തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിച്ച് അവര്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
3,16,772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വണ്‍ പ്രവേശനം നേടിയത്. ജൂലൈ 8 മുതല്‍ 12 വരെ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയും. ഇതിനു ശേഷമായിരിക്കും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ല എന്ന് പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കുക. എല്ലാ വിദ്യാര്‍ഥികളുടെയും ഉപരിപഠനം സാധ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചരിത്രത്തില്‍ ആദ്യമായി പ്ലസ് വണ്‍ അധ്യയനം വളരെ നേരത്തേ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നായിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്. ഇത്തവണ 50 ദിവസങ്ങള്‍ മുന്‍പ് ക്ലാസ് ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. നിലവില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഈ വര്‍ഷം കൂടി പ്രത്യേകമായി സെപ്റ്റംബര്‍ഒക്ടോബര്‍ മാസത്തില്‍ തന്നെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നേരത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്‌ക്ക് ഒപ്പം നടത്താനായിരുന്നു തീരുമാനം. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് രണ്ട് പരീക്ഷകളും എഴുതേണ്ടവര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുമെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
സ്‌കൂള്‍ ക്യാമ്പസിലെ മരങ്ങള്‍ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കില്‍ എത്രയും പെട്ടെന്ന് വെട്ടിമാറ്റണം എന്ന് മന്ത്രി നിര്‍ദേശിച്ചു. സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു മരങ്ങള്‍ മുറിച്ചു മാറ്റാതിരിക്കരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കാസര്‍കോട് മരം തലയില്‍ വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. നിരന്തര പരിശ്രമവും ഉത്സാഹവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് മന്ത്രി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍ ആര്‍, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സിന്ധു. ആര്‍.ഡി.ഡി സുധ കെ, പ്രിന്‍സിപ്പല്‍ വിനോദ് എം.എം, വാര്‍ഡ് കൗണ്‍സിലര്‍ എസ് വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: