കൊട്ടാരക്കര: കേരളത്തിന്റെ വിവിധ ജില്ലകളിലെ പൗരാണികവും ചരിത്രപരവുമായ സ്ഥലങ്ങളുടെ നാമവും ചരിത്രവും വായനക്കാരില്‍ എത്തിച്ച് ഓടനാവട്ടം സ്വദേശിയും ചരിത്ര ഗവേഷകനുമായ ഹരി കട്ടേല്‍. ഇതിനായുള്ള ഗവേഷണം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളുടെ സ്ഥലനാമ ചരിത്ര പുസ്തകം ഇതിനകം കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളുടേത് ഗവേഷണ വഴികളിലാണ്.
കേരള ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വായനയിലും പഠനങ്ങളിലുമാണ് ഹരിയുടെ ദിവസത്തിന്റെ ഭൂരിഭാഗവും കടന്നു പോകുന്നത്. കേരളചരിത്രം, ദക്ഷിണേന്ത്യാ ചരിത്രം, പ്രാചീന കേരളസംസ്കാരം എന്നിവ സംബന്ധിച്ച കൃതികളും മറ്റ് അടിസ്ഥാനരേഖകളും ശേഖരിച്ച് സൂക്ഷിക്കുകയും ആവര്‍ത്തിച്ചുള്ള വായനയിലൂടെ ഈ വിഷയങ്ങളില്‍ പുതിയ അറിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പ്രാചീന, മധ്യകാല കാവ്യങ്ങള്‍, ശാസനരേഖകളുടെ പകര്‍പ്പുകള്‍, പുരാതത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങള്‍ തുടങ്ങി കേരള ചരിത്ര-സാംസ്കാരിക പഠനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനരേഖകള്‍ ഏതാണ്ടെല്ലാം ഹരിയുടെ വായനാശേഖരത്തിലുണ്ട്.
പുസ്തകങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലുമുള്ള പത്രങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയുടെ ഭാഗമായുണ്ട്. ഇംഗ്ലീഷ് പത്രങ്ങളുടെയും വിവിധ മലയാളം പത്രങ്ങളുടെയും പഴയകാലത്തെ ഞായറാഴ്ച സപ്ലിമെന്റുകളുടെ വലിയൊരു ശേഖരം സൂക്ഷിക്കുന്നുണ്ട്. കൂടാതെ ഫലൈന്‍ അടക്കമുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെയും നിരവധി മലയാളം ആഴ്ചപ്പതിപ്പുകളുടെയും ബയന്റുചെയ്ത വാല്യങ്ങള്‍ ഹരി കട്ടേല്‍ തന്റെ വായനാശേഖരത്തിന്റെ അടയാളമായി ഇന്നും സൂക്ഷിക്കുന്നു. തീരാനദി, കാലച്ചുവട് എന്നീ തമിഴ് സാംസ്കാരിക മാസികകളും ശേഖരത്തിലുണ്ട്.
വിവിധ മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ ചരിത്രവിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളും ലേഖനപരമ്പരകളും എഴുതിയിട്ടുണ്ട്. വായന പലവിധത്തില്‍ മാനസിക പുഷ്ടിക്ക് ഉതകുന്ന ഔഷധമാണെന്നാണ് ഹരി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: