Categories: Palakkad

തെങ്കര ആയുര്‍വേദ ആശുപത്രിക്ക് താലൂക്ക് പദവി നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു

ചീഫ് മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നാഷണല്‍ ആയുഷ് മിഷന്‍ അടക്കം നാല് ഡോക്ടര്‍ന്മാരും 23 മറ്റ് ജീവനക്കാരുമുള്ള ആശുപത്രിയാണ്. 30 കിടക്കകള്‍ നിലവിലുണ്ട്. വാത ചികിത്സക്കും, പഞ്ചകര്‍മ ചികിത്സക്കും ധാരാളം രോഗികള്‍ ഇവിടെയെത്താറുണ്ട്.

Published by

മണ്ണാര്‍ക്കാട്: നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായ തെങ്കര ആയുര്‍വേദ ആശുപത്രിക്ക് താലൂക്ക് ആയുര്‍വേദ ആശുപത്രി എന്ന പദവി നല്‍കണമെന്ന് ആവശ്യമുയരുന്നു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വരെ ഇക്കാര്യം പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. താലൂക്കിലെ 11 ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ റഫറല്‍ ആശുപത്രിയാണ് തെങ്കരയിലേത്.  

അട്ടപ്പാടി ഉള്‍പ്പെടെ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ എത്താറുള്ളത്. നിത്യവും ഒപിയില്‍ 250 മുതല്‍ 350 വരെ രോഗികളെത്താറുണ്ട്. മഴക്കാലങ്ങളില്‍ രോഗികളുടെ എണ്ണം ഇതിലും കൂടുതലാണ്. 1980-ലാണ് തെങ്കരയിലെ ആയുര്‍വേദ ആശുപത്രി മണലടിയില്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് 1996-ല്‍ സൗജന്യമായി ലഭിച്ച 75 സെന്റ് സ്ഥലത്തെ പുതിയ കെട്ടിടത്തിലാണ് ‘പി. കേലു നെടുങ്ങാടി സ്മാരക സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി’ പ്രവര്‍ത്തനം ആരംഭിച്ചത്.

ചീഫ് മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നാഷണല്‍ ആയുഷ് മിഷന്‍ അടക്കം നാല് ഡോക്ടര്‍ന്മാരും 23 മറ്റ് ജീവനക്കാരുമുള്ള ആശുപത്രിയാണ്. 30 കിടക്കകള്‍ നിലവിലുണ്ട്. വാത ചികിത്സക്കും, പഞ്ചകര്‍മ ചികിത്സക്കും ധാരാളം രോഗികള്‍ ഇവിടെയെത്താറുണ്ട്. 

അര്‍ശോ – ഭഗന്ദര ക്ലിനിക്കും, 60 വയസിനു മുകളിലുള്ളവര്‍ക്ക് കിടത്തിചികിത്സ, ഒരുമാസത്തെ മരുന്നും കൊടുക്കുന്ന പദ്ധതികളുണ്ട്. സ്‌നേഹധാര പദ്ധതി പ്രകാരം വീടുകളിലെത്തി കിടപ്പുരോഗികളെ സന്ദര്‍ശിച്ച് മരുന്ന് നല്‍കാറുണ്ട്. തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളിലെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സയും നടത്തി വരാറുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. ഷാജിയും, ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വര്‍ഷംതോറും 30 ലക്ഷം രൂപ വകയിരുത്താറുണ്ടെന്ന് തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലിയും ‘ജന്മഭൂമി’ യോട് പറഞ്ഞു.  

വര്‍ഷന്തോറും മരുന്നിനുള്ള ഫണ്ട് പഞ്ചായത്തുനിന്നും ലഭിക്കുന്നുണ്ട്. ആശുപത്രിയുടെ രണ്ടാം നിലയിലെ പുരുഷ വാര്‍ഡിലേക്ക് പോകുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. ഇതിന് റാമ്പ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.  

ആശുപത്രിയില്‍ കാന്റീന്‍ തുടങ്ങണമെന്നത് ഏറെക്കാലമായ ആവശ്യമാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതേറെ സൗകര്യപ്രദമായിരിക്കും. കാന്റീന്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്.  

താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ 2010ലും അതിനുശേഷവും പലതവണ സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിട്ട. ആയുര്‍വേദ ഡോ. എസ്. ഷിബു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കെട്ടിടങ്ങളും ഡോക്ടര്‍ന്മാരെയും നിയമിച്ച് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  

അട്ടപ്പാടി – മണ്ണാര്‍ക്കാട് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആയുര്‍വേദ ചികിത്സക്കായി ഇവിടെ എത്താറുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ പലരും മറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ആശുപത്രി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ മണ്ണാര്‍ക്കാടിന് ആയുര്‍നിധിയായി മാറുമെന്ന് നാട്ടുകാര്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by