ആലപ്പുഴ: ചന്ദ്രയാന്‍ – 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയുടെ ശാസ്ത്ര സാങ്കേതിക പോരാളികളെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി. വി ആനന്ദ ബോസ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്ത്യയ്‌ക്കൊപ്പം ശാസ്ത്രവും വളരുകയാണ്.
നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘവും രാജ്യത്തിന് മഹത്വവും ശാസ്ത്രത്തിന് ഗരിമയും പകര്‍ന്നു നല്‍കുന്നതില്‍ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ഈ നേട്ടം നിലനിര്‍ത്താന്‍ ശാസ്ത്രലോകത്തിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വിജയപ്രഖ്യാപനം നടത്തുമ്പോള്‍ നേട്ടത്തിന്റെ അഭിനന്ദനം മാതൃരാജ്യമായ ഇന്ത്യയ്‌ക്ക് സമര്‍പ്പിച്ചതിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥനെ ഗവര്‍ണര്‍ ഫോണില്‍ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചു. ആകാശത്തിനപ്പുറം ബഹിരാകാശവും താണ്ടി ഇന്ത്യയുടെ യശസ്സ് കുതിക്കുകയാണ്.
ഈ നേട്ടത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ബംഗാള്‍ രാജ്ഭവനിലേക്ക് അദ്ദേഹം ക്ഷണിച്ചു.സോമനാഥന്‍ നിനച്ചാല്‍ സോമന്‍ വഴങ്ങാതിരിക്കുമോ എന്നും അദ്ദേഹം പറഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ആനന്ദബോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: