പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനം മുന്‍കാല യാത്രകളില്‍ നിന്നും വ്യത്യസ്തമാണ്. ഒപ്പം ഈജിപ്തിലേക്കുള്ള ആദ്യയാത്രയും. അമേരിക്കന്‍ വിദേശ നയതന്ത്രത്തിന്റെ ഭാഗമായ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ക്ഷണം സ്വീകരിച്ചാണ് മോദിയെത്തിയത്. സ്റ്റേറ്റ്വിസിറ്റ് എന്നറിയപ്പെടുന്ന ഈ സന്ദര്‍ശനത്തില്‍ കരാറുകളും ഉടമ്പടികളും ഒപ്പുവെയ്ക്കുന്ന സാധാരണ യാത്രകളേക്കാള്‍ ആചാരപരമായ ചടങ്ങുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അമേരിക്കയുമായി ഏറ്റവും അടുപ്പമുള്ള രാജ്യങ്ങള്‍ക്കു നല്കുന്ന ഉയര്‍ന്ന നയതന്ത്ര സ്വീകരണമാണിത്. ബൈഡന് അധികാരത്തിലേറിയ ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും ദക്ഷിണ കൊറിയന്‍ ഭരണാധികാരി യൂണ് സുക ഇയോളും മാത്രമാണ് ഇതുവരെ സ്റ്റേറ്റ്വിസിറ്റിന് ക്ഷണിക്കപ്പെട്ടത്. അതായത്, ബൈഡന്റെ ഭരണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ്വിസിറ്റ് നടത്തുന്ന മൂന്നാമത്തെ ഭരണാധികാരിയാണ് നരേന്ദ്രമോദി. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ നിരന്തരം കൂടിക്കാഴ്ച നടത്തുന്ന ലോകത്തെ പ്രധാന നേതാവാണ് മോദി. ഒബാമയും, ട്രമ്പും ഇപ്പോള്‍ ബൈഡനുമായും മികച്ച ബന്ധം അദ്ദേഹം കാത്തു സൂക്ഷിക്കുന്നു.
വരുന്ന സെപ്തംബറിലും ജി-20യുടെ ഭാഗമായി ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ നിരന്തര സമ്പര്‍ക്കം ഉയര്‍ന്ന തലങ്ങളിലേക്ക് വളരുന്ന ഇന്ത്യ-യുഎസ് ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് മോദിയുടെ സന്ദര്‍ശനം ‘ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും അടുത്തതുമായ പങ്കാളിത്തവും, അമേരിക്കക്കാര്‍ക്കും ഇന്ത്യക്കാര്ക്കുമിടയിലുള്ള കുടുംബപരവും സൗഹൃദപരവുമായ ബന്ധത്തിന്റെ ഊഷ്മളതയും കൂടുതല്‍ ഉറപ്പിക്കുമെന്ന്’ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ‘ദല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ശക്തവും ആഴമേറിയതാണെന്നുമായിരുന്നു’യാത്രയ്ക്ക് മുന്‍പുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.
മോദിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനവുമുണ്ട്. സ്വതന്ത്രവും തുറന്നതും സമൃദ്ധവും സുരക്ഷിതവുമായ ഇന്‍ഡോ-പസഫിക്കിനായുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുവാന്‍ ഈ സന്ദര്‍ശനം വഴി വെയ്ക്കും. ഇന്‍ഡോ- പെസഫിക് മേഖലയിലെ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇത് ഉന്നം വെയ്ക്കുന്നതും. അമേരിക്കയും ഇന്ത്യയും ബെയ്ജിങ്ങില്‍ നിന്ന് നേരിടുന്നത് ഒരേ സുരക്ഷാ ഭീഷണിയാണെന്ന് അമേരിക്കയുടെ ഇന്‍ഡോ-പെസഫിക് കമാന്‍ഡര്‍ ജോണ്ക്രിസ്റ്റോഫര് അക്വിലിനോയും അടുത്തിടെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ ‘ക്വാഡ്’ അടക്കമുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നത് തീര്‍ച്ച. ഇവ കൂടാതെ പ്രതിരോധം, ഊര്‍ജം, ബഹിരാകാശം എന്നിവയുള്‍പ്പെടെ തന്ത്രപ്രധാനമായ മേഖലകളിലെ സാങ്കേതിക പങ്കാളിത്തം ഉയര്‍ത്താനുള്ള ശ്രമങ്ങളെയും സന്ദര്‍ശനം ശക്തിപ്പെടുത്തും. ഒപ്പം വിദ്യാഭ്യാസ-വിനിമയ രംഗവും ജനങ്ങളും തമ്മിലുള്ള ബന്ധവും കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള വഴികളും കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ ശക്തി വികസനം, ആരോഗ്യ സുരക്ഷ തുടങ്ങിയവയിലെ പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനവും ദൃഢമാകും.
അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും മോദിയുടെ സന്ദര്‍ശനത്തിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. അഞ്ചു മില്യനോളം ഇന്ത്യക്കാര്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലെയും ശക്തമായ വോട്ടിംഗ് സമൂഹമായി വളരുന്നു. 2016ല്‍ മാഡിസണ്‍ സ്ക്വയറില്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയും 2019ല്‍ ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ യില്‍ അന്‍പതിനായിരത്തോളം ഇന്ത്യക്കാരെയും പ്രധാനമന്ത്രി അഭിസംബോധ ചെയ്തിരുന്നു. ഇന്തോ-അമേരിക്കരില്‍ മോദിക്കുള്ള സ്വാധീനത്തിന്റെ വ്യാപ്തി അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളും മനസിലാക്കുന്നു. അതുകൊണ്ടാണ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ കെവിന് മക്കാര്‍ത്തിയും, സെനറ്റ് സ്പീക്കര്‍ ചാള്സ്ഷുമറും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുവാന്‍ മോദിയെ ക്ഷണിച്ചത്. കക്ഷിവ്യത്യാസം മറന്നുകൊണ്ട് ഇന്ത്യയെയും പ്രധാനമന്ത്രിയെയും തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന സന്ദേശമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് നല്‍കുന്നത്.
യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കോ ലോകത്തെ പ്രമുഖ വ്യക്തികള്‍ക്കോ മാത്രമാണ് ഈ അവസരം നല്‍കാറുള്ളത്. കൂടാതെ, ചരിത്രത്തില്‍ രണ്ടുതവണ യുഎസ് കോണ്‍ഗ്രസിനെ ആഭിസംബോധന ചെയ്യുന്ന ലോകത്തെ നാലാമത്തെ നേതാവായി മോദി മാറുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 2016 ലാണ് മോദി അവസാനമായി യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിച്ചത്. ചുരുക്കത്തില്‍ അമേരിക്കന്‍പ്രസിഡന്റ്, കോണ്‍ഗ്രസ്, ബിസിനസ് സമൂഹം, ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ട സന്ദര്‍ശനമാണ് മോദിയുടേത്.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഈജിപ്ഷ്യന്‍ സന്ദര്‍ശനമാണിത്. ബ്രിക്സ് കൂട്ടായ്മയില്‍ ഈജിപ്ത് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമാണ് അതിലെ പ്രധാനപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തങ്ങളുടെ രാജ്യത്തേയ്ക്ക് അവര്‍ ക്ഷണിക്കുന്നത്. ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുകയാണ് ഈജിപ്തിന്റെ ലക്ഷ്യം. 2023 വര്‍ഷത്തിലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ഫാത്തെ എല്‍-സിസി. ഈ വര്‍ഷം തന്നെ ഇരുവരുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഈ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 സമ്മേളനത്തിലും ഈജിപ്ത് പ്രത്യേക ക്ഷണിതാവാണ്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണത്തിന് ഊന്നല്‍ നല്‍കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗിന്റെ സന്ദര്‍ശന സമയത്ത് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രതിരോധ സാധനങ്ങള്‍ വാങ്ങുവാന്‍ ഈജിപ്ത് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ‘സൂയസ് കനാല്‍ പ്രത്യേക സാമ്പത്തിക മേഖല’ യില്‍ ഭൂമി അനുവദിക്കാന്‍ ഈജിപ്ത് നടപടികള്‍ ആരംഭിച്ചു. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഏറ്റവും പ്രധാന വ്യാപാര പാതയെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൂയസ് കനാല്‍ വളരെ പ്രാധാന്യമുള്ളതാണ്.
ഈജിപ്ഷ്യന്‍ അധികാരപരിധിയിലുള്ള സൂയസ് കനാല്‍ മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മാത്രമല്ല, ലോക വ്യാപാരത്തിന്റെ 12%നടക്കുന്നത് ഈ കനാലിലൂടെയാണ്. കൂടാതെ, ഈജിപ്ത് സ്ഥിതിചെയ്യുന്നത് ഗ്യാസ്, എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സമീപമാണ്. രാജ്യത്തിന് മെഡിറ്ററേനിയന്‍ കടലിലും വലിയ സ്വാധീനമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇന്ത്യയുടെ താല്പര്യങ്ങള് കൈവരിക്കുന്നതിന് ഈജിപ്തുമായുള്ള ബന്ധം വളരെ സഹായകരമാണ്. മാത്രവുമല്ല ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ് തുടങ്ങിയ മേഖലയിലേക്കുള്ള ഒരു കേന്ദ്രം എന്നനിലയില്‍ ഈജിപ്തിനെ ഉപയോഗപ്പെടുത്തുവാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഈജിപ്ത് തങ്ങളുടെ ഭക്ഷ്യാവശ്യത്തിന്റെ 90 ശതമാനവും റഷ്യയില്‍ നിന്നും ഉക്രെയ്നില് നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. യുദ്ധ പശ്ചാത്തലത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുവാന്‍ രാജ്യം പ്രേരിതമാവുന്നു. കോവിഡാനന്തര ഈജിപ്ഷ്യന്‍ സമ്പത്ത് വ്യവസ്ഥയും അത്ര മെച്ചപ്പെട്ടതല്ല. ഈ സാഹചര്യത്തില്‍ ഒരു പ്രധാന ഭക്ഷ്യ കയറ്റുമതി രാജ്യമായ ഇന്ത്യയില്‍ നിന്നും ഈജിപ്തിന് ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കും.
ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനും ഇരു രാജ്യങ്ങളും ധാരണയായിരുന്നു. നിലവില്‍ 3.5 യുഎസ് ബില്ല്യണ്‍ ഡോളര്‍ ഇന്ത്യ ഈജിപ്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ 7.26 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വ്യാപാരവുണ്ട്. ഇത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 12 ബില്ല്യണ്‍ യുഎസ് ഡോളറിന്റേതായി ഉയര്‍ത്തുവാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. മാത്രമല്ല, ചൈനയുമായി ഈജിപ്തിന് 15 ബില്ല്യണ്‍ യൂഎസ് ഡോളറിന്റെ വാര്‍ഷിക വ്യാപാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും ഈജിപ്തുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയും മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം.
ഇന്ത്യ ശക്തമായി സാന്നിധ്യം ഉറപ്പിക്കുന്ന രണ്ട് പ്രധാന മേഖലകളിലെ രണ്ട് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഇന്‍ഡോ-പെസഫികില്‍ പാശ്ചാത്യ ലോകത്തിന്റെ പ്രധാന പ്രതീക്ഷ ഇന്ത്യയാണ്. അവിടെ അമേരിക്കയ്ക്കൊപ്പം നിര്‍ണ്ണായക പങ്കാണ് ഇന്ത്യ വഹിക്കുന്നത്. ഒപ്പം പശ്ചിമേഷ്യയില്‍ വിവിധ കൂട്ടായ്മകളിലും ഇന്ത്യ ഭാഗമാണ്. കൂടാതെ ഇസ്രായേല്‍, ഇറാന്, സൗദി തുടങ്ങിയ ശക്തികളുമായും ബന്ധം നിലനിര്‍ത്തുന്നു. അവിടെയാണ് ഈജിപ്തെന്ന സൗഹൃദ രാഷ്ട്രത്തെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ചുരുക്കത്തില്‍, ഭാവി ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ബന്ധമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ പടുത്തുയര്‍ത്തുന്നത്.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: