Categories: Kerala

കാസര്‍കോട് മൊബൈല്‍ ടവറില്‍കയറി ആത്മഹത്യാഭീഷണി

കാസര്‍കോട്മൊ ബൈല്‍ ടവറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം അരമനയിലെ ഉണ്ണി എന്ന സജിന്‍ പാലസ് (34) ആണ് വൈകിട്ട് ആറരയോടെ കാസര്‍കോട് ബിവറേജിന് സമീപമുള്ള ജിയോ മൊബൈലിന്റെ ടവറില്‍ കയറിയത്. വീട്ടുകാര്‍ക്ക് തന്നെ വേണ്ടെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ഇയാള്‍ വിളിച്ചുപറഞ്ഞത്.

Published by

കാസര്‍കോട്: മൊബൈല്‍ ടവറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം അരമനയിലെ ഉണ്ണി എന്ന സജിന്‍ പാലസ് (34) ആണ് വൈകിട്ട് ആറരയോടെ കാസര്‍കോട് ബിവറേജിന് സമീപമുള്ള ജിയോ മൊബൈലിന്റെ ടവറില്‍ കയറിയത്. വീട്ടുകാര്‍ക്ക് തന്നെ വേണ്ടെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ഇയാള്‍ വിളിച്ചുപറഞ്ഞത്. 

വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത്കുമാറിന്റെയും കാസര്‍കോട് അഗ്‌നിരക്ഷാസേന അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ ടവറിനുചുറ്റും വലവിരിച്ച് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു. അതിനിടെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കാനായി ടവറില്‍ കയറിയപ്പോള്‍ ഇയാള്‍ മുകളിലേക്ക് കയറി ഭീഷണി മുഴക്കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ താഴെയിറങ്ങി. 

തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലര്‍ ബിവറേജില്‍നിന്നും വാങ്ങിയ മദ്യക്കുപ്പികള്‍ ഉയര്‍ത്തിക്കാട്ടി താഴെയിറങ്ങിയാല്‍ തരാമെന്ന് പറഞ്ഞതോടെ സജിന്‍ പകുതിയോളം ഇറങ്ങി നിലയുറപ്പിച്ചു. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ അനുരഞ്ജനത്തിനുശേഷം രാത്രി എട്ടോടെ ഇയാള്‍ താഴെയിറങ്ങി. പിന്നീട് പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ കറങ്ങിനടക്കുന്നയാളാണ് ഉണ്ണി. പലതവണ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തെ ഒരു വീട്ടിലെത്തി കുഴപ്പമുണ്ടാക്കിയ ഇയാളെ കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തിച്ചു.ഉച്ചയോടെ ബിരിയാണിയും കൊടുത്ത് ഇനി കുഴപ്പമുണ്ടാക്കരുതെന്ന് ഉപദേശിച്ച് വിട്ടയച്ചതാണ്. ഇതിനുശേഷമാണ് വൈകിട്ടോടെ ഇയാള്‍ ടവറില്‍ കയറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക