പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ (സ്വാശ്രയ ഇന്ത്യ) ദര്‍ശനം ഇന്നത്തെ ജമ്മു കശ്മീരില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, ഒരു സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ജമ്മു & കശ്മീരില്‍ കാര്യമായ പരിവര്‍ത്തനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഭരണസംവിധാനത്തിന്റെ സംരംഭങ്ങളും പിന്തുണയും യുവാക്കള്‍ക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തന്നെ തുറന്നുകൊടുത്തു. സംരംഭകത്വത്തിനും നൂതനാശയങ്ങള്‍ക്കും പ്രധാനമന്ത്രി നല്‍കിയ ഊന്നല്‍ യുവാക്കളെ അവരുടെ കഴിവുകളില്‍ വിശ്വസിക്കാനും സ്വന്തം സംരംഭങ്ങള്‍ സ്ഥാപിക്കാനും പ്രേരിപ്പിച്ചു. കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 മാറ്റിയതിനുശേഷം ഹിമാലയന്‍ മേഖലയില്‍ 500ലധികം സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ഈ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ച പ്രധാന വ്യവസായങ്ങളില്‍ ഇകൊമേഴ്‌സ്, ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി, ഭക്ഷ്യ വ്യവസായം, ടൂറിസം, കരകൗശലം എന്നിവ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പിന്തുണ നല്‍ക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗിന്റെ മൂന്നാം പതിപ്പില്‍ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലേയും വടക്കുകിഴക്കന്‍ മേഖലയെയും പിന്തള്ളി ജമ്മു & കശ്മീര്‍ ഒന്നാം സ്ഥാനം നേടി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സൈറ്റില്‍ നല്‍കിയിരിക്കുന്നത് പ്രകാരം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) ജമ്മു കശ്മീരില്‍ 544 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അംഗീകരം നല്‍കിയിട്ടുള്ളത്. അതില്‍ 186 എണ്ണവും സ്ത്രീകള്‍ നയിക്കുന്നവയാണ് എന്നതാണ് ശ്രദ്ധേയം.
ജമ്മു & കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ജെകെഇഡിഐ), കഴിഞ്ഞ മൂന്ന് വര്‍ഷമായി വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ നല്‍ക്കുന്ന ഒരു പ്രധാന സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സീഡ് ക്യാപിറ്റല്‍ ഫണ്ട് സ്‌കീമിന് (എസ്.സി.എഫ്.എസ്) കീഴില്‍, ജെകെഇഡിഐ യോഗ്യരായ യുവാക്കള്‍ക്ക് സംരംഭത്തിന്റെ തുടക്കത്തിനായി(സീഡ് മണി) 7.5 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. ഈ ഒറ്റത്തവണ ഗ്രാന്റ് സംരംഭകര്‍ക്ക് അവരുടെ ബിസിനസ്സ് പ്ലാനുകള്‍ മികച്ചതാക്കാന്‍ സഹായിക്കും. കമ്പനിയുടെ ശേഷിക്കുന്ന ചെലവുകള്‍ കുറഞ്ഞ പലിശയിലുള്ള ബാങ്ക് വായ്പായി നല്‍കുകയും ചെയ്യും.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സംരംഭമായ ‘പ്രോജക്റ്റ് ഹിമായത്ത്’ പ്രകാരം, വരുന്ന മൂന്നരവര്‍ഷത്തില്‍ ജെകെഇഡിഐ ജെ&കെയിലെ 10,000 യുവാക്കളെ സുസ്ഥിര ഉപജീവനത്തിനായി സംരംഭകത്വ നൈപുണ്യത്തോടെ പരിശീലിപ്പിക്കുകയും അവരില്‍ 50% പേര്‍ക്കെങ്കിലും സാമ്പത്തിക, പിന്തുണാ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും (എന്‍എംഡിഎഫ്‌സി) യൂത്ത് സ്റ്റാര്‍ട്ടപ്പ് ലോണ്‍ സ്‌കീമും (വൈഎസ്എല്‍എഫ്) സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം യുവാക്കളെ സുസ്ഥിരമായ സംരംഭങ്ങളും ജീവിതവും നയിക്കാനായി പ്രചോദനമായി. ജമ്മു കശ്മീരിലുടനീളമുള്ള ഇന്‍കുബേഷന്‍ സെന്ററുകളും സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങളും പ്രദാനം ചെയ്തു. കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3000 സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജെ&കെയിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ ജമ്മു കശ്മീരിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തില്‍ രാജ്യത്തിനു പുറത്തുള്ള നിക്ഷേപകര്‍ പോലും സന്തോഷം പ്രകടിപ്പിച്ചു. കൂടുതല്‍ നിക്ഷേപ അവസരങ്ങളിലേക്കും സഹകരണത്തിലേക്കും മാറുന്ന മേഖലയുടെ സാധ്യത ഇന്ന് നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമനസ്സിലാക്കി തന്നെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിനും സര്‍ക്കാര്‍ നിലവില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക സഹായം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ്സ് വളര്‍ത്തുന്നതിനും ആവശ്യമായ വിഭവങ്ങള്‍ സംഭാവന ചെയ്യുന്നതിനും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നത് ഈ കേന്ദ്രഭരണ പ്രദേശത്ത് ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിര്‍മ്മിക്കാന്‍ പിന്തുണച്ചു. ഇതിലൂടെ മേഖലയില്‍ യൂണിറ്റുകള്‍ വര്‍ധിക്കുന്നതിനായി നിര്‍ദ്ദേശങ്ങളുമായി നിക്ഷേപകരെ മുന്നോട്ട് വരാന്‍ ഇത് പ്രാപ്തരാക്കുന്നു.
2019വരെ ജമ്മു കശ്മീരിലെ യുവാക്കള്‍ ദിശയില്ലാത്ത പായ്വഞ്ഞിപോലെയാണ് പോയിരുന്നത്. ഇതിനു ഉദാഹരണമാണ് ഇടക്കിടെ പൊട്ടിപുറപ്പെട്ട കൂട്ടംകൂടിയുള്ള കല്ലെറികളും ആക്രമണങ്ങളും. കാരണം ഒന്നു മാത്രമായിരുന്നു, ഭരണകൂടങ്ങള്‍ ഇവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. അസ്ഥിരമായ രാഷ്‌ട്രീയ കാലവസ്ഥയും ഭീകരതയും ഇതിനുകാരണമായി. എന്നാല്‍ നിലവിലെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തിലെ ഭരണ സംവിധാനങ്ങളും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനും മികച്ച പിന്തുണയാണ് നല്‍ക്കുന്നത്. കശ്മീരിലെ ജനതക്കും മാതൃരാജ്യത്തിന്റെ ശോഭനമായ ഭാവി വിഭാവനം ചെയ്യുന്നതിന് സംരംഭകര്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ബോധം വളര്‍ത്തിയെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതില്‍ യുവാക്കളുടെ കഴിവ് തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ സംരംഭങ്ങളും നയങ്ങളും സ്വയം പര്യാപ്തമായ പുതിയ ഒരു ജമ്മു കാശ്മീരിനെ പ്രതിനിധാനം ചെയ്തു.
ജമ്മു കശ്മീരിലെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം, സര്‍ക്കാര്‍ പിന്തുണയാല്‍ മുന്നോട്ട് കൊണ്ടുപോകുന്നത് യുവാക്കള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തുറന്നുനല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, ജമ്മു കശ്മീരിലെ സമ്പദ്‌വ്യവസ്ഥയില്‍ യുവാക്കളുടെ പങ്കുവര്‍ധിച്ചിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, നവീകരണത്തിന് ഊര്‍ജം പകരുകയും പ്രാദേശിക പ്രതിഭകളെ വളര്‍ത്തുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
സ്വാശ്രയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് യുവാക്കളെ അവരുടെ ആശയങ്ങളുമായി മുന്നോട്ട് വരാനും അവയെ ലാഭകരമായ ബിസിനസ്സുകളാക്കി മാറ്റാനും പ്രോത്സാഹിപ്പിക്കുന്നതിന് വഴികാട്ടിയായി പ്രവര്‍ത്തിച്ചു. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പ്, യുവാക്കളുടെ ശാക്തീകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ജമ്മു കാശ്മീര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇതിന് ഒരു വഴിത്തിരിവായി. നവീകരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മേഖലയുടെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്നതിനുമുള്ള അവസരങ്ങള്‍ നല്‍കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം യുവാക്കളുടെ അപാരമായ സാധ്യതകള്‍ തുറന്നുകാട്ടി. ഒരു സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിലൂടെ, സ്റ്റാര്‍ട്ടപ്പുകള്‍ സ്വാതന്ത്ര്യത്തിന്റെ ഒരു മനോഭാവം വളര്‍ത്തിയെടുത്തു, വിജയത്തിലേക്കുള്ള അവരുടെ സ്വന്തം പാത സൃഷ്ടിക്കാന്‍ അവരുടെ സ്വന്തം കഴിവുകളില്‍ ആശ്രയിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
യുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും നല്‍കി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും ഇന്ന് അധികൃതര്‍ നല്‍കുന്നുണ്ട്. സംരംഭകത്വ കഴിവുകള്‍, ബിസിനസ് മാനേജ്‌മെന്റ് പരിജ്ഞാനം, സാങ്കേതിക വൈദഗ്ധ്യം എന്നിവ നല്‍കുന്നതിനായി ശില്‍പശാലകള്‍, സെമിനാറുകള്‍, ബൂട്ട് ക്യാമ്പുകള്‍ എന്നിവ സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ സംഘടിപ്പിച്ച് വരുകയാണ്. സംരംഭകത്വത്തിന്റെ വെല്ലുവിളികളെ മറികടക്കുന്നതിനും അവരുടെ വ്യവസായങ്ങള്‍ വിജയിക്കുന്നതിനും ആവശ്യമായ വൈദഗ്ധ്യം ഈ പരിപാടികള്‍ യുവാക്കളെ സജ്ജരാക്കി. ഈ സ്റ്റാര്‍ട്ടപ്പുകള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം പരമ്പരാഗത മേഖലകളില്‍ നൂതനത്വവും കാര്യക്ഷമതയും കൊണ്ടുവരികയും ചെയ്തു.
ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിച്ചും മൊത്തത്തിലുള്ള സന്ദര്‍ശക അനുഭവം വര്‍ധിപ്പിച്ചും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ടൂറിസം വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. സമാനമായി കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും അവതരിപ്പിച്ചു. ഇതിലൂടെ കര്‍ഷകര്‍ക്ക് ഉല്‍പ്പാദനക്ഷമതയും കൂടുതല്‍ ലാഭം ലഭിക്കാനും കാരണമായി. രാജ്യത്ത് സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കശ്മീരില്‍ മാത്രമല്ല ഇന്ത്യഒട്ടാകെ കഴിവുള്ള യുവാക്കളുടെ വിദേശ രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറക്കാനും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വിദഗ്ധരായ വ്യക്തികള്‍ക്ക് മികച്ച ജീവിതം തേടി സംസ്ഥാനം വിടേണ്ട അവസ്ഥായായിരുന്നു. എന്നാല്‍ മോദിസര്‍ക്കാരിനു കീഴില്‍ ഇന്ന് കശ്മീരിലെ യുവജനത ജന്മനാട്ടില്‍ മികച്ച ജീവിത നയിക്കുന്നു. അവര്‍ക്കായി രൂപകല്പന ചെയ്ത പദ്ധതികളുടെ മുഴുവന്‍ പ്രയോജനവും ഫലപ്രദമായി ഇന്നു ഉപയോഗിക്കപെടുന്നു. ഇന്ന് ‘പുതിയ ജമ്മു കശ്മീര്‍’ നിര്‍മ്മിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമായി യുവാക്കള്‍ മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: