പി.എം. ജോഷി
ഇന്റര്‍നെറ്റ് സേവനം കേരള ജനതയുടെ മൗലിക അവകാശമാക്കിക്കൊണ്ടാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നാണ് കേരള സര്‍ക്കാര്‍ വാദം. പേരില്‍ പറയുന്നതുപോലെ കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്-ഒരു ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് തുടങ്ങാനാണ് കേരള സര്‍ക്കാര്‍ പദ്ധതി ഇട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പവര്‍ സിസ്റ്റം ഡെവലപ്പ്‌മെന്റ്ഫണ്ട് പദ്ധതി വഴി കെഎസ്ഇബിഎല്ലിന് അനുവദിക്കുന്ന തുകയും ഗ്രാമപ്രദേശങ്ങളിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിക്കമ്യൂണിക്കേഷന്‍ അനുവദിച്ച 85 കോടി രൂപയും ആയപ്പോള്‍, എന്നാല്‍ ഈ അവസരം ഉപയോഗിച്ച് ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല നെറ്റ്‌വര്‍ക്ക് ഉണ്ടാക്കി അത് ആവശ്യമുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കി നല്ലൊരു തുക വരുമാനം ഉണ്ടാക്കുന്ന പദ്ധതിയായി കെ ഫോണിന് രൂപം കൊടുത്തു. സംസ്ഥാനങ്ങളുടെ പ്രസാരണ ശൃംഖല പുതുക്കാനും ആധുനീകരിക്കാനും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ഊര്‍ജ മന്ത്രാലയം അംഗീകരിച്ചതാണ് പിഎസ്ഡിഎഫ് പദ്ധതി. നാഷണല്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ആണ് നോഡല്‍ ഏജന്‍സി. പദ്ധതിരേഖ തയ്യാറാക്കുന്നതും ഫണ്ട് നല്‍കുന്നതും പരിശോധന നടത്തുന്നതും ഇവരാണ്. ഈ സ്‌കീമിലാണ് കെഎസ്ഇബിഎല്‍, ഓപിജിഡബഌു വയര്‍ കേബിള്‍ വലിക്കാന്‍ പദ്ധതി തയ്യാറാക്കിയതും.
കെഎസ്ഇബിഎല്ലിന് 49 ശതമാനവും KSITILന് 49 ശതമാനവും കേരള സര്‍ക്കാരിന് രണ്ടു ശതമാനവും പങ്കാളിത്തമുള്ള ഒരു പൊതുമേഖല കമ്പനി രൂപികരിച്ചു. KSITIL ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ (ഡാര്‍ക്ക് ഫൈബര്‍) ലീസിന് നല്‍കാനും പിന്നീട് ഇന്റ്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ ഫൈബര്‍ റ്റു ഹോം വൈഫൈ ഹോട്ട് സ്‌പോട്ട് എന്നീ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമെടുത്തു. കെഎസ്ഇബിഎല്ലിന്റെ പവര്‍ ഗ്രിഡ് ലൈനുകളും ഹൈ ടെന്‍ഷന്‍ (HT) ലൈനുകളും, എല്‍റ്റി (LT) ലൈനുകളും വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഓവര്‍ ഹെഡ് വലിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. ഇതിനുള്ള ടെന്‍ഡര്‍ നടപടികളുമായി കെഎസ്ഇബിഎല്ലും കെഎസ്‌ഐറ്റിഐഎല്ലും മുന്നോട്ടു പോയി. ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കി. ആദ്യ ടെന്‍ഡര്‍ സിറ്റ്‌സ എന്ന കമ്പനിക്കാണ് ലഭിച്ചത്. റെയില്‍ടെല്‍ രണ്ടാമതും അക്ഷര എന്റര്‍പ്രൈസസ് മൂന്നാമതും എത്തി. ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതിനെതിരെ സിറ്റ്‌സ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എംഇ മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യം അനുസരിച്ചാണ് സിറ്റ്‌സയ്‌ക്ക് ടെന്‍ഡറില്‍ ഒന്നാം സ്ഥാനത്ത് എത്താനായത്. എന്നാല്‍ കേരള ഇലക്ടോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി മുന്‍കൈ എടുത്ത് ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ടെക്‌നിക്കല്‍ ബിഡില്‍ ഇല്ലാതിരുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഹൈക്കോടതിയില്‍ സിറ്റ്‌സ നല്‍കിയ കേസ് നിലനില്‍ക്കെ തന്നെ രണ്ടാമതു ടെന്‍ഡര്‍ വിളിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ KSEBLന്റെയും ഓപ്പറേഷന്‍KSITILഉം സിസ്റ്റം ഇന്റഗ്രേറ്ററായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും പ്രെസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് കണ്‍സള്‍ട്ടന്റും ആയി കണ്‍സോര്‍ഷ്യം നിലവില്‍ വന്നു. ആര്‍.കണ്‍വേര്‍ജ് എന്ന സോഫ്റ്റ്‌വെയറിന്റെ പ്രത്യേക സ്‌പെസിഫിക്കേഷന്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ പുതിയ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി. ഈ സ്‌പെസിഫിക്കേഷനുള്ള സോഫ്റ്റ്‌വെയര്‍ SRIT ക്കും അനുബന്ധ കമ്പനികള്‍ക്കുമാണുള്ളത്. ടെന്‍ഡര്‍ SRITക്ക് ലഭിക്കാന്‍ വേണ്ടി ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണിത്.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 584ല്‍ അധികം ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാക്കള്‍ ഉണ്ട്. ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ തുടങ്ങിയ വമ്പന്‍മാര്‍ ഉള്‍പ്പെടെ. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍. ഇവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് ആകര്‍ഷകമായ കുറഞ്ഞ നിരക്കിലാണ്. (ലോകത്തില്‍ ഇന്റര്‍നെറ്റ് ഡാറ്റാ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഒരു ജിബി ഡാറ്റ 17 രൂപക്ക് ഇന്‍ഡ്യയില്‍ ലഭിക്കുമ്പോള്‍ യുകെയില്‍ 65 രൂപ, ഓസ്‌ട്രേലിയ 77 രൂപ, സൗദി 125 രൂപ, ക്യൂബ 255 രൂപ, ജപ്പാന്‍ 317 രൂപ, യുഎഇ. 253.7 രൂപ, യുഎസ്സ്എ 463.3 രൂപ എന്നിങ്ങനെയാണ് നിരക്ക്. (അവലംബം ഗുഗില്‍). ഇന്ത്യയില്‍ നിലവിലുള്ള ഐസ്പികള്‍ക്കൊപ്പം കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് അവര്‍ക്കൊപ്പം ഒരു പ്രതിയോഗിയായി മത്സരിക്കാന്‍ കെ ഫോണിന് കഴിയില്ല.
കെ ഫോണ്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് എങ്ങനെ
കെ ഫോണിന് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍ (NOC) കാക്കനാട് ഇന്‍ഫോപാര്‍ക്കിലും ഡാറ്റ റിക്കവറി സെന്റര്‍ (DRC) തിരുവനന്തപുരത്തുമാണുള്ളത്. ഈ സെന്ററുകളിലേക്കുള്ള ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് ടയര്‍-1 ഇന്റര്‍നെറ്റ് ദാതാക്കളില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. ഇപ്പോള്‍ ഇത് ബിഎസ്സ്എന്‍എല്ലില്‍ നിന്നുമാണ് എടുത്തിരിക്കുന്നത്. 10 ജിബിപിഎസ് (20000 എംബിപിഎസ് ബാന്‍ഡ് വിഡ്ത്) ആണ് നിലവില്‍ എടുത്തിട്ടുള്ളത് .ഇതിന് പ്രതിവര്‍ഷം 15 കോടി രൂപയെങ്കിലും മാര്‍ക്കറ്റ് വില ഉണ്ട്. KSEB പോസ്റ്റുകള്‍ വഴി വലിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ 375 ഓളം പിഓപി (പോയന്റ് ഓഫ് പൊസിഷന്‍) കളിലേക്ക് കണക്റ്റിവിറ്റി എത്തുന്നു. എല്ലാ മാസവും നെറ്റ് ഉപയോഗത്തിനുള്ള ബില്ല് കെ ഫോണ്‍ നല്‍കും. കെ ഫോണുമായി എംഓയു ഉള്ള ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ആണ് ഉപഭോക്താവിന് സേവനം നല്‍കുന്നത്. ഇതില്‍ കേരള വിഷന്‍ പോലുള്ള കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ കണ്‍സോര്‍ഷ്യവും വരും.
മെയിന്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ KSEBLന്റെ പവര്‍ഗ്‌റിഡ് ലൈന്‍, എച്ച് റ്റി/എല്‍റ്റി ലൈയ്ന്‍ എന്നിവയിലൂടെയാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഈ ജോലി ഭാരത് ഇലക്ട്രോണിക്‌സ്ലിമിറ്റഡ് എന്ന സ്ഥാപനമാണ് പൂര്‍ത്തികരിച്ചത്. 30000 കിലോമീറ്റര്‍ കേബിള്‍ ഈ രീതിയില്‍ വരും. ഇതില്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള സര്‍വീസും വരും. ഉപഭോക്താക്കള്‍ക്കും സൗജന്യ ഉപഭോക്താക്കള്‍ക്കും ഉള്ള എഫ്റ്റിറ്റിഎച്ച് കണക്ഷന്‍ ആദ്യഘട്ടം 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 14000 ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാണ് നല്‍കുന്നത്. ഇതില്‍ ഉത്ഘാടന ദിവസം 17412 സര്‍ക്കാര്‍ കണക്ഷനും 2105 വ്യക്തിഗത കണക്ഷനും നല്‍കിയതായി അറിയുന്നു.
കെ ഫോണിനെ വിവാദത്തിലാക്കുന്ന വിഷയങ്ങള്‍
ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് ആദ്യ ഘട്ടത്തില്‍ തന്നെ വിവാദങ്ങളും ആരംഭിച്ചു. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സിറ്റ്‌സ എന്ന കമ്പനിയാണ് വന്നത്. എന്നാല്‍ കെഎസ്‌ഐറ്റിഐഎല്ലിന്റേയും കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ വകുപ്പ് സെക്രട്ടറിയുടെയും അനാവശ്യ ഇടപെടലുകളാണ് ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണം. രണ്ടാമത് ടെന്‍ഡര്‍ പ്രകാരം ബിഇഎല്‍ ആണ് സിസ്റ്റം ഇന്റഗ്രേറ്റര്‍ ആയി വന്നത്. കൊറിയന്‍ കമ്പനിയായ എല്‍എസ് കേബിള്‍ ആന്റ് സിസ്റ്റംസിനെയാണ് കേബിളും അനുബന്ധ ഉപകരണങ്ങളും നല്‍കാനുള്ള ജോലി ഏല്പിച്ചത്.
ഓവര്‍ ഹെഡ് കേബിള്‍ വലിച്ച ജോലിയില്‍ തന്നെ ആദ്യത്തെ അഴിമതി മണത്തു. കേരളത്തിലെ മറ്റ് ഐഎസ്പികള്‍ ചെലവാക്കുന്ന തുകയുടെ 3 ഉം 4 ഉം ഇരട്ടി തുകയ്‌ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (ഡിഓടി) കഌസ് ബി ലൈസന്‍സ് (കേരള ടെലികോം സര്‍ക്കിളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ) ആണ് 20 വര്‍ഷത്തേക്ക് കെ. ഫോണിന് നല്‍കിയിരിക്കുന്നത്. അതില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാന്‍ ഐഎസ്പി കള്‍ നിര്‍ബന്ധമായും ബാദ്ധ്യസ്ഥരാണ്.
ചില നിബന്ധനകള്‍
കെ ഫോണ്‍ പദ്ധതിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഡിസൈന്‍ ചെയ്തതും, ഉത്പാദിപ്പിച്ചതും, ടെസ്റ്റ് ചെയ്തതും ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയവയും ആയിരിക്കണം. കേബിള്‍/ഉപകരണങ്ങള്‍ ഇന്ത്യയില്‍ പരിശോധിക്കാന്‍ സംവിധാനം ഉണ്ടാവണം. (ടിഇസി അല്ലെങ്കില്‍ ഡിഓടി പരിശോധിക്കണം). 250 കി.മീറ്റര്‍ എങ്കിലും കേബിള്‍ വലിച്ച് പരിചയമുള്ള ഏജന്‍സിയെ മാത്രമേ ജോലി ഏല്പിക്കാവു. ഇന്ത്യന്‍ നിര്‍മ്മിത ഒഫ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മാത്രമേ ഉപയോഗിക്കാവു. എന്നാല്‍ എല്‍എസ്‌കേബിള്‍ ആന്റ് സിസ്റ്റംസ് കമ്പനി ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചു. ചൈനയില്‍ നിന്നും ഓപിജിഡബഌു കേബിള്‍ ഇറക്കുമതി ചെയ്തു. കെഎസ്‌ഐറ്റിഐ എല്ലിന്റെ മൗനാനുവാദത്തോടെ. ഇന്ത്യയില്‍ നിര്‍മ്മിക്കാത്ത ഇറക്കുമതി ചെയ്ത കേബിള്‍ മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതാണെന്ന് കാണിച്ച് ബിഇഎല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അതു പ്രകാരം കെഎസ്‌ഐറ്റിഐഎല്‍ കേബിള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കി. മാത്രമല്ല ഇന്ത്യന്‍ കേബിളിനേക്കാള്‍ ആറിരട്ടി വില നല്‍കിയാണ് കേബിള്‍ വാങ്ങിയതെന്ന് അറിയുന്നു.
ഫാക്ടറി അക്‌സപ്റ്റന്‍സ് ടെസ്റ്റോ (എഫ്എറ്റി) ടിഇസി ടെസ്റ്റുകളോ നടത്താതെ കേബിളുകള്‍ സ്ഥാപിച്ചു. കെഎസ്ഇബിഎല്‍ ഈ വിഷയത്തില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ഒരു എക്‌സ്‌പേര്‍ട്ട് കമ്മറ്റി ഉണ്ടാക്കിയെങ്കിലും അവരെയും അവഗണിച്ച് മുന്നോട്ടു പോകാന്‍ കെഎസ്‌ഐറ്റിഐഎല്‍ നിര്‍ദ്ദേശം നല്‍കി. ഓഡിറ്റര്‍ ജനറലിന്റെ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. കെഎസ്ഇബിഎല്‍ ചൈന കേബിളുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ‘ഹൈ റിസ്‌ക്’ ആണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം കേന്ദ്ര സര്‍ക്കാര്‍ ടെലികോം ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയമം മൂലം നിരോധിച്ചിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം എന്ന നിലയ്‌ക്കാണ് ഈ നടപടി. പക്ഷെ കേരളം ഈ നിയമങ്ങളെ കാറ്റില്‍ പറത്തി മുന്നോട്ടു പോയി. കേരള സര്‍ക്കാരിന്റെ ചൈന അനുകൂല പ്രസ്താവനകള്‍ ഇത്തരുണത്തില്‍ ഓര്‍ക്കണം! മാത്രമല്ല അടുത്തിടെ അമേരിക്ക പുറത്തുവിട്ട രേഖകള്‍ പ്രകാരം ചൈനയുടെ ചാര വിവര ശേഖരണ സെന്ററുകള്‍ ക്യൂബയില്‍ ഉണ്ട്. അങ്ങോട്ടാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഇതെല്ലാം കൂട്ടിവായിക്കേണ്ട വിഷങ്ങളാണ്.
(നാളെ: അഴിമതി നടത്താന്‍ മാര്‍ഗ്ഗങ്ങളേറെ)
(റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടിവും ഭാരതീയ ദൂര്‍സഞ്ചാര്‍ മസ്ദൂര്‍സംഘ് (ബിഎംഎസ്) സംസ്ഥാന അദ്ധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: