പാലക്കാട്: സംസ്ഥാനത്ത് പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒപ്പം അരിവിലയും കുതിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുകാരണം. ഇത് മുതലെടുത്ത് കരിഞ്ചന്തയില്‍ പൂഴ്‌ത്തിവെപ്പ് വ്യാപകമാകുന്നു. പരിശോധനാ സംവിധാനവുമില്ല. ഇക്കണക്കിന് ഓണമാകുമ്പോഴേക്കും വില പിടിച്ചുനിര്‍ത്താനാവാത്ത സ്ഥിതിയിലാവും.
കഴിഞ്ഞമാസം വരെ 42 – 45 രൂപയായിരുന്ന മട്ടയരിക്ക് 52 രൂപയും 35-38 രൂപയുണ്ടായിരുന്ന കുറുവക്ക് 40-42 രൂപയും 45-48 രൂപയുണ്ടായിരുന്ന ഉണ്ടമസൂരി (ബോധന) ക്ക് 50-52 രൂപയുമായി. 32 രൂപയുണ്ടായിരുന്ന പച്ചരിക്ക് 36-38 രൂപയായിട്ടുണ്ട്. മാര്‍ക്കറ്റുകളിലും അരിക്കടകളിലും അല്പം വിലക്കുറവുണ്ടെങ്കിലും ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂടുതലാണ്.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി ഇനത്തില്‍ 25 രൂപക്ക് 10 കിലോ അരി ലഭ്യമാണെങ്കിലും ഇത്തരം വിലക്കയറ്റമുള്ള സാഹചര്യങ്ങളില്‍ ജയ, കുറുവാ എന്നീ അരികള്‍ ലഭ്യമാകുന്നില്ല. മാത്രമല്ല, 10 കിലോ അരി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡുമായി മാസത്തില്‍ രണ്ടുതവണ പോകേണ്ട സ്ഥിതിയാണ്. മാര്‍ക്കറ്റുകളില്‍ കയറ്റിയിറക്കു കൂലിയും ലോറികളുടെ വാടകവര്‍ധനവും വിലക്കയറ്റത്തിന് കാരണമാകുന്നു. കേരളത്തിന് ആവശ്യമായ അരിയില്‍ ഭൂരിഭാഗവും എത്തുന്നത് ആന്ധ്രയില്‍നിന്നാണ്.
സബ്‌സിഡിയിനത്തില്‍ അരി നല്‍കുന്നതിനായി 4000 ടണ്‍ ജയ അരിയാണ് സപ്ലൈകോ വാങ്ങുന്നതെന്നതിനാല്‍ 25 രൂപക്കും കാര്‍ഡില്ലാതെ 38 രൂപക്കും അരി നല്‍കുന്നുണ്ടെങ്കിലും ജയ എന്ന പേരില്‍ വിപണിയില്‍ ലഭ്യമായ ആന്ധ്രാ അരിക്ക് നിലവില്‍ 50 രൂപയിലധികമാണ്. റേഷന്‍ കട വഴി നീല, പിങ്ക്, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതിനാല്‍ വിപണിയിലെ അരിക്ക് നല്ല ഡിമാന്റാണ്. റേഷന്‍ കടകള്‍ വഴി നല്‍കുന്ന മട്ട, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ വിപണിയില്‍ ഉയര്‍ന്ന വിലക്ക് നല്‍കുന്നവരുമുണ്ട്.
കേരളത്തിലെ അരി ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നും റേഷനരിക്കടത്തും സജീവമാണ്. ആന്ധ്രയിലെ ഗോദാവരിയില്‍ നിന്നുമാണ് കേരളത്തിലേക്ക് ധാരാളം ജയ അരിയെത്തുന്നത്. ഇതിനുപുറമെ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരിയെത്തുന്നുണ്ട്. സേലം, ട്രിച്ചി, ഉടുമല്‍പ്പേട്ട എന്നിവടങ്ങളിലെ റൈസ് മണ്ടി (അരി ഏജന്റ്) കളാണ് കേരളത്തിലേക്കുള്ള അരി കയറ്റുമതി നിയന്ത്രിക്കുന്നത്. അരിയുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: