ഡോ. കെ.മുരളീധരന്‍ നായര്‍
വീടിന്റെ കിഴക്കു ഭാഗവും വടക്കു ഭാഗവും പരിപൂര്‍ണമായി അടഞ്ഞു നിന്നാല്‍ എന്താണു സംഭവിക്കുന്നത്?
ഒരു വീടിനെ സംബന്ധിച്ച്, ഏറ്റവും കൂടുതല്‍ ഊര്‍ജപ്രവാഹം കടന്നു വരുന്ന ഭാഗം കിഴക്കും വടക്കുമാണ്. പ്രസ്തുത ദിക്കുകള്‍ രണ്ടും പരിപൂര്‍ണമായി, അടഞ്ഞു നിന്നാല്‍ സൂര്യകിരണങ്ങളും വായുവും വീട്ടിലേക്ക് കടന്നു വരാതെ, ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എന്നും ആരോഗ്യപരമായ പല അസ്വസ്തതകളും ഉടലെടുക്കും. ദുരിതപൂര്‍ണമായ അവസ്ഥ എല്ലാ അര്‍ഥത്തിലും ഉണ്ടാകുകയും ചെയ്യും.
വീട്ടിലേക്ക് കയറാന്‍ എത്ര പടികള്‍ വേണം?
വീട്ടിലേക്ക് കയറുന്നതിന് ഇരട്ടപ്പടികളാണ് വേണ്ടത്. അതുപോലെ സ്റ്റെയര്‍ കെയ്‌സിനും ഇരട്ടപ്പടികള്‍ തന്നെ വേണം. വീട്ടിലെ ഫില്ലറുകള്‍ എല്ലാം തന്നെ ഇരട്ട സംഖ്യയില്‍ വരുന്നതാണ് നല്ലത്.
വീടിന്റെ ഐശ്വര്യത്തിനു വേണ്ടിഏതെല്ലാം പൂജകളാണു ചെയ്യേണ്ടത്?
വീട്ടില്‍ വെളുപ്പിന് ഗണപതിഹോമം നടത്തുന്നത് നല്ലതാണ്. അതോടൊപ്പം ലക്ഷ്മീനാരായണ പൂജയും നടത്താവുന്നതാണ്. വൈകുന്നേരം സത്യനാരായണ പൂജ ചെയ്യുന്നത് വീടിന് സര്‍വഐശ്വര്യങ്ങളും ഉണ്ടാക്കും. ഈ പൂജ വൈഷ്ണവ പൂജയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിമാര്‍, വിഷ്ണുക്ഷേത്രത്തിലെയും ശ്രീകൃഷ്ണക്ഷേത്രത്തിലെയും മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍ എന്നിവരാണ് വിധിപ്രകാരം ഈ പൂജ ചെയ്യുന്നത്.
വാങ്ങിയ പുതിയ വീട്ടില്‍ തെക്ക്കിഴക്ക് മൂലയിലാണ് കിണര്‍ ഉള്ളത്. എന്നും അസുഖമാണ്. എന്താണ് പ്രതിവിധി?
റെഡിമെയ്ഡായി വാങ്ങുന്ന വീടുകള്‍ക്ക് പല രീതിയിലുള്ള വാസ്തു അപാകതകളും കാണുന്നുണ്ട്. ഇങ്ങനെയുള്ള വീടു വാങ്ങുമ്പോള്‍ വാസ്തുശാസ്ത്രം അറിയത്തക്ക ഒരു പണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തണം. തെക്കുകിഴക്കു ഭാഗത്തുള്ള കിണറിനു ചുറ്റും അഞ്ചടി പൊക്കത്തില്‍ ഒരു മതില്‍ കെട്ടി, വീട് കോമ്പൗണ്ടില്‍ നിന്ന് വേര്‍തിരിക്കുക.
അസ്ഥാനത്ത് കിണര്‍ വന്നാലുള്ള ദോഷങ്ങള്‍ എന്തെല്ലാം?
വീടിന്റെ എല്ലാവിധ ഐശ്വര്യവും നഷ്ടപ്പെടും. പെണ്‍കുട്ടികളുടെ വിവാഹത്തെ സാരമായി ബാധിക്കും. ഗൃഹനാഥന്റെ ഉയര്‍ച്ചയും സമ്പദ്ഘടനയും ആകമാനം തകരാറിലാക്കും. കടബാധ്യത ഏറും. വീട്ടിലുള്ളവര്‍ക്ക് എന്നും അസുഖമായിരിക്കും.
പഴയ തറവാട് പൊളിച്ചു മാറ്റിയ ശേഷം അവിടെ പുതിയ ഗൃഹം പണിയുന്നതിന് എന്തെല്ലാം ചെയ്യണം?
വിധിപ്രകാരം പഴയ നാലുകെട്ട് വിദഗ്ധനായ ഒരു തച്ചനെക്കൊണ്ട് പൊളിച്ചു മാറ്റിയ ശേഷം പ്രസ്തുത സ്ഥലം ഇടിച്ച് നിരപ്പാക്കി, നവധാന്യം വിതച്ച് അതു പൊടിച്ച് നാല്ക്കാലികളെ വിട്ട് തീറ്റിച്ച് ആറുമാസത്തിനു ശേഷം ഭൂമിപൂജ ചെയ്ത്, വിധിപ്രകാരം അവിടെ വീടു വയ്‌ക്കുന്നതില്‍ തെറ്റില്ല.
ബെഡ്‌റൂമിനേക്കാള്‍ വലിയ അടുക്കള വരുന്നതില്‍ തെറ്റുണ്ടോ?
സാധാരണ, ബെഡ്‌റൂമിനേക്കാള്‍ വലുപ്പത്തില്‍ അടുക്കള നിര്‍മ്മിക്കാറില്ല. ഇങ്ങനെയുള്ള വീടുകളില്‍ വരവിനേക്കാള്‍ ഇരട്ടി ചെലവുണ്ടാകും. ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്ന അടുക്കളയാണ് ഭാഗ്യദായകവും വൃത്തിയായി സൂക്ഷിക്കുവാന്‍ സാധിക്കുന്നതും. അടുക്കളയുടെ പടിഞ്ഞാറു ഭാഗത്ത് സ്റ്റോര്‍മുറി നല്ലതാണ്. അടുക്കള ദീര്‍ഘചതുരമാകുന്നതാണ് നല്ലത്. അടുക്കളയില്‍ പാചകം ചെയ്ത ആഹാരസാധനങ്ങള്‍ ഇന്നത്തെ മോഡേണ്‍ കിച്ചണില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല. അടുക്കളയില്‍ എത്രത്തോളം സൂര്യകിരണങ്ങള്‍ പതിക്കുന്നുവോ, അത്രത്തോളം അവിടുത്തെ സ്ത്രീകളുടെ ആരോഗ്യം നന്നായിരിക്കും.
വീട്ടില്‍, മരണമടഞ്ഞവരുടെ ഫോട്ടോ, എവിടെ വയ്‌ക്കുന്നതാണ് ഉത്തമം? പണ്ടത്തെ കുടുംബകാരണവര്‍, ജീവിച്ചിരിക്കുന്ന ഗുരുക്കന്മാര്‍ എന്നിവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ സ്ഥാപിക്കാമോ?
മരണമടഞ്ഞവരുടെ ഫോട്ടോകള്‍ വീട്ടിലെ തെക്കേ ചുമരില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പഴയ കാരണവരുടേതായാലും ജീവിച്ചിരിക്കുന്ന ഗുരുക്കന്മാരുടേതായാലും പൂജാമുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം വയ്‌ക്കുന്നത് ശരിയല്ല. പൂജാമുറിയില്‍ ശൈവം, വൈഷ്ണവം എന്ന രീതിയില്‍ ഇടകലര്‍ത്തി, ഫോട്ടോകള്‍ വയ്‌ക്കുന്നതില്‍ തെറ്റില്ല. മഹാഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‌കേണ്ടതാണ്. വീട്ടിലെ തടസ്സങ്ങള്‍ മാറ്റി കുടുംബം ഭംഗിയായി പോകുന്നതിന് വിഘ്‌നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. അതുപോലെ അമ്മ ഏതു രൂപത്തിലായിരുന്നാലും ഭാവത്തിലായിരുന്നാലും സര്‍വഐശ്വര്യവും ലഭിക്കുന്നതിന് അത്യാവശ്യമാണ്. കൂടാതെ ഗുരുവായൂരപ്പന്റെയും ശ്രീഅയ്യപ്പന്റെയും ചിത്രങ്ങള്‍ വയ്‌ക്കുന്നതും ഐശ്വര്യം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: