വീട്ടുമുറ്റത്തോട് ചേര്‍ന്നുള്ള കൊയ്‌ത്തൊഴിഞ്ഞ വിശാലമായ പാടശേഖരം. സമയം വൈകുന്നേരം നാല് മണി. പാടത്ത് വിനീഷ്, സുനീഷ്, ബാബു, ഉണ്ണികൃഷ്ണന്‍, രജനീഷ്, വിനീഷ്, നിധീഷ്, ഷൈജു തുടങ്ങിയ ചെറുപ്പക്കാര്‍ റെഡി. അവരുടെ കയ്യില്‍ ഓലമടലില്‍ തയാറാക്കിയ ക്രിക്കറ്റ് ബാറ്റുകളുമുണ്ട്. ഇനി മിന്നുമണി കൂടെ എത്തണം. കൂട്ടത്തിലൊരാള്‍ നീട്ടി കൂകി വിളിച്ചു. മറുപടിയും ഉടനെയെത്തി. മിന്നുമണിയും തെങ്ങിന്റെ മടല്‍കൊണ്ട് ഉണ്ടാക്കിയ ബാറ്റും പ്ലാസ്റ്റിക്ക് ബോളുമായി പാടത്ത് എത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഈ പഴയ ആവേശമാണ് മിന്നുമണി എന്ന താരം രാജ്യ ശ്രദ്ധനേടിയത്.
ബംഗ്ലാദേശിനെതിരായ 2020 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളിയും വയനാട്ടുകാരിയുമായ മിന്നുമണിയും ടീമില്‍ ഇടം നേടി. ഒരു മലയാളി വനിത ആദ്യമായാണ് കേരളത്തില്‍ നിന്ന് ദേശീയ ടീമില്‍ ഇടം പിടിക്കുന്നത്. കഠിന പ്രയത്‌നവും നിശ്ചയദാര്‍ഢ്യവുമാണ് മിന്നുമണി എന്ന താരോദയത്തിന്റെ അടിസ്ഥാന യോഗ്യത. കൂട്ടത്തില്‍ ഒരു ഗോത്രജനതയുടെ കൂട്ടായ പ്രാര്‍ത്ഥനയും.
ദൈന്യതയിലെ ബാല്യം
ഒരു സാധാരണ വനവാസി കുറിച്ച്യ തറവാട്ടില്‍ കൂലിപ്പണിക്കാരനായ സി.കെ. മണിയുടെയും വീട്ടമ്മയായ വസന്തയുടെയും മൂത്തമകളായാണ് മിന്നുമണിയുടെ ജനനം. പട്ടിണിയും പരിവട്ടവുമായി നീണ്ട 24 വര്‍ഷങ്ങളിലൂടെയുള്ള മിന്നുവിന്റെ ജീവിതയാത്രയ്ക്ക് പറയാന്‍ കഥകളേറെ. പലപ്പോഴും വീട്ടില്‍ ഭക്ഷണത്തിന് വകയുണ്ടായിരുന്നില്ല, ചെറുപ്പകാലത്ത് പിതാവ് ചക്കയും ചക്കക്കുരുവും വരെ വിലകൊടുത്ത് വാങ്ങിക്കൊണ്ട് വന്നു. ഒരു സേര്‍ ചക്കക്കുരുവിന് 50 പൈസ ആയിരുന്നു അന്ന് വില. ഇത് വാങ്ങി ഭക്ഷിച്ചാണ് പലപ്പോഴും കുടുംബം വിശപ്പകറ്റി വന്നത്. വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് ഏക ആശ്രയം. മണിയുടെ മാതാവ് ശ്രീദേവി വിറക് ശേഖരിച്ച് മാര്‍ക്കറ്റില്‍ വിറ്റും മക്കളെ നോക്കി. ഓണത്തിന് വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ മാനന്തവാടിയില്‍ പോയി പൈസ തികയാത്തതിനാല്‍ കണ്ണീരണിഞ്ഞ അനുഭവവും മണിക്കുണ്ട്.
മിന്നുവും സഹോദരി മിനിതയും ഓണം ഉള്‍പ്പെടെയുള്ള പല വിശേഷ ദിവസങ്ങളിലും പുതുവസ്ത്രമണിയാറില്ല. അയല്‍പക്കത്തെ കുട്ടികള്‍ പുതുവസ്ത്രമണിഞ്ഞ് മേനി പറയുമ്പോള്‍ ഇവരുടെ കണ്ണുകള്‍ ഈറനണിയുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മിന്നു അച്ഛനോട് പരാതി പറഞ്ഞിട്ടില്ല. എന്തെങ്കിലും സാധനം വാങ്ങേണ്ടി വരുമ്പോള്‍ അച്ഛന്റെ കയ്യില്‍ പൈസ ഉണ്ടോ എന്ന് ആദ്യം ചോദിക്കും. പലപ്പോഴും ഉണ്ടാവാറില്ല. എന്നും മണി പറയുന്നു. നാല് വയസ് മുതല്‍ മിന്നു എടപ്പടി കലാക്ഷേത്രം അമ്മന്‍കുടം ടീമില്‍ അംഗമായിരുന്നു. അതിലൂടെ ലഭിച്ചിരുന്ന ചെറിയ വരുമാനവും കുടുംബത്തിന്റെ പട്ടിണി അകറ്റിയിരുന്നു.
എല്‍സമ്മ ടീച്ചറുടെ വിളി
വീടിനടുത്തുള്ള സെന്റ് മാര്‍ട്ടിന്‍ എല്‍പി സ്‌കൂളിലാണ് മിന്നു നാലാം ക്ലാസ് വരെ പഠിച്ചത്. അഞ്ച് മുതല്‍ എഴ് വരെ മാനന്തവാടി ഗവ. യുപി സ്‌കൂളില്‍. എട്ടാം തരം മാനന്തവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. ഒമ്പതും പത്തും തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍. പ്ലസ് വണ്‍ പ്ലസ്ടു ബത്തേരി സര്‍വജന ഹയര്‍ സെണ്ടറി സ്‌കൂളിലും. ഡിഗ്രി തിരുവനന്തപുരം വുമണ്‍സ് കോളജിലും. എട്ടാം ക്ലാസില്‍ മാനന്തവാടി ജിവിഎച്ച്എസില്‍ എത്തിയപ്പോഴാണ് കായികാധ്യാപികയായ എല്‍സമ്മ ടീച്ചറുടെ ക്രിക്കറ്റ് വിളി വന്നത്. ഫുട്‌ബോളിലും ത്രോബോളിലും അത്‌ലറ്റിക്‌സിലും മികവ് പുലര്‍ത്തിയ മിന്നുമണിയോട് ജില്ലയില്‍ ആദ്യമായി രൂപീകരിക്കുന്ന വനിതാ ക്രിക്കറ്റ് ടീമീല്‍ അംഗമാകാന്‍ ടീച്ചറാണ് ആവശ്യപ്പെട്ടത്. ത്രോ ബോളില്‍ സംസ്ഥാന ടീമില്‍ ഇതിനകം മിന്നു ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് കോച്ചായ ഷാനവാസാണ് മിന്നുമണിയിലെ യഥാര്‍ത്ഥ കളിക്കാരിയെ കണ്ടെത്തിയത്. എല്‍സമ്മ ടീച്ചറുടെ മകളും അന്നത്തെ സംസ്ഥാന വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന അനുമോള്‍ ബേബി വയനാട്ടുകാരിയായിട്ടും കണ്ണൂര്‍ ടീമിനും എറണാകുളം ടീമിനും വേണ്ടിയായിരുന്നു മത്സരിച്ചത്. ഈ കാരണത്താലാണ് വയനാടിന് ഒരു ടീം എന്ന ആവശ്യം പൊങ്ങി വന്നത്. അങ്ങനെ വയനാട്ടുകാര്‍ക്കും വനിതാ ക്രിക്കറ്റ് ടീമായി. അതിലൂടെ മിന്നുമണി ഇന്ന് ദേശീയ താരവുമായി.
പടിപടിയായുള്ള മുന്നേറ്റം
ഫുട്‌ബോള്‍, ത്രോബോള്‍, അത്‌ലറ്റിക്‌സ് എന്നിങ്ങനെയായിരുന്നു മിന്നുവിന്റെ തുടക്കം. മിന്നു മണിയിലെ കായികതാരത്തെ ആദ്യമായി തിരിച്ചറിഞ്ഞത് തിരുനെല്ലി അത്‌ലറ്റിക് അക്കാദമി കോച്ചായിരുന്ന ഗിരീഷ് മാഷായിരുന്നു. അന്ന് മിന്നു നാലാം ക്ലാസിലായിരുന്നു-സെന്റ് മാര്‍ട്ടിന്‍ സ്‌കൂളില്‍. അതേ സ്‌കൂളിലെ കായികാധ്യാപകനായിരുന്നു ഗിരീഷ്. 50 മീറ്റര്‍ 100 മീറ്ററില്‍ മാനന്തവാടി ഉപജില്ല സബ് ജൂനിയര്‍ വിഭാഗത്തില്‍ മിന്നു അന്ന് ഒന്നാം സ്ഥാനം നേടിയതായി ഗിരീഷ് ഓര്‍ത്തെടുക്കുന്നു
തിരുനെല്ലി അത്‌ലറ്റിക്ക് അക്കാദമിയുടെ ജേഴ്‌സിയണിഞ്ഞാണ് മിന്നു ആദ്യമായി പരിശീലത്തിന് എത്തിയതെന്ന് എല്‍സമ്മ ടീച്ചര്‍ പറയുന്നു. പിന്നീടങ്ങോട്ട് ഉയര്‍ച്ച മാത്രം. വയനാടിന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ ആദ്യകാലത്ത് വിജയിക്കാനായില്ലങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. പതിനാറാം വയസിലായിരുന്നു കേരളാ ടീമിലേക്കുള്ള മിന്നുവിന്റെ അരങ്ങേറ്റം. കഴിഞ്ഞ സീസണ്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനായി എട്ട് കളിയില്‍ 246 റണ്ണും 12 വിക്കറ്റും മിന്നു നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ എ, ബി ടീമുകളുടെ ഭാഗമായി. ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ 30 ലക്ഷം രൂപയ്‌ക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ എത്തിയ മിന്നുവിന് രണ്ട് കളിയില്‍ മാത്രമേ ഇറങ്ങാന്‍ സാധിച്ചുള്ളൂ. ഇടം കൈ ബാറ്റിങ്ങും, വലം കൈ സ്പിന്നിങ്ങുമായി ഓള്‍ റൗണ്ടര്‍ മികവാണ് മിന്നുവിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് തൊടുപുഴ കെസിഎ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ലഭിച്ചത്. പിന്നീട് തിരുവനന്തപുരം, വയനാട് കൃഷ്ണഗിരി എന്നിവിടങ്ങളില്‍ പരിശീലനം നേടി. മികവിലൂടെ സംസ്ഥാന ചലഞ്ചേഴ്‌സ് ട്രോഫിയില്‍ ഇന്ത്യന്‍ നീല ടീമിലെത്തി. പിന്നീട് സീനിയര്‍ ക്രിക്കറ്റില്‍ ദക്ഷിണ മേഖലയുമായി കളി. അങ്ങനെ ദേശീയ ടീമില്‍ അംഗമായി. ഇതിനിടെ നിരവധി പുരസ്‌കാരങ്ങള്‍ മിന്നുവിനെ തേടിയെത്തിയിട്ടുണ്ട്. കെസിഎയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആണ് ഇതില്‍ പ്രധാനം.
പരിമിതികളെ മറികടന്ന വിജയം
വണ്ടിക്കൂലിക്കുപോലും കാശില്ലാത്തപ്പോള്‍ ക്രിക്കറ്റ് സ്വപ്‌നവുമായി അലഞ്ഞ മിന്നുവിന്റെ മുന്നില്‍ ലോക ക്രിക്കറ്റിന്റെ വാതായനങ്ങള്‍ തുറന്ന കാഴ്‌ച്ചയാണ് നാം ഇന്ന് കാണുന്നത്. വനവാസി പ്രഥമ വനിത വാഴുന്ന നാട്ടില്‍ ഇനിയും അത്ഭുതങ്ങള്‍ക്ക് ഇടമുണ്ടെന്നാണ് വയനാട്ടുകാരുടെ വിശ്വാസം. പരമ്പരാഗത കുറിച്ച്യ തറവാട്ടില്‍ ജനിച്ച് പരിമതികളോട് പടവെട്ടിയാണ് മിന്നുവിന്റെ യാത്ര. ഭക്ഷണത്തിന് പണമില്ലാതെ വന്നപ്പോള്‍ വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ കൊണ്ടുപോയി പാകം ചെയ്ത് കഴിച്ചായിരുന്നു ക്രിക്കറ്റ് പരിശീലന കാലഘട്ടം കഴിഞ്ഞത്.
ആണ്‍കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് അവരെ വെല്ലുന്ന രീതിയിലുള്ള മിന്നുവിന്റെ ഉയര്‍ച്ച ഗോത്ര കുലത്തിനാകെ മാതൃകയാണ്. പെണ്‍കുട്ടികള്‍ക്ക് പുറത്തുപോകാന്‍ ഭൃഷ്ട് കല്‍പ്പിച്ചിരുന്ന കാലത്തെ ഗോത്രാചാരങ്ങള്‍ മറികടന്നാണ് മിന്നു ഈ നിലയില്‍ എത്തിയത്. അതിന് ആ നാട്ടിലെ ചെറുപ്പക്കാരോട് നാം കടപ്പെട്ടിരിക്കുന്നു. മാനന്തവാടിക്കടുത്ത് എടപ്പടി ചോയിമൂലയിലെ കൈപ്പാട്ട് മാവുങ്കണ്ടി വീട്ടിലാണ് മിന്നുവിന്റെ താമസം. സഹോദരി മിമിത മാനന്തവാടി ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പ്രവേശനം നേടിയിട്ടുണ്ട്. തറവാട്ട് സ്വത്ത് വീതിച്ചുകിട്ടിയ മുക്കാലേക്കര്‍ കൈവശ ഭൂമിയിലാണ് താമസം.ട്രൈബല്‍ വകുപ്പ് നല്‍കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഒരു കൊച്ച് വീട് നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട് പശുക്കളിലൂടെയുള്ള ക്ഷീര കര്‍ഷക വരുമാനമാണ് ഉപജീവന മാര്‍ഗം. ഒമ്പതിനാണ് 2020 മത്സരം ബംഗ്ലാദേശില്‍ നടക്കുന്നത്. അത് ടീവിയിലൂടെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിന്നുവിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: