പൊന്‍കുന്നത്തെ ട്രാഫിക് സിഗ്നലുള്ള ജങ്ഷന്
പൊന്‍കുന്നം: ദേശീയപാതയും പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊന്‍കുന്നത്തെ ട്രാഫിക് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. മിക്ക സമയങ്ങളിലും ഇവ പ്രവര്‍ത്തിക്കുന്നില്ല. ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഭാഗികമായി മാത്രമാണ്. മാസങ്ങളായുള്ള ഈഅവസ്ഥ പരിഹരിക്കപ്പെടാതെ തുടരുകയാണ്.
മറ്റു സംസ്ഥാനത്ത് നിന്ന് ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ പാത തെരഞ്ഞെടുക്കുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം ഭാഗത്ത് വാഹനങ്ങള്‍ തമ്മില്‍ അപകടത്തില്‍പ്പെടുന്നത് പതിവാകകുയാണ്.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സിഗ്‌നല്‍ തെറ്റി തെറ്റായ വഴിയിലൂടെ പ്രവേശിച്ചതിനാല്‍ പിന്നാലെയെത്തിയ കാര്‍ നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിച്ചു തകര്‍ന്നു. ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്നല്‍ സംവിധാനം കഴിഞ്ഞ കുറച്ചു നാളുകളായിട്ടാണ് നിശ്ചലമായത്. സിഗ്നല്‍ സംവിധാനം തകര്‍ന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ട ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കെല്‍ട്രോണ്‍ ആണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ സ്ഥാപിച്ചത്. മഴയുള്ളപ്പോള്‍ ഇവ പ്രവര്‍ത്തനരഹിതമാകാറുണ്ട്. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ മാത്രമാണ് തെളിയുന്നത്. അതാവട്ടെ എല്ലാ ലൈറ്റുകളും തെളിയില്ല. മാത്രമല്ല ടൈമറും പ്രവര്‍ത്തനരഹിതമാണ്. എത്രസമയമാണ് ഓരോ ദിശയിലേക്കും അവശേഷിക്കുന്നത് എന്ന് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാനാവില്ല. തകരാര്‍ പരിഹരിക്കാന്‍ കെല്‍ട്രോണിന് പോലീസ് നിര്‍ദേശം നല്‍കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക