തിരുവനന്തപുരം : കല്ലമ്പലത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതിയുടെ തെളിവെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പ്രതികളെ വാഹനത്തില്‍ നിന്നും ഇറക്കാതെ തെളിവെടുപ്പ് നടത്തിയെന്നാണ് ആരോപണം ഉയരുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് പരാതി.
പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചെങ്കിലും വാഹനത്തില്‍ നിന്നിറക്കിയില്ല. ഇവരോട് വാഹനത്തില്‍വെച്ചുതന്നെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മടക്കിക്കൊണ്ടുപോവുകയായിരുന്നു. കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായെന്നാണ് കല്ലമ്പലം പോലീസ് പ്രതികരിച്ചത്.
അതിനിടെ ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടില്‍ എത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദൃക്‌സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജുവിന്റെ ബന്ധുക്കള്‍ കല്ലമ്പലം പോലീസിന് പരാതി നല്‍കി.
മകളുടെ വിവാഹത്തലേന്നാണ് രാജു(61) മണ്‍വെട്ടികൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മകള്‍ ശ്രീലക്ഷ്മി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെതുടര്‍ന്നുള്ള എതിര്‍പ്പാണ് കൊലപാതകത്തിലേക്ക് എത്തിയത്. സംഭവത്തില്‍ അയല്‍വാസി ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റവും സമ്മതിച്ചു.
വിവാഹത്തലേന്നുള്ള സത്കാരത്തിന് പിന്നാലെ പ്രതികള്‍ രാജുവിന്റെ വീട്ടിലെത്തി ബഹളം വെയ്‌ക്കുകയും മകള്‍ ശ്രീലക്ഷ്മിയെ ആക്രമിക്കാനും ശ്രമിച്ചു. ഇത് രാജു തടഞ്ഞതോടെ പ്രതികള്‍ ആക്രമിക്കുകയും മണ്‍വെട്ടികൊണ്ട് തലയ്‌ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ രാജു രക്തം വാര്‍ന്നാണ് മരിച്ചത്. രാജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും സംഘം പിന്നാലെ പോയി. രാജു മരിച്ചെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ മുങ്ങിയത്. തുടര്‍ന്ന് പോലീസാണ് പ്രതികളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: