Categories: Education

ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല;’വിദ്യാ പ്രവേശ്’ നടപ്പിലാക്കാത്ത മൂന്നു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം

Published by

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിന് സാധിക്കില്ലന്ന് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍. യുജിസി അംഗീകാരമില്ലാതെ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. യുജിസി അംഗീകരിക്കണമെങ്കില്‍  ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയേ മതിയാകു.

ഐസര്‍ ഡയറക്ടര്‍ പ്രൊഫ. ജെ എന്‍ മൂര്‍ത്തി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, സ്‌കില്‍ ഡെവലപ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് റീജിയണല്‍ ഡയറക്ടര്‍ എച്ച് സി ഗോയല്‍,സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ മഹേഷ് .ഡി. ധര്‍മ്മാധികാരി, കേന്ദ്രീയ വിദ്യാലയ സംഗതന്‍  മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ എന്‍  എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നയത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ‘വിദ്യാ പ്രവേശ്’ നടപ്പിലാക്കാത്ത രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. മണിപ്പൂരും സിക്കിമുമാണ് മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. എന്‍സിഇആര്‍ടി ഗ്രേഡ് ഒന്നിലേക്കായി  വികസിപ്പിച്ചതാണ് ‘വിദ്യാ പ്രവേശ്’ എന്ന പേരില്‍ 3 മാസത്തെ ഉല്ലാസാധിഷ്ഠിത ‘സ്‌കൂള്‍ തയ്യാറെടുപ്പ് മൊഡ്യൂള്‍’   കുട്ടികളുടെ പ്രീസാക്ഷരത, പ്രീസംഖ്യാജ്ഞാനം, ധാരണപരവും സാമൂഹ്യവുമായ കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഏകദേശം 12 ആഴ്ചയിലേക്കുള്ള വികസനത്തിന് അനുയോജ്യമായ നിര്‍ദേശങ്ങളാണ് മൊഡ്യൂളിലുള്ളത്. സിക്കിം, മണിപ്പൂര്‍, കേരളം എന്നിവ ഒഴികെയുള്ള 33 സംസ്ഥാനങ്ങള്‍ ‘വിദ്യാ പ്രവേശ്’ നടപ്പാക്കിയിട്ടുണ്ട്.  കേരളം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നത് അറിയില്ല. അവര്‍ പറഞ്ഞു

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന  അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍.

ജൂലൈ 29 ന് ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് സമ്മേളനം  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയവും നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയവും ചേര്‍ന്നാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വിവിധ സംരംഭങ്ങള്‍ക്കു പ്രധാനമന്ത്രി തുടക്കം കുറിക്കും.വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 200 സ്റ്റാളുകളുള്ള മള്‍ട്ടിമീഡിയ പ്രദര്‍ശനം ആഘോഷങ്ങളുടെ ഭാഗമാകും.16 പ്രമേയാധിഷ്ഠിത സമ്മേളനങ്ങള്‍ നടക്കും; ഏകദേശം 3000 പ്രതിനിധികളും 2 ലക്ഷത്തിലധികം പേരും ആഘോഷങ്ങളുടെ ഭാഗമാകും.

21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിശാലവും വേണ്ടവിധത്തില്‍ രൂപപ്പെടുത്താവുന്നതുമായ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയെ ഊര്‍ജസ്വലമായ വിജ്ഞാന സമൂഹമായും ആഗോള വിജ്ഞാന മഹാശക്തിയായും മാറ്റുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്ന്  വിദ്യാഭ്യാസ വിദ്ഗ്ധര്‍ പറഞ്ഞു..ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരിക. മനഃപാഠമാക്കുന്നതിനു പകരം വിമര്‍ശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക, പഠനത്തിനുപകരം മനസിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ശാസ്ത്രീയ മനോഭാവത്തിന് പ്രോത്സാഹനം നല്‍കുക. ഇന്ത്യക്കാരനാണ് എന്നതില്‍ പഠിതാക്കള്‍ക്കിടയില്‍ അഭിമാനം വളര്‍ത്തുക, അവരെ യഥാര്‍ഥ ആഗോള പൗരന്മാരാക്കുന്ന അറിവും കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുക.   എന്നിവയും ലക്ഷ്യമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts