Categories: Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പല കളികളും ഭാരതത്തിന്റെ സംസ്‌കാരവും പുരാണങ്ങളും അവയിലെ കഥാപാത്രങ്ങളുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഗുസ്തിക്കു ഹനുമാനുമായും ഉറിയടിക്ക് ശ്രീകൃഷ്ണനുമായും ബന്ധമുണ്ടെന്ന് അറിയാമെങ്കിലും അതിനപ്പുറമുള്ള ഇത്തരം ബന്ധം പുത്തന്‍ കണ്ടെത്തല്‍ തന്നെയാണ്. ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്ക് ഏറെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നവയാണ് ഈ കളികള്‍ എല്ലാം തന്നെ. കളികള്‍ക്കു കേവലം കായികമായ പ്രാധാന്യത്തിനപ്പുറം മാനസികവും മനശ്ശാസ്ത്രപരവുമായ ദൗത്യവും നിര്‍വഹിക്കാനുണ്ടെന്നും സനില്‍ കണ്ടെത്തുന്നു. ചെസ്സിന്റെയും ക്രിക്കറ്റിന്റേയും പോലെ മറ്റുപലകളികളുടേയും അസംസ്‌കൃതരൂപം ഉടലെടുത്തത് ഭാരത്തിലാണെന്നും കണ്ടെത്തുന്നു.

Published by

കെ.എന്‍.ആര്‍. നമ്പൂതിരി

ചെപ്പിലടച്ച വിസ്മയം പോലെയാണ്, നാടന്‍ കളികളെ പരിചയപ്പെടുത്തിക്കൊണ്ട് സനില്‍ പി. തോമസ് തയ്യാറാക്കിയ പുസ്തകം. ഇന്ത്യയിലെ നാടന്‍ കളികള്‍. അവതാരികയും ആമുഖവും മറ്റും കഴിഞ്ഞു ബാക്കിയുള്ള 94 പേജുകളിലൂടെ കേരളത്തിലേയും ഇന്ത്യയിലെ മറുനാടുകളിലേയുമായി 80 ല്‍ ഏറെ കളികളെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. നാടന്‍ കളികള്‍, മറുനാടന്‍ കളികള്‍, ഓണക്കളികള്‍, കലാമൂല്യമുള്ള കളികള്‍ എന്നിങ്ങനെ അവ തരംതിരിക്കപ്പെട്ടിരിക്കന്നു. വിവരണത്തിലുമുണ്ട് വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകള്‍.  

പല കളികളും ഭാരതത്തിന്റെ സംസ്‌കാരവും പുരാണങ്ങളും അവയിലെ കഥാപാത്രങ്ങളുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഗുസ്തിക്കു ഹനുമാനുമായും ഉറിയടിക്ക് ശ്രീകൃഷ്ണനുമായും ബന്ധമുണ്ടെന്ന് അറിയാമെങ്കിലും അതിനപ്പുറമുള്ള ഇത്തരം ബന്ധം പുത്തന്‍ കണ്ടെത്തല്‍ തന്നെയാണ്. ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്ക് ഏറെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നവയാണ് ഈ കളികള്‍ എല്ലാം തന്നെ. കളികള്‍ക്കു കേവലം കായികമായ പ്രാധാന്യത്തിനപ്പുറം മാനസികവും മനശ്ശാസ്ത്രപരവുമായ ദൗത്യവും നിര്‍വഹിക്കാനുണ്ടെന്നും സനില്‍ കണ്ടെത്തുന്നു. ചെസ്സിന്റെയും ക്രിക്കറ്റിന്റേയും പോലെ മറ്റുപലകളികളുടേയും അസംസ്‌കൃതരൂപം ഉടലെടുത്തത് ഭാരത്തിലാണെന്നും കണ്ടെത്തുന്നു.  

നാടന്‍ പന്തും തലപ്പന്തും കിളിത്തട്ടും പകിടയും വടംവലിയും കുട്ടിയും കോലും കളിയും ഗോലികളിയും മറ്റും മനസ്സിലുണ്ടെങ്കിലും വിസ്മൃതിയിലായ ഒട്ടേറെ കളികളെ കണ്ടെത്തി പരിചയപ്പെടുത്തുന്നുണ്ട്. ഒരുതരം ഖനന പ്രക്രിയയാണിത്. ഏതാനും തലമുറകള്‍ക്കിടയില്‍ എന്നെന്നേയ്‌ക്കും ഇല്ലാതായി പോകുമായിരുന്ന മുത്തുകളെ വിസ്മൃതിയുടെ പാതയില്‍ നിന്നു തേടിപ്പിടിച്ച് ഇന്നിന്റെ ഓര്‍മയിലേക്കു കൊണ്ടു വന്നിരിക്കുന്നു. രചനാവൈഭവത്തേക്കാള്‍ നിരീക്ഷണ ബുദ്ധിയും അന്വേഷണ ത്വരയും മുന്നിട്ടു നില്‍ക്കുന്നതായി കാണാം. കളികളുടെ ആത്മാവുതേടിയുള്ളൊരു യാത്രയാണിവിടെ. അത് രാഷ്‌ട്രത്തിന്റെ ആത്മാവു തേടിയുള്ള യാത്രയുമാണ്.

വ്യത്യസ്ത വഴികളിലൂടെ സഞ്ചിരിക്കുകയും ഗവേഷണ മനസ്ഥിതിയോടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന കളിയെഴുത്തുകാരനായ സനിലിന്റെ, ചരിത്രാന്വേഷണ വഴിയിലെ രണ്ടാമത്തെ ശ്രദ്ധേയ രചനയാണിത്. കേരള കായിക ചരിത്രമാണ് ആദ്യത്തേത്. നീണ്ടകാല പരിശ്രമങ്ങളുടേയും ക്ഷമാപൂര്‍വമുള്ള പഠനങ്ങളുടേയും ഫലമാണ് അവ രണ്ടും. വരുംകാലത്ത് ചരിത്രത്തിലേക്കു കൈചൂണ്ടുന്ന മുതല്‍ക്കൂട്ടുകളായി ഇവ രണ്ടും അവശേഷിക്കും.  

ചരിത്രപരമായ ആഖ്യാനം എന്നതിലുപരി വ്യക്തമായ ഒരു ലക്ഷ്യം നിര്‍വഹിക്കുന്നു എന്നതാണ്, നാടന്‍ കളികളെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ പ്രത്യേകത. നാടന്‍ കളികളെ പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിലേക്ക് മികച്ച ചൂണ്ടുപലകയാണിത്. ഭാരതീയ ഗെയിംസ് അഥവാ ഇന്ത്യയിലെ നാടന്‍ കളികള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം (ഐ.കെ.എസ്.) വലിയ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  

ഇന്ത്യയുടെ ഹൃദയത്തുടിപ്പായിട്ടാണ് സ്വാമി വിവേകാനന്ദന്‍ നാടന്‍ വിനോദങ്ങളെ കണ്ടത്. ഛത്രപതി ശിവജിയും ബാലഗംഗാധര തിലകനുമൊക്കെ നാടന്‍ വിനോദങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. യോഗയും കളരിപ്പയറ്റും മാത്രമല്ല, മല്ലാക്കാമ്പും അട്ടയ പട്ടയയും കബഡിയുമെല്ലാം ഭാരതത്തിന്റെ മഹത്തായ പൈതൃകം ഉള്‍ക്കൊള്ളുന്ന വിനോദങ്ങളാണ്. സര്‍വരോഗ സംഹാരിയായി വിശേഷിപ്പിക്കപ്പെടുന്ന മല്ലക്കാമ്പിന്റെ തുടക്കം ഹനുമാന്‍ സ്വാമിയില്‍ നിന്നാണ്.  ഇന്ത്യന്‍ വിനോദങ്ങളുടെ രാജാവാണ് അട്ടയ പട്ടയ.

ആദ്യം കേന്ദ്രീയ വിദ്യാലയങ്ങളിലും പിന്നീട് മറ്റു വിദ്യാലയങ്ങളിലും ഇന്ത്യയുടെ തനതു കളികള്‍ പ്രചരിപ്പിക്കുകയാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനമോ മറ്റു ചെലവുകളോ കൂടാതെ ഇവ പ്രചരിപ്പിക്കാന്‍ കഴിയും. എഴുപത്തഞ്ചോളം കളികള്‍ ഇത്തരത്തില്‍ കണ്ടെത്തി.  ആ ലിസ്റ്റിലെ മിക്കവാറും എല്ലാ കളികളും ഈ ഗ്രന്ഥത്തില്‍ ഉണ്ട്.

കേരളം ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളും തങ്ങളുടെ നാടന്‍ കളികള്‍ കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തി. ഒരേ കളി വിവിധ സംസ്ഥാനങ്ങയില്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട് . കേരളം ഈ മഹാസംരംഭത്തോട് മുഖം തിരിച്ചു നില്‍ക്കുമ്പോള്‍  നമ്മുടെ ചില കളികള്‍ ഇതര സംസ്ഥാനക്കാര്‍ നിര്‍ദേശിച്ചത് സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ കൃതി തീര്‍ച്ചയായും ശ്രദ്ധേയമായ ഒരു ദൗത്യം നിര്‍വഹിക്കുന്നുണ്ട്. കേരള സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ ഈ പുസ്തകത്തിനു കഴിയട്ടെ എന്ന് ആഗ്രഹിക്കാം.

അവതാരികയില്‍, മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഇങ്ങനെ കുറിക്കുന്നു: ഈ ചരിത്രാന്വേഷണ ഗ്രന്ഥത്തിന്റെ യഥാര്‍ഥ വില അറിയുക ഇന്നല്ല, അനേക വര്‍ഷങ്ങള്‍ കഴിഞ്ഞാകും. അന്ന് ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പോലെ, ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പോലെ ഒരു നിധിയായിരിക്കും ഈ കൃതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക