യന്‍ മുളകിന്റെ വില. എന്നാല്‍ ബ്രസീല്‍ കുരുമുളകിന് 3,500 ഡോളര്‍ മാത്രമാണ്. വിയറ്റ്‌നാം മുളകിന് 3,600 ഡോളറും, ഇന്‍ഡോനേഷ്യന്‍ മുളകിന് 3,800 ഡോളറുമാണ് വില.

കൊടിക്കാലിന്റെ ലഭ്യതക്കുറവ് പ്രതിസന്ധി

കുരുമുളകിന്റെ വില വര്‍ദ്ധനവ് മലയോര കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ തുടര്‍ച്ചയായുള്ള വിലയിടിവും രോഗങ്ങളും മൂലം നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരുന്നു. വില ഉയര്‍ന്നപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി കൊടിക്കാലുകളുടെ  ലഭ്യതക്കുറവാണ്. നിലവില്‍ കിളിഞ്ഞില്‍, അമ്പഴം, മുരിക്ക്, കൊന്ന എന്നിവയാണ് കാലുകളായി ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റു കൊടിക്കാലുകള്‍ കര്‍ഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. സാമ്പത്തിക ചിലവ് ഒഴിവാക്കാന്‍ സബ്‌സിഡി നിരക്കില്‍ വാര്‍ക്ക കാലുകള്‍ നല്‍കണം.  

എബി ഐപ്പ് (സാമൂഹ്യ പ്രവര്‍ത്തകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts