Categories: Kerala

ഇരുവൃക്കകളും തകരാറില്‍; കാര്‍ഗില്‍ ഓപ്പറേഷന്‍ വിജയില്‍ പോരാടിയ റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുമനസുകളുടെ സഹായം തേടുന്നു

ജീവിതത്തിന്റെ നീണ്ട 18 വര്‍ഷക്കാലം മാതൃരാജ്യത്തിനു വേണ്ടി വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ പട്ടാളക്കാരന്റെ ജീവിതത്തില്‍ കരിനിഴല്‍ പടരുന്നത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പ്രകടമായിരുന്നു.

Published by

പാലക്കാട്: ചീറിപ്പാഞ്ഞു വരുന്ന പോര്‍ വിമാനങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ സധൈര്യം പോരാടിയ ഈ മനുഷ്യന്റെ കാലുകള്‍ ഇപ്പോള്‍ ഇടറുകയാണ്… കണ്ണുകള്‍ നനയുന്നു… ഒന്നിനു പിറകെ ഒന്നായി രോഗങ്ങളും ദുരിതങ്ങളും കടബാധ്യതകളും തീര്‍ത്ത അഴിയാക്കുരുക്കില്‍ വലിഞ്ഞു മുറുകുകയാണ് പല്ലശന പഞ്ചായത്തിലെ ശശികുമാരനെന്ന റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍.

ജീവിതത്തിന്റെ നീണ്ട 18 വര്‍ഷക്കാലം മാതൃരാജ്യത്തിനു വേണ്ടി വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ പട്ടാളക്കാരന്റെ ജീവിതത്തില്‍ കരിനിഴല്‍ പടരുന്നത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പ്രകടമായിരുന്നു.

-->

എങ്കിലും സര്‍വീസില്‍ തുടരുമ്പോള്‍ സ്വന്തം ശരീരം ശ്രദ്ധിച്ചു വിശ്രമിക്കാന്‍ ഈ സ്വരാജ്യസ്‌നേഹിക്കു മനസുവന്നില്ല. 2006 ല്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം വിദഗ്ധ പരിശോധന നടത്തുമ്പോഴേക്കും ശശികുമാരന്റെ രോഗം മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു. ഇരുവൃക്കകളും തകരാറിലായ ഈ 52 കാരന്റെ ജീവന്‍ ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് നിലനിര്‍ത്തുന്നത്.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഇനി ഏക പോംവഴി. വൃക്കദാതാവ്, ശസ്ത്രക്രിയ, മറ്റ് ആശുപത്രി ചിലവ് ഉള്‍പ്പെടെ ഏകദേശം 40 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടി വരുമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ 7 വര്‍ഷത്തില്‍ കൂടുതലായി ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയിലും മറ്റുമായി ഡയാലിസിസ് അടക്കമുള്ള തുടര്‍ ചികിത്സകള്‍ മുടങ്ങാതെ തുടരുന്നതിനായി ഉള്ള സമ്പാദ്യങ്ങളെല്ലാം വിറ്റും കടം വാങ്ങിയും കഴിഞ്ഞുകൂടുന്ന ഈ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഇത്രയും ഭീമമായ സംഖ്യ കണ്ടെത്താനാവാതെ കനിവ് തേടി സന്മനസുള്ളവര്‍ക്കു മുന്നില്‍ കൈകള്‍ നീട്ടുകയാണ്.

ഇപ്പോള്‍ തങ്കം ഹോസ്പിറ്റലില്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടി വരുന്നു.   രക്തബന്ധമുള്ള വൃക്കദാതാവാണെങ്കില്‍ മാത്രമേ മിലിട്ടറി ഇസിഎച്ച്എസ് നിയമപ്രകാരം സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ക്ക് വ്യവസ്ഥയുള്ളൂ. എന്നാല്‍ രക്തബന്ധത്തില്‍ ദാതാവായി ആരുമില്ലാത്തത് ഈ മനുഷ്യനെ ഏറെ തളര്‍ത്തുന്നു.

ഭാര്യയും ഏക മകളും ബാംഗ്ലൂരിലുള്ള വാടക വീട്ടിലാണ് താമസം. ഡയാലിസിസ് അടക്കമുള്ള ചികിത്സ കള്‍ വീടിനടുത്തു ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ വടക്കഞ്ചേരിയില്‍ സഹോദരിക്കൊപ്പമാണ് ഇദ്ദേഹമിപ്പോള്‍ താമസിക്കുന്നത്. എ പോസിറ്റീവ് വൃക്കദാതാവിനെയും മറ്റു ചികിത്സാസഹായവും തേടുന്ന ശശികുമാരന് വൃക്കമാറ്റം അടക്കമുള്ള തുടര്‍ ചികിത്സകള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്താനാണ് തീരുമാനം.

സമ്പത്തും ആരോഗ്യവും നശിച്ചതോടെ എല്ലാവരില്‍ നിന്നും ഒറ്റപ്പെടേണ്ടിവന്ന ‘കാര്‍ഗില്‍ ഓപ്പറേഷന്‍ വിജയ്’ ബഹുമതി കിട്ടിയ ഈ രാജ്യസ്‌നേഹിയായ പട്ടാളക്കാരനെ പുതുജീവിതത്തിലേക്ക് കൈപി ടിച്ചുയര്‍ത്താന്‍ എക്‌സ് സര്‍വീസ് സൗഹൃദ കൂട്ടായ്മ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും സന്മനസുഉള്ളവരുടെ സഹായം കൂടി ഉണ്ടെങ്കിലേ ഭീമമായ ചികിത്സാ ചിലവ് താങ്ങാന്‍ പറ്റുകയുള്ളു.

ശശികുമാരന്‍. കെ.

പഞ്ചാബ് നാഷണല്‍ ബാങ്ക് (ബാംഗ്ലൂര്‍)

എസ്ബി അക്കൗണ്ട് നമ്പര്‍: 1268010400263670

Br. HAL VIMANAPURA

IFSC :PUNB0473000

ഗൂഗിള്‍ പേ: 9606210122.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക