9995444629
തുഞ്ചത്തെഴുത്തച്ഛനെ തൃക്കണ്ടിയൂരിലെ ബ്രാഹ്മണസമൂഹം ആട്ടി ഓടിച്ചുവെന്നും, വെട്ടത്തു നാട്ടിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നുമൊക്കെയുള്ള ചരിത്രം പുതിയതും ഭാവനയുമാണ്. ബ്രാഹ്മണരില്‍ ചില കുടുംബങ്ങള്‍ക്ക് എഴുത്തച്ഛനോട് ശത്രുതയുണ്ടായിരുന്നു. അത് വേദപഠനം നടത്തിയതുകൊണ്ടല്ല. എഴുത്തച്ഛന്റെ ബാല്യകാലത്തുണ്ടായ സംഭവങ്ങളാണ് അതിന്നാധാരം. തട്ടാറമ്പത്ത് ഇല്ലത്തേക്ക് അമ്മ ജോലിക്ക് പോകുമ്പോള്‍ എഴുത്തച്ഛന്‍ ബാലനേയും കൂടെകൂട്ടും. തട്ടാറമ്പത്ത് ഇല്ലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ബ്രാഹ്മണസമൂഹമാണ്. പട്ടന്മാരുടെ മഠം ഇന്നുമുണ്ട്. ഇല്ലത്തേക്ക് അമ്മയോടൊപ്പം വരുന്ന എഴുത്തച്ഛന്‍ എന്ന ബാലന്‍ മരം മറഞ്ഞിരുന്ന് ബ്രാഹ്മണസമൂഹ മഠത്തില്‍ ഓത്തുചൊല്ലുന്നതൊക്കെ കേട്ടു പഠിക്കുമായിരുന്നു. ഒരിക്കല്‍ മഠത്തില്‍ ഉണ്ണികള്‍ വന്നെങ്കിലും വാദ്ധ്യാരു വന്നില്ല. ഇതോടെ ഉണ്ണികള്‍ സ്വയമേവ ഉറക്കെ ഓത്തു ചൊല്ലാന്‍ തുടങ്ങി. മരംമറഞ്ഞ് കാതോര്‍ത്തിരുന്ന എഴുത്തച്ഛന്‍ ബാലന്‍ ഉണ്ണികള്‍ പിഴച്ച് ഓത്തു ചൊല്ലുന്നതായി മനസ്സിലാക്കി ‘കാട് കാട്’ എന്നു വിളിച്ചു പറഞ്ഞു. കാടുകയറി ചൊല്ലുന്നു എന്ന മട്ടിലായിരുന്നു എഴുത്തച്ഛന്‍ ബാലന്റെ പ്രതികരണം.
ഈ സംഭവം ഉണ്ണികളിലൂടെ മുതിര്‍ന്നവര്‍ അറിഞ്ഞത് ഏതാനും ബ്രാഹ്മണര്‍ക്കിടയില്‍ വലിയ ക്ഷോഭമുണ്ടാക്കി. മറ്റൊരു സംഭവം എഴുത്തച്ഛന്‍ ബാലന്‍ ‘ആല്‍വരെ എത്തിക്കോട്ടെ’ എന്നു പറഞ്ഞതാണ്. തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്റെ മുന്‍വശത്ത് രണ്ട് ആലുകളുണ്ടായിരുന്നു. അവയില്‍ ഒന്ന് ഇന്നുമുണ്ട്. ആലുകളുടെ ചില്ലകള്‍ കിഴക്കെ ചിറയിലേക്ക് തൂങ്ങി നില്‍ക്കും. ഇക്കാലത്തും അങ്ങനെത്തന്നെയാണ്. അതിനു താഴെ ബ്രാഹ്മണര്‍ ഗായത്രീമന്ത്രം ജപിച്ച് ജലാഞ്ജലി ചെയ്യും. വേഗം ജലാഞ്ജലി ചെയ്യുന്നത് കണ്ട് എഴുത്തച്ഛന്‍ ബാലന്‍ ‘ആല്‍വരെ എത്തിക്കോട്ടെ’ എന്നു വിളിച്ചു പറഞ്ഞു.
തങ്ങള്‍ ഊക്കുന്ന ജലം ആല്‍ച്ചില്ല വരെ എത്തട്ടെ എന്നു കളിയാക്കിയതാണെന്നാണ് ബ്രാഹ്മണര്‍ വിചാരിച്ചത്. ഗായത്രീ മന്ത്രത്തിന്റെ അവസാനം ‘… പ്രചോദയാദ്’ എന്നാണല്ലോ. മലയാളത്തില്‍ ‘… പ്രചോദയാല്‍’ എന്നും പറയും. ഗായത്രീമന്ത്രം പൂര്‍ണ്ണമായും ചൊല്ലിയ ശേഷം ജലാഞ്ജലി ചെയ്യാനാണ് എഴുത്തച്ഛന്‍ ബാലന്‍ പറഞ്ഞത്. തെറ്റിദ്ധരിച്ച ബ്രാഹ്മണര്‍, തങ്ങളെ അപമാനിക്കുന്ന ശൂദ്ര ബാലനെ മൂകനാക്കാന്‍ തീരുമാനിച്ചു. അവര്‍ മലരില്‍ മന്ത്രവാദം ചെയ്ത് എഴുത്തച്ഛനു ഭക്ഷിക്കാന്‍ അമ്മയുടെ പക്കല്‍ കൊടുത്തയച്ചു. മന്ത്രവാദം ചെയ്ത മലരാണെന്ന് അറിയാതെ അമ്മ മകന് മലരു കൊടുക്കുകയും, എഴുത്തച്ഛന്‍ ബാലന് സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണന് വര്‍ജ്യമായത് മകനു നല്‍കാന്‍ ചെറുമുക്കില്‍ നമ്പൂതിരി നിര്‍ദ്ദേശിക്കുകയും, അതനുസരിച്ച് കള്ളും മീന്‍ ചുട്ടതും അമ്മ മകനെ ഭക്ഷിപ്പിച്ചു. ഇതോടെ എഴുത്തച്ഛന്‍ ബാലന് സംസാരശേഷി തിരിച്ചു കിട്ടി.
തലമുറകളായി പകര്‍ന്നു നില്‍ക്കുന്ന വാമൊഴിചരിത്രം അംഗീകരിക്കാവുന്ന ഒരു വഴിപാട് തുഞ്ചന്‍ പറമ്പിലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. പഠിപ്പില്‍ മന്ദത വരുന്ന കുട്ടികള്‍ക്ക് മലര്‍ സമര്‍പ്പണവഴിപാടായിരുന്നു അത്. എം.ടി.വാസുദേവന്‍ നായര്‍ ചെയര്‍മാനായ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് നിലവില്‍ വന്നതോടെ ഈ വഴിപാടുള്‍പ്പെടെ എല്ലാ വഴിപാടു സമര്‍പ്പണവും തടഞ്ഞു. മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ അല്ലാതെ തൃക്കണ്ടിയൂരിലെ ബ്രാഹ്മണര്‍ക്ക് എഴുത്തച്ഛനോട് ഒരു വിരോധവും ഉണ്ടായതായി പറയാവുന്ന വാമൊഴി ചരിത്രം പോലുമില്ല.
ബ്രാഹ്മണസമൂഹത്തിലെ ഉന്നതനാണ് ആഴുവാഞ്ചേരി തമ്പ്രാക്കള്‍. നേത്ര നാരായണന്‍ എന്ന പേരും തമ്പ്രാക്കള്‍ക്കുണ്ട്. ‘നേത്രനാരായണന്‍ തന്നാജ്ഞയാവിരചിത’മാണ് ബ്രഹ്മാണ്ഡപുരാണമെന്ന് എഴുത്തച്ഛന്‍ ആ കൃതിയില്‍ വ്യക്തമായി പറയുന്നുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ തഞ്ചാവൂരില്‍ നിന്നും വേദ-വേദാന്താദികള്‍ ഹൃദിസ്തമാക്കി തിരിച്ചുവന്നിട്ടാണ് മലയാളത്തില്‍ കിളിപ്പാട്ടു രൂപത്തിലുള്ള രചനകളുടെ ആവിര്‍ഭാവം. ആഴുവാഞ്ചേരി തമ്പ്രാക്കളുടെ നിര്‍ദ്ദേശപ്രകാരം ബ്രഹ്മാണ്ഡപുരാണവും അമ്പലപ്പുഴരാജാവിന്റെ അപേക്ഷയനുസരിച്ച്, വെട്ടത്തു രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ധ്യാത്മരാമായണവും തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ചത് തുഞ്ചത്തെ പറമ്പില്‍ വെച്ചാണ്. ഇതില്‍ നിന്നെല്ലാം തഞ്ചാവൂരില്‍ നിന്നും എഴുത്തച്ഛന്‍ വെട്ടത്തു നാട്ടില്‍ തിരിച്ചുവന്ന് ആരുടേയും എതിര്‍പ്പില്ലാതെ ജീവിച്ചു വന്നിരുന്നുവെന്നതിനു വേറെ എന്തു തെളിവാണു നിരത്തേണ്ടത്?
എഴുത്തച്ഛന്റെ പേരും ഗുരുനാഥന്‍മാരും
തുഞ്ചത്തെഴുത്തച്ഛന്റെ പേര് എന്താണെന്ന് ഇനിയും വ്യക്തമല്ല. പലരും വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലായ’ കഥയ മ മ കഥയ മ മ’ യുടെ കര്‍ത്താവാണ് ഈ ലേഖകന്‍. അതില്‍ എഴുത്തച്ഛന്റെ പേര് ലക്ഷ്മണന്‍ എന്നാണ് കൊടുത്തിട്ടുള്ളത്. നോവലിനു വേണ്ടി മാത്രം പേരിട്ടതാണ്. പഴഞ്ഞാനത്ത് കൃഷ്ണന്‍ എന്നായിരുന്നു എഴുത്തച്ഛന്റെ പേരെന്ന് പുതിയ ചരിത്ര നിര്‍മ്മിതിയില്‍ പറയുന്നു. അതും ശരിയല്ല. അക്കാലത്ത് ശൂദ്ര പുരുഷന്‍മാര്‍ക്ക് അത്തരം പേരുകള്‍ ഉണ്ടായിരുന്നില്ലെന്ന് പതിനാറാം നൂറ്റാണ്ടിലെ പേരുകള്‍ പഠിച്ചാല്‍ വ്യക്തമാവും. ഇട്ടിരാരപ്പന്‍, രാമന്‍, കോമന്‍, ഇട്ടിയുണ്ണാമന്‍, ഇട്ടിപ്പൊറയന്‍, പറങ്ങോടന്‍ എന്നൊക്കെയായിരുന്നു പേരുകള്‍. കൃഷ്ണന്‍, ലക്ഷ്മണന്‍ തുടങ്ങിയ പേരുകളൊന്നും യഥാര്‍ത്ഥത്തില്‍എഴുത്തച്ഛന്റെതല്ല. തുഞ്ചത്തെഴുത്തച്ഛന്റെ പ്രഥമ ഗുരു രാമന്‍ എന്നു പേരുള്ള ജ്യേഷ്ഠനാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രഥമ പാഠങ്ങള്‍ അഗ്രജനായ രാമാചാര്യരില്‍ നിന്നുംഗ്രഹിച്ചു. ജ്യേഷ്ഠന്‍രാമനെഴുത്തച്ഛന്‍ ലഘുരാമായണം എന്ന ഒരു കൃതിയുടെ കര്‍ത്താവാണ്. അച്ഛനും എഴുത്തച്ഛന്റെ ഗുരുവാണെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. ‘അമ്പേണമെന്ന് മാനസി ശ്രീനീലകണ്ഠഗുരു’ വെന്ന വന്ദന വരികളിലെ നീലകണ്ഠന്‍ അച്ഛനായ ചെറുമുക്കില്‍ മനയിലെ നമ്പൂതിരിയാണെന്ന് കെ.പി.നാരായണ പിഷാരടി അടക്കമുള്ള പണ്ഡിതര്‍ നിരീക്ഷിക്കുന്നുണ്ട്. തൃക്കണ്ടിയൂര്‍ അച്യുതപിഷാരടിയും തഞ്ചാവൂരിലെ അധീനത്തിലെ അദ്ധ്യാപകരും എഴുത്തച്ഛന്റെ ഗുരുക്കന്‍മാരാണ്.തുഞ്ചത്തെഴുത്തച്ഛന്റെ ആദ്യ രചന ഹരിനാമകീര്‍ത്തനമാണ്. ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഇതെഴുതിയത്. അതിനു ശേഷമാണ് എഴുത്തച്ഛന്‍ വേദ- വേദാന്താദികള്‍ പഠിക്കാന്‍ തഞ്ചാവൂരിലേക്ക് പോയത്. കേരളത്തില്‍ അക്കാലത്ത് വേദം പഠിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല.
പുതിയ ചരിത്ര വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുന്നതും സത്യത്തിന്റെ കണിക പോലുമില്ലാത്തതുമാണ്. തുഞ്ചന്‍ പറമ്പിലെ എഴുത്തച്ഛന്‍ ബാലന് ഉപരിപഠനത്തിന് മാര്‍ഗ്ഗമില്ലാത്ത കാലം. പുറത്തൂര്‍ കടപ്പുറത്തെ പ്രമുഖ മത്സ്യവ്യാപാരിയായ ജലാലുദ്ദീന്‍ മൂപ്പന് സ്വപ്‌നത്തില്‍ പടച്ചവന്റെ അശരീരിയുണ്ടായി. തുഞ്ചന്‍ പറമ്പിലെ ദരിദ്ര ബാലനെ ഉപരിപഠനത്തിന് സഹായിക്കണം. ഈ അശരീരിയുടെ അടിസ്ഥാനത്തില്‍ തുഞ്ചത്തെഴുത്തച്ഛനെ തഞ്ചാവൂരിലേക്ക് ജലാലുദ്ദീന്‍ മൂപ്പന്റെ അനുയായികള്‍ പല്ലക്കിലാണ് കൊണ്ടുപോയത്. ഇടയ്‌ക്കെല്ലാം അമ്മയെ കാണാന്‍ എഴുത്തച്ഛന്‍ ബാലന്‍ ആഗ്രഹിക്കും. അപ്പോഴൊക്കെ ജലാലുദ്ദീന്‍ മൂപ്പന്റെ അനുയായികള്‍ കുട്ടിയെ തുഞ്ചന്‍ പറമ്പില്‍ കൊണ്ടുവന്ന് അമ്മയെ കാണിച്ച് തിരിച്ചു കൊണ്ടുപോകും. അന്ന് ജലാലുദ്ദീന്‍ മൂപ്പന്‍ അള്ളാഹുവിന്റെ അശരീരിക്ക് വശംവദനായി എഴുത്തച്ഛനെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയിരുന്നില്ലെങ്കില്‍ മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ എന്ന പണ്ഡിതന്‍ നമുക്ക് ഉണ്ടാവുമായിരുന്നില്ല എന്നതാണ് തെറ്റായി പ്രചരിപ്പിച്ചുവരുന്നത്.
പുറത്തൂര്‍ പടിഞ്ഞാറേക്കര കടപ്പുറത്ത് പതിനാറാം നൂറ്റാണ്ടില്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നത് മുക്കുവ സമുദായക്കാരാണ്. മലപ്പുറം ജില്ലയുടെ തീരമേഖലയില്‍ ഒരിടത്തുപോലും മുസ്ലിം വിഭാഗം ഉണ്ടായിരുന്നില്ല. വ്യാപാരികളായ അറബികള്‍ പോലും വെട്ടത്തു നാട്ടില്‍ വന്നിരുന്നതായി സഞ്ചാരികളുടെ കുറിപ്പുകളില്‍ കാണുകയില്ല. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വ്യാപകമായി മുക്കുവരേയും നായന്‍മാര്‍, നമ്പൂതിരിമാര്‍ തുടങ്ങിയവരെയും മതംമാറ്റി ഇസ്ലാംമതാവലംബികളാക്കി. അതിനു ശേഷമേ ഇവിടെ മുസ്ലിങ്ങള്‍ ഉണ്ടാവുന്നുള്ളൂ. എഴുത്തച്ഛന്റെ കാലവും ടിപ്പുവിന്റെ പടയോട്ടക്കാലവും വ്യത്യസ്തമാണ്. ജലാലുദ്ദീന്‍ മൂപ്പന്‍ എന്നൊരാള്‍ എഴുത്തച്ഛന്റെ രക്ഷിതാവായി വന്നുവെന്ന കള്ളച്ചരിത്രം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജലാലുദ്ദീന്‍ മൂപ്പന്റെ വീട്ടു പേരു പറയാത്തത് ശ്രദ്ധേയമാണ്. അപ്രകാരം ഒരു മൂപ്പന്‍ കുടുംബം ഉണ്ടായിരുന്നുവെങ്കില്‍ ആ സങ്കല്‍പ്പ കഥാപാത്രത്തിന്റെ പുതിയ തലമുറ ആ ചരിത്രം നെഞ്ചേറ്റി ഇന്നും ജീവിച്ചിരിപ്പുണ്ടാവണമല്ലോ.
ആമക്കാവില്‍ ഭജനവും എഴുത്തച്ഛന്റെ വിവാഹവും
തുഞ്ചന്‍ പറമ്പില്‍ ഒരു എഴുത്തുകളരിയുണ്ടായിരുന്നു. കളരിയില്‍ രണ്ട് ആശാന്‍മാരുണ്ടായി. ജ്യേഷ്ഠനെഴുത്താശാനും അനുജനെഴുത്താശാനും. എഴുത്താശാനെ എഴുത്തച്ഛനെന്നു വിളിച്ചു വന്നു. എഴുത്തച്ഛന്‍ ഒരു ജാതിപ്പേരാണെന്നും, മലയാള ഭാഷാപിതാവ് എഴുത്തച്ഛന്‍ എഴുത്തച്ഛന്‍ ജാതിയില്‍പ്പെട്ടയാളാണെന്നും ഒരു വാദമുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ഒരു ഗ്രന്ഥത്തിലും തുഞ്ചത്തെഴുത്തച്ഛന്‍ എഴുത്തച്ഛന്‍ ജാതിക്കാരനാണെന്നു പറഞ്ഞു കാണുന്നില്ല. വാമൊഴി ചരിത്രത്തിലുമില്ല. വന്നേരി ഗ്രന്ഥവരിയില്‍ വടക്കെ അന്ന കരയില്‍(തുഞ്ചന്‍ പറമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശം) എഴുത്തച്ഛന്‍ കുമരന്‍ തെങ്ങേറ്റിന് എടുത്ത ഒരു രേഖയുണ്ട്. തെങ്ങുകയറ്റത്തെയാണ് തെങ്ങേറ്റ് എന്നു പറയുന്നത്. തെങ്ങുകയറുന്നത് തിയ്യ സമുദായക്കാരാണ് എന്നതുകൂടി ഓര്‍ക്കണം. ഇവിടെ എഴുത്തച്ഛന്റെ ജാതി എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ഒരു പ്രസക്തിയുമില്ല. എഴുത്തച്ഛന്റെ ജ്യേഷ്ഠന്‍ പില്‍ക്കാലത്ത് ദേശാന്തരം പോയി. കളരി തുടര്‍ന്നു പരിപാലിച്ചുവന്നിരുന്നത് തുഞ്ചത്തെഴുത്തച്ഛനാണ്. അദ്ദേഹത്തിന് സൂര്യ നാരായണന്‍ എന്നു പേരുള്ള ഒരു ശിഷ്യന്‍ വന്നുചേരുകയും ചെയ്തു.
തുഞ്ചത്തെഴുത്തച്ഛന്‍ ശ്രീചക്ര ഉപാസകനും ശാക്തേയ സമ്പ്രദായക്കാരനുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മണ്ഡലം ഉപാസനക്കായി എഴുത്തച്ഛന്‍ ആമക്കാവ് ദേവീക്ഷേത്രത്തിലെത്തി. തുഞ്ചത്തെ കളരി സൂര്യനാരായണനെ ഏല്‍പ്പിച്ചിട്ടാണ് എഴുത്തച്ഛന്‍ ആമക്കാവിലേക്ക് പോകുന്നത്. പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തില്‍ പെരിങ്ങോട് എന്ന സ്ഥലത്താണ് 96 ദേശങ്ങളുടെ ദേവതയായ ആമക്കാവിലമ്മയുടെ ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തിന്റെ മുന്‍വശത്ത് പഴക്കം നിര്‍ണ്ണയിക്കാനാവാത്ത ഒരു എരിഞ്ഞി മരം ഇന്നുമുണ്ട്. അതിന്റെ ചുവട്ടിലാണ് തുഞ്ചത്തെഴുത്തച്ഛന്‍ ഒരു മണ്ഡലം ഭജനമിരുന്നത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നുകയറിയ സ്ത്രീ രത്‌നമാണ് ക്ഷേത്രത്തിനു സമീപത്തെ ‘ഇടപ്പാള്‍’ എന്ന നായര്‍ ഭവനത്തിലെ കന്യക. ഒരു മണ്ഡലത്തെ ഉപാസനപൂര്‍ത്തിയാക്കിയ എഴുത്തച്ഛന്‍ തുഞ്ചന്‍പറമ്പിലേക്ക് മടങ്ങാതെ ഇടപ്പാളെ വീട്ടിലെ കന്യകയെ പത്‌നിയാക്കി അവിടെ ജീവിച്ചുവന്നു. പത്‌നീ ഗൃഹത്തില്‍ വസിക്കുന്ന കാലത്താണ് ചിന്താരത്‌നം കിളിപ്പാട്ട്, വില്വാദ്രി മാഹാത്മ്യം, ഏകാദശിമഹാത്മ്യം എന്നിവയെഴുതിയത്. എഴുത്തച്ഛന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. കുട്ടിക്ക് ‘ചിരുതേവി’ എന്നു പേരുമിട്ടു. പത്‌നിയുടെ അകാല നിര്യാണത്തോടെ ഇടപ്പാളെ തറവാടു വീട് പൂട്ടി തൊഴുക്കാട്ട് നമ്പ്യാരുടെ പക്കല്‍ താക്കോലുമേല്‍പ്പിച്ച് എഴുത്തച്ഛന്‍ ചിരുതേവിയേയും കൂട്ടി തുഞ്ചത്തേക്ക് മടങ്ങി.
അടുത്തത്: രാമാനന്ദപുരവും തുഞ്ചന്‍ മഠവും
പ്രതികരിക്കാൻ ഇവിടെ എഴുതുക