ആലുവയില്‍ അഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പൈശാചിക സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ല. മൂന്നു വര്‍ഷമായി ആലുവയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് അഞ്ച് ദിവസം മുന്‍പുമാത്രം ഇവിടെ ജോലിക്കെത്തിയ ബീഹാര്‍ സ്വദേശി കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മകള്‍ എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞുവെന്ന വിവരമാണ് ആ കുടുംബത്തെ തേടിയെത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മിഠായിയും ജ്യൂസും മറ്റുമൊക്കെ വാങ്ങിക്കൊടുത്ത് കടത്തിക്കൊണ്ടുപോയത്. നാല് മണിയോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആലുവ മാര്‍ക്കറ്റില്‍വച്ച് കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടവരുണ്ട്. ചോദിച്ചപ്പോള്‍ തന്റെ കുട്ടിയാണെന്നും, മദ്യപിക്കാന്‍ പോവുകയാണെന്നുമായിരുന്നു മറുപടി നല്‍കിയത്. വെള്ളിയാഴ്ച രാത്രി ആലുവ നഗരത്തിലെ പറവൂര്‍ കവലയില്‍നിന്ന് മദ്യലഹരിയില്‍ പ്രതി പോലീസിന്റെ പിടിയിലാവുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം പ്രതി സമ്മതിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍വച്ചും കടയില്‍വച്ചും കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടവര്‍ അല്‍പ്പം ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ അതിദാരുണമായ ഈ സംഭവം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നു വിശ്വസിക്കാം.
സംഭവത്തെത്തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അടിയന്തരമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യത്തില്‍ പോലീസിന് അലംഭാവമുണ്ടായി. അരുതാത്തത് സംഭവിച്ചതിനുശേഷം ‘മകളേ മാപ്പ്’ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പോലീസ് ജനങ്ങളുടെ മുമ്പില്‍ കുറ്റക്കാരായി നില്‍ക്കുകയാണ്. മൃഗങ്ങള്‍പോലും അറയ്‌ക്കുന്ന വിധത്തില്‍ ഹീനമായ കുറ്റകൃത്യം ചെയ്തത് അസ്ഫാഖ് എന്ന് പേരുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയാണ്. കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും ഉപജീവനമാര്‍ഗം തേടി വരുന്നവരുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരു വിഭാഗം കൊടും ക്രിമിനലുകളാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ഏത് സംസ്ഥാനക്കാരാണ് എന്നതുപോലും വ്യക്തമല്ല. ചോദിക്കുമ്പോള്‍ അസം, ബംഗാള്‍ എന്നൊക്കെ പറയുമെങ്കിലും രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ളവരും ഇക്കൂട്ടരിലുണ്ട്. വ്യാജ ആധാര്‍ കാര്‍ഡുമായി എത്തുന്നവരുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇവരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അധികൃതരുടെ കൈവശമില്ല. ഇവര്‍ 35 ലക്ഷത്തോളം വരും എന്ന കണക്കുതന്നെ തെറ്റാണ്. അതിന്റെ ഇരട്ടിയോ അതിലധികമോ വരും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്തുകളിലോ പോലീസ് സ്‌റ്റേഷനുകളിലോ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെയൊരു ശ്രമം നടത്തിയാല്‍തന്നെ ക്രിമിനല്‍ സ്വഭാവമുള്ള പലരെയും തിരിച്ചറിയാന്‍ സാധിക്കും. ഇതു ചെയ്യുന്നതില്‍ മതം ഒരു ഘടകമല്ലെങ്കിലും മതേതരത്വത്തിന് വിരുദ്ധമാവുമെന്ന വിചിത്ര മനോഭാവമാണ് ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ഇന്നലെ ഭരിച്ചവര്‍ക്കും ഉള്ളത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമാതീതമായ ഉപയോഗമാണ് കേരളത്തില്‍ സമീപകാലത്ത് നടന്ന പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുള്ളത്. ലഹരിയുടെ പിടിയിലമരുമ്പോള്‍ ഉള്ളിലെ ചെകുത്താന്‍ പുറത്തുചാടുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനം കടുത്ത മദ്യപാനികളും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമാണ്. ഇത് സുലഭമായി ലഭിക്കുന്ന ഒരു സ്ഥിതിവിശേഷവും സംസ്ഥാനത്തുണ്ട്. പോഷകാഹാരം എന്നു ബ്രാന്‍ഡ് ചെയ്ത് സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഒഴുക്കാനാണല്ലോ ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം. ഇത് സ്വാഭാവികമായും കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തും. ലഹരിക്ക് അടിമപ്പെട്ട് അരങ്ങേറുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ ചിലതു മാത്രമാണ് പുറത്തറിയുന്നത്. ഇതിലൊന്നാണ് ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ ദാരുണ മരണം. ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളില്‍ പലരും കടുത്ത കുറ്റവാളികളാണ്. ജയില്‍വാസവും തടവുശിക്ഷയുമൊന്നും ഇവര്‍ക്കൊരു പ്രശ്‌നമല്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പേ ഇവരില്‍ ചിലരെയെങ്കിലും തിരിച്ചറിയാന്‍ നേരത്തെ സൂചിപ്പിച്ച രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലൂടെ കഴിയും. വോട്ടുബാങ്ക് രാഷ്‌ട്രീയത്തെ ബാധിക്കും എന്നതുകൊണ്ട് ഇതു ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഇതരസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ പോലുള്ള പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് അരക്ഷിതരായി കഴിഞ്ഞുകൂടേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. കൊവിഡ്കാലത്ത് നിയമസംവിധാനങ്ങളെ വകവയ്‌ക്കാതെ കോട്ടയം ജില്ലയിലും മറ്റും ഇക്കൂട്ടര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സായി അതിഥിതൊഴിലാളി എന്ന വിശേഷണം മാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: